പദ്യസാഹിത്യചരിത്രം. ഒന്നാമദ്ധ്യായം

പ്രാചീനകാലം

ആർമ്മതിചൂടുമീശനാനയായ് വേഷം പൂണ്ടാ-
നന്നുടനുമയാൾതാനുമന്നിളംപിടിയുമായി
ആദരാൽ വനം പുകന്തു ക്രീഡിച്ചു നടന്നകാലം
അമ്പൊടു പിറന്ന പിള്ളയഴകെഴും വിനായകൻതാൻ. (ശാസ്ത്രാങ്കപ്പാട്ട്)

ഒന്നാനാം കുന്നിന്മേൽ ഓരടിക്കുന്നിന്മേൽ
ഒന്നല്ലോ മങ്കമാർ പാല നട്ടു
പാലയ്ക്കില വന്നു പൂവന്നു കായ് വന്നു
പാലയ്ക്കു പാൽകൊടു പാർവ്വതിയേ
ഞാനല്ല പൈങ്കിളി, താമരപൈങ്കിളി
ഞാനിരുന്നാടുന്ന പൊന്നൂയൽക്കിളി
ചുണ്ടു കറുപ്പനും തൂവൽ ചുവപ്പനും
മഞ്ഞച്ചിറക്കിളി കൂടണഞ്ഞു. (ഊഞ്ഞാൽപ്പാട്ട്)

അരിയാണേ പിണിയരം വരിക – ഏ
അരിയാണേ പിണിയരം വരിക…
കണ്ണാടിക്കവിളിതിന്മേലും
തോലുഴിഞ്ഞു പിണിതീർന്നൊഴിക
കയൽനികരൊത്ത കണ്ണിണമേലും
തോലുഴിഞ്ഞു പിണിതീർന്നൊഴിക. (വേലൻ പാട്ട്)