പ്രാചീനഗദ്യകൃതികൾ-രണ്ടാംഭാഗം
തൊള്ളായിരത്തിമുപ്പത്തേഴാമാണ്ടു കർക്കടകമാസം 25-നു് പെരിമ്പടപ്പുസ്വരൂപത്തിൽ രോഹിണിനക്ഷത്രം’ വീരകേരളവർമ്മതിരുകോവിൽ അധികാരികൾ ശുചീന്ദ്രത്തു സ്ഥാണുമൂർത്തിയുടെ സന്നിധിയിൽ എഴുതിപിടിച്ച മൊഴിഓലയാവിത.
നാമും നമ്മുടെ അനന്തിരവരും തൃപ്പാപ്പുസ്വരൂപത്തിങ്കൽ കാർത്തിക നക്ഷത്രം പുറന്ന ശ്രീപത്മനാഭദാസബാലരാമവർമ്മകുലശേഖരപ്പെരുമാൾക്കു അങ്ങേ അനന്തിരവർക്കും വിപരീതമായിട്ടുള്ള കാര്യങ്ങൾ ഒന്നും ചെയ്യുകയുമില്ല. ചെയ്യിക്കയുമില്ല. അങ്ങേ ശത്രുക്കളായിട്ടുള്ള ജനങ്ങൾക്കു ഉള്ളും ചൊല്ലും കൊടുക്കയും ഓല ഉത്തരം എഴുതുകയും ചെയ്യുകയും ചെയ്യിക്കയും ഇല്ല എന്നു നിശ്ചയം. സ്ഥാണുമുർത്തിപാദത്താണു്. ഇമ്മൊഴിക്കു മൊഴിഓല എഴുതിയ പവ്വത്തിൽ അമ്പാടി കയ്യെഴുത്ത.”
കേരളോൽപത്തി : പരശുരാമൻ്റെ വൈഭവത്താൽ കേരളം ഉദ്ധരിച്ചതും വടക്കുനിന്നു ബ്രാഹ്മണരെക്കൊണ്ടുവന്നു താമസിപ്പിച്ചതും മറ്റുമായ പഴയ കഥകളാണു് പ്രസ്തുത കൃതികളിൽ അധികവും വിവരിച്ചുകാണുന്നതു്. “അസംബന്ധങ്ങളും പുനരുക്തികളും ധാരാളമുണ്ടെങ്കിലും ചില ചരിത്ര സംഗതികൾ ഇതിൽനിനു് എടുക്കുവാൻ ഉണ്ടാകുന്നതാണു്.” ഇത്തരം കൃതികൾ വളരെ പ്രാചീനമാണെന്നു പറയുവാൻ നിവൃത്തിയില്ല. കൊച്ചിയും കോഴിക്കോടും തമ്മിലുണ്ടായ പോരാട്ടങ്ങളും പോർട്ടുഗീസ്സുകാരുടെ ആഗമനവിവരങ്ങളും മറ്റും പലതിലും പ്രസ്താവിച്ചുകാണുന്നുണ്ടു്. അതിനാൽ പതിനാറാം നൂറ്റാണ്ടിലോ അതിൽ പിന്നീടോ ആയിരിക്കണം ഇവയുടെ നിർമ്മാണമെന്നു മിക്കവാറും ഊഹിക്കേണ്ടിയിരിക്കുന്നു. പ്രസ്തുത കൃതിയെ സംബന്ധിച്ചു 15-ാം അദ്ധ്യായത്തിൽ വിവരിക്കുന്നതാകയാൽ ഇവിടെ കൂടുതലായി ഒന്നും പ്രസ്താവിക്കുന്നില്ല. ഭാഷാസ്വരൂപം വ്യക്തമാക്കുവാൻ ഒരു ഭാഗം ഉദ്ധരിച്ചുകൊള്ളുന്നു:
“ശ്രീപരശുരാമൻ്റെ കാരുണ്യത്താൽ ദിവ്യനായി സർവ്വജ്ഞനായിരിപ്പൊരു ശങ്കരാചാര്യർ എന്നറികെ അതു ശങ്കരാചാര്യർ വിധിച്ചു കല്പിപ്പാനവകാശവും താൻ മുന്നം ഒരു ബ്രാഹ്മണസ്ത്രീക്കു അടുക്കളദോഷമുണ്ടായിട്ടു അവളെ വേറുതിരിച്ചു നിർത്തിയവാറെ അവൾ പെറ്റുണ്ടാ യിട്ടുള്ള ശങ്കരാചാര്യർക്കു വിജ്ഞാനം കൊണ്ടു വിദ്യകളേയും പഠിച്ചു മഹാദിവ്യനായിരിക്കുംകാലം അവൻ്റെ അമ്മ മരിച്ചാറെ ആ ഊഴത്തിൽ ബ്രാഹ്മണർ എത്തായ്കൊണ്ടു തന്റെ ഗൃഹത്തിങ്കൽ ഹോമകുണ്ഡം ചമച്ചു മേലെരികൂട്ടി ഹോമിച്ചു ദഹിപ്പിച്ചിരിക്കുന്നു.”
കേരളമാഹാത്മ്യം, കേരളപ്പഴമ ഇവ രണ്ടും 16, 17 ഈ നൂറ്റാണ്ടുകളിൽ ഉണ്ടായിട്ടുള്ള രണ്ടു പ്രാചീന കൃതികളാണു്. ആദ്യത്തേത് കേരളോൽപത്തി പോലെതന്നെ ബ്രാഹ്മണമാഹാത്മ്യത്തെ പ്രകീർത്തിക്കുന്നു. കേരളപ്പഴമ പോർട്ടുഗീസ്സുകാരുടെ ദിനചര്യക്കുറിപ്പുകളാണു്. കേരള ചരിത്രസംബന്ധമായി ചിലതെല്ലാം അതിൽനിന്നു ഗ്രഹിക്കുവാൻ കഴിയും. 15-ാമദ്ധ്യായം നോക്കുക.