പ്രാചീനഗദ്യകൃതികൾ-രണ്ടാംഭാഗം
ഭാഷാസ്വരൂപനിരൂപണം: മദ്ധ്യഘട്ടത്തിൽ — അതായത് 9-ാം നൂറ്റാണ്ടു മുതൽ 19-ാം നൂറ്റാണ്ടിനു മുമ്പുവരെ — ഭാഷയിൽ ഉത്ഭവിച്ചിട്ടുള്ള ഗദ്യകൃതികളുടെ ഒരു സാമാന്യസ്വരൂപം നാമിപ്പോൾ കണ്ടുകഴിഞ്ഞു. ചരിത്രം, ശാസ്ത്രം, സാഹിത്യം എന്നീ വിവിധവിഭാഗങ്ങളിലായി കൈരളീ ഗദ്യ പ്രസ്ഥാനം ആംഗ്ലേയ സാഹിത്യസമ്പർക്കത്തിനു മുമ്പുതന്നെ ആവിർഭവിച്ചുകഴിഞ്ഞിരുന്നുവെന്ന് ഇതുവരെ പ്രകാശിപ്പിച്ച ലക്ഷ്യങ്ങൾ വ്യക്തമാക്കുന്നു. അവയിൽ ഭാഷയുടെ സ്വകീയമായ രീതി, കത്തിടപാടുകളിലും കരാർകരണങ്ങളിലും ഗ്രന്ഥവരികളിലും മറ്റുമാണു് നിലകൊള്ളുന്നതു്. എന്നാൽ, അവയുടെ ഏറ്റവും പഴയരൂപം എങ്ങനെയായിരുന്നുവെന്നു ഗ്രഹിക്കുവാൻ നമുക്ക് ഇനിയും സാധിച്ചിട്ടില്ല. കോലെഴുത്തിലോ മറ്റോ ആയിരിക്കണം ഇത്തരം രേഖകൾ ആദ്യം എഴുതിയിരുന്നതു്. പിന്നീടവ ഓരോ കാലത്തായി പകർത്തിവന്നതോടുകൂടി ലിപിയിലെന്നപോലെ രീതിയിലും ചില മാറ്റങ്ങൾ വന്നിട്ടുണ്ടായിരിക്കണം. അത്തരത്തിലുള്ളവയാണ് നമുക്കിന്നു ലഭിച്ചിട്ടുള്ള ലക്ഷ്യങ്ങളിൽ മിക്കവയും. എന്നു വരികിലും കേരളഭാഷയുടെ വികാസപരിണാമങ്ങൾ ഏതാനുമൊക്കെ മനസ്സിലാക്കുവാൻ മേൽക്കാണിച്ച ലക്ഷ്യങ്ങൾ സാമാന്യം മതിയായ തെളിവുകൾ തന്നെയായിരിക്കും.
ബ്രഹ്മാണ്ഡ പുരാണം മുതലായ കൃതികളിലെ ഗദ്യങ്ങളിൽ ധാരാളം ദ്രാവിഡപദങ്ങളും, പുരുഷപ്രത്യയങ്ങളോടുകൂടിയ ക്രിയാപദങ്ങളും ഉള്ളതായി നാം കാണുന്നു. സംസ്കൃതാനുകരണം അവയിലെ ഗദ്യങ്ങളിൽ പ്രകടമായി പ്രകാശിക്കുന്നുണ്ടെങ്കിലും ഭാഷയുടെ സ്വകീയമായ രീതി കുറെയൊക്കെ അവയിൽ നിഴലിച്ചുവിളങ്ങുന്നതു കാണുവാൻ പ്രയാസമില്ല. ദ്രാവിഡപ്രഭാവമാണ് പ്രസ്തുതഗദ്യങ്ങളിൽ മിക്കവാറും നാം കാണുന്നതു. സംസ്കൃതപ്രഭാവത്തോടുകൂടി ഈ നിലയ്ക്കു വലുതായ വ്യതിയാനം വന്നുചേർന്നു സംസ്കൃതഗ്രന്ഥങ്ങളുമായുള്ള പരിചയവും, സംസ്കൃത ഭാഷാപണ്ഡിതന്മാരുമായുള്ള സമ്പർക്കവും, ആ ഭാഷയുടെ നേരെ അത്യധികമായി വന്നുകൂടിയ ആദരവും എല്ലാം ഒത്തുചേർന്നതിൻ്റെ ഫലമായി ഉത്ഭവിച്ചിട്ടുള്ളവയാണു്, പില്ക്കാലത്തെ പലതരം ഗദ്യപ്രബന്ധങ്ങൾ. ലീലാ തിലകം എന്ന മലയാളവ്യാകരണം, മലയാളഭാഷയിൽ എഴുതാതെ സംസ്കൃതത്തിൽത്തന്നെ എഴുതുവാൻ മുതിർന്നതിൽനിന്നു്, അക്കാലത്തെ ഗ്രന്ഥകാരന്മാർക്കുണ്ടായിരുന്ന സംസ്കൃതപക്ഷപാതം ഏറെക്കുറെ ഊഹിക്കാവുന്നതാണല്ലോ. മണിപ്രവാളഗദ്യം എന്നുതന്നെ പറയേണ്ടതായ പ്രബന്ധഗദ്യങ്ങളെ ഭാഷ എന്ന അർത്ഥത്തിൽ ‘തമിഴ്’ എന്നും, ഭാഷാ വ്യാഖ്യാനങ്ങളെ ‘തമിഴ്‌കുത്തു്’ എന്നും പറഞ്ഞുപോന്നു. “ഒററപ്പദങ്ങളും ദീർഘസമാസങ്ങളും അടിക്കടി സംസ്കൃതത്തിൽനിന്നും കടംവാങ്ങി വിഭക്തിരൂപംമാത്രം മലയാളവ്യാകരണമാക്കി ഒരു കാതംവഴി നീളത്തിൽ ഗദ്യങ്ങൾ എഴുതിക്കൂട്ടിയാലും അതു മണിപ്രവാളമാകയില്ല. ഇതിനു് ‘തമിഴ്’ എന്നുതന്നെ പേർ.* (കേരളപാണിനീയം, പേജ് 58)