പ്രാചീനഗദ്യകൃതികൾ-രണ്ടാംഭാഗം
ഉത്തരരാമായണം, ഭാഗവതം, ദൂതവാക്യം മുതലായി മുന്നദ്ധ്യായത്തിൽ പ്രസ്താവിച്ച കൃതികളെല്ലാം ഈ വർഗ്ഗത്തിൽപ്പെടുന്നവയാണു്. സംസ്കൃതപ്രഭാവകാലത്തെ ഈ ഗദ്യരീതി ഏറെക്കാലം നീണ്ടുനിന്നുവെങ്കിലും ഇന്നും ശ്രോതാക്കളെ ആനന്ദിപ്പിക്കുന്നതിനും, അവർക്കു ഭക്തിയും പുരാണകഥാപരിചയവും ഹിതോപദേശവും നല്കുന്നതിനായി പാഠകക്കാരും മറ്റും കഥാകഥനത്തിനു് ഉപയോഗിക്കുന്നുണ്ടെങ്കിലും, ഭാഷയുടെ നൈസർഗ്ഗികമായ രീതിയിൽനിന്ന് ഏറെക്കുറെ വിഭിന്നമായിട്ടാണു് അത്തരം ഗദ്യങ്ങൾ നിലകൊള്ളുന്നതു്.
പോർട്ടുഗീസ്സുകാർ തുടങ്ങിയ പാശ്ചാത്യരുടെ കേരളപ്രവേശനം. ഗദ്യപരിണാമക്രമത്തിൽ വേറൊരു വിധത്തിലുള്ള വ്യതിയാനവും വരുത്തിവച്ചു. വ്യാപാരാർത്ഥം കേരളത്തിൽ എത്തിച്ചേർന്ന അവർക്ക് ഇവിടത്തെ പരിതഃസ്ഥിതികൾ മതപ്രചാരണത്തിനുകൂടി പ്രചോദനമരുളി. അതിനാൽ അതിൻ്റെ സുഗമമായ സിദ്ധിക്കുള്ള ഉപകരണങ്ങളായി ചില വിദ്യാലയങ്ങളും അച്ചടിശാലകളും അവർ ഇവിടെ ഏർപ്പെടുത്തി. ലാറ്റിൻ, പോർട്ടുഗീസു് മുതലായ ഭാഷകളിൽനിന്നു് അദ്ധ്യാത്മവിജ്ഞാനഗ്രന്ഥങ്ങൾ പലതും ആദ്യം തർജ്ജമചെയ്യുവാൻ തുടങ്ങി. തുടർന്നു കേരളഭാഷയുടെ അഭിവൃദ്ധിക്കുതകുന്ന വ്യാകരണങ്ങൾ, നിഘണ്ടുക്കൾ. അലങ്കാരശാസ്ത്രങ്ങൾ തുടങ്ങിയവ നിർമ്മിക്കുന്ന വിഷയത്തിലും അവർ അതീവയത്നം ചെയ്തുവന്നു. ഈവക സംഗതികളെപ്പറ്റി 18-ാം അദ്ധ്യായത്തിൽ വിവരിക്കുന്നുണ്ട്. അതിനാൽ ഇവിടെ വിസ്തരിക്കുന്നില്ല. മേൽ സൂചിപ്പിച്ചപ്രകാരം അവർ ഇവിടെ ആരംഭിച്ച വിദ്യാഭ്യാസവും ഗ്രന്ഥനിർമ്മാണവും വഴിക്കു നൂതനമായ ഒരു ഗദ്യരീതിയും ഇവിടെ ആവിഷ്ക്കരിച്ചു. എന്നാൽ അവർ അന്നേർപ്പെടുത്തിയ ഗദ്യരീതി കേവലം അസുന്ദരവും ശിരോലാങ്കുലവും ആണെന്നുള്ള ആധുനികരുടെ ആക്ഷേപം കുറെയൊക്കെ സമ്മതിക്കാതെയും തരമില്ല. പക്ഷേ, പ്രസ്തുത ആക്ഷേപം, മുഴുവൻ ശരിയുമല്ല. അക്കാലത്തെ ഇതരഗദ്യകൃതികൾ ഏതെല്ലാമെന്നുതന്നെ നമുക്കു നിശ്ചയമില്ലല്ലോ. അവയെ മുൻനിർത്തി ആലോചിക്കുമ്പോൾ അക്കാലത്തെ ഗദ്യരീതിയാണു പ്രായേണ ഈ വൈദേശികർ അനുകരിച്ചിരുന്നതെന്നു അനുമിക്കുവാൻ അവകാശമുണ്ട്. മിഷ്യനറിമാരുടെ കൃതികളെ അനുകരിച്ചാണു് ‘റോമയാത്ര’ മുതലായ കൃതികൾ ഉണ്ടായിട്ടുള്ളതു്. അതിനാൽ രീതിയും മേല്പറഞ്ഞവയിൽനിന്നു് അധികം ഭിന്നമല്ലാതെവന്നതിൽ അത്ഭുതമില്ല.