പ്രാചീനഗദ്യകൃതികൾ-രണ്ടാംഭാഗം
“ഈശ്വരാനുഗ്രഹംകൊണ്ടു വഴുസി മുഷ്കരങ്ങളായിരിക്കുന്ന മരുതിന്റെ ഇടയിൽ അകപ്പെട്ടു. തന്റെ ജ്യേഷ്ഠൻ വളസം പറകയില്ല, മണ്ണു തിന്നല്ലോ ചൊല്ലി ഇവൾ പെറുന്ന എട്ടാംഗർഭം ചെറുക്കനാണല്ലോ ചൊല്ലി. അതു പെണ്ണായി ഇപ്പോൾ, എന്നാൽ ദൈവവും വളുസം പരയുന്നു, എന്നിങ്ങനെ ചെറിയവയറ്റിന്റെ പടവാർത്ത കേട്ടു ആർക്കും വിശ്വാസം വന്നീല. പിന്നെ ഭഗവാന്മാരാകട്ടെ പടവാർത്തയുടെ കൊള്ളയെല്ലാം പോയി മധുരമായി പറഞ്ഞാൽ ബ്രാഹ്മണൻ വേദംകൊണ്ടു യാപിക്കുന്നു. അപ്പോൾ നമ്മുടെ യാവനയാകുന്നതു പശുക്കളെ രക്ഷിക്ക, നിങ്ങൾ യമുനയുടെ മിട്ടൽമേൽ നില്ക്കുന്നു. കിഴേതും മിട്ടൽ എന്നു തോന്നും.” പരുവസിച്ചു (പരിഹസിച്ചു). സുഗമായി (സുഖമായി), സാമർത്ഥി (സമൃദ്ധി), ചികുസ്സ (ചികിത്സ), വാണിയം (വാണിജ്യം). ശോദ്യം (ചോദ്യം), വെഹുമാനം (ബഹുമാനം) എന്നിങ്ങനെ നമ്മുടെ പുരാണഗദ്യങ്ങളിൽ കാണുന്ന അപഭ്രംശങ്ങളുടെ ഒരു ലിസ്റ്റെടുക്കുകയാണെങ്കിൽ അതു ചെറുതൊന്നുമായിരിക്കുകയില്ല. അതിനാൽ സംസ്‌കാരത്തിന്റെ വ്യത്യാസമല്ല. ഇത്തരം അപർഷ്ടപ്രയോഗങ്ങൾക്കു കാരണമെന്നുള്ളതു സ്പഷ്ടമാകുന്നു. അന്നത്തെ സാമാന്യജനങ്ങളുടെ സംസാരഭാഷയെ എഴുത്തുകാർ ത്യാജ്യഗ്രാഹ്യവിവേചനം കൂടാതെ നിരങ്കുശമായി വരമൊഴിയിൽ പ്രയോഗിച്ചതുകൊണ്ട് ഈവിധമെല്ലാം വന്നുകൂടിയെന്നേ വിചാരിക്കുവാൻ ന്യായമുള്ളൂ. ഈ വസ്തുത മനസ്സിലാക്കാതെ — ഓരോ കാലത്തുണ്ടായിട്ടുള്ള കൃതികളെ താരതമ്യപ്പെടുത്തി വിചിന്തനം ചെയ്യാതെ — വർഗ്ഗീയമനോഭാവത്തോടുകൂടി അഭിപ്രായങ്ങൾ പുറപ്പെടുവിക്കുന്നതു് നമ്മുടെ അന്വേഷണശക്തിയുടെ ഉന്മേഷശൂന്യതയെ പ്രകാശിപ്പിക്കുന്നതിനു മാത്രമേ പ്രയോജനപ്പെടുകയുള്ളു.
ഇതിനുമുകളിൽ പ്രസ്താവിച്ചു വന്നതുപോലെ ഭിന്നഭിന്നങ്ങളും അനേകങ്ങളുമായ ഭാഷാരീതികളാണ് മദ്ധ്യഘട്ടത്തിലെ കൃതികളിൽ നാം കാണുന്നതെങ്കിലും അവയിൽ ഓരോന്നിലും നമുക്കു ധാരാളം അഭിമാനത്തിനു വകയുണ്ട്. ആധുനികകാലത്തുപോലും തെക്കരുടേയും വടക്കരുടേയും ഭാഷാപ്രയോഗങ്ങൾക്കു തമ്മിൽ പ്രകടമായ വ്യത്യാസം നാം കാണുന്നുണ്ടല്ലോ. ആ സ്ഥിതിക്ക് ഗദ്യസാഹിത്യത്തിൻറെ ശൈശവദശയിൽ സർവ്വാദരണീയമായ ഒരു ഭാഷാരീതി ഏർപ്പെടാതെ വന്നതിൽ അത്ഭുതപ്പെടുവാനൊന്നുമില്ല. വ്യാകരണവിരുദ്ധങ്ങളായ പ്രയോഗവൈകല്യങ്ങളും സന്ധിസമാസങ്ങളും മറ്റും അന്നത്തെ ഗദ്യത്തിൽ ഇന്നുള്ളവർ കണ്ടേക്കാം: എന്നു വരികിലും നമ്മുടെ അന്തർഗതങ്ങളെ വെളിപ്പെടുത്തുവാൻ ഭാഷയ്ക്കു പണ്ടുണ്ടായിരുന്ന ശക്തി, മദ്ധ്യയുഗത്തിലെ പ്രസ്തുത കൃതികളിൽ ഓരോന്നിലും പ്രസ്പഷ്ടമായി മറ്റൊരു ഭാഷയിലും ഇത്രയും വിപുലമായ തോതിൽ, ഈ കാലഘട്ടത്തിൽ, ഗദ്യഗ്രന്ഥങ്ങൾ ഉണ്ടായിട്ടില്ലെന്നുള്ള വസ്തുതകൂടി ഈ അവസരത്തിൽ ഓർക്കേണ്ടതാണു്. ബങ്കാളിയിൽ 1820 നോടടുത്തു മാത്രമാണു ഗദ്യകൃതികൾ ഉണ്ടായിട്ടുള്ളതെന്നറിയുന്നു. ഹിന്ദിയിലും അധികം വിദൂരമായ കാലത്തല്ലാ ഗദ്യകൃതികളുടെ ആവിർഭാവം. ആകയാൽ, ഈ വിഷയത്തിൽ കേരളീയരായ നമുക്കു കൂടുതൽ അഭിമാനത്തിനു് അവകാശമുണ്ടെന്നു പറയണ്ടതില്ലല്ലോ.