ഗദ്യസാഹിത്യചരിത്രം. മൂന്നാമദ്ധ്യായം

പ്രാചീനഗദ്യകൃതികൾ-രണ്ടാംഭാ​ഗം

കരണങ്ങൾ: വൈദ്യം. ജ്യോതിഷം, തന്ത്രസമുച്ചയം, തച്ചുശാസ്ത്രം. കൗടലീയം, മാതംഗലീല എന്നുതുടങ്ങിയ ശാസ്ത്രഗ്രന്ഥങ്ങൾക്കു തദാനീന്തനന്മാർ എഴുതിയിട്ടുള്ള ‘വ്യാഖ്യാന’ങ്ങൾ; കൊച്ചി, തിരുവിതാംകൂർ, ചിറയ്ക്കൽ, തലശ്ശേരി, കോഴിക്കോട്ട് എന്നീ കോവിലകങ്ങളിലേയും, തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രം തുടങ്ങിയ പുരാതനക്ഷേത്രങ്ങളിലേയും, ഇടപ്പള്ളി, ആലങ്ങാട്, വരാപ്പുഴ തുടങ്ങിയ പ്രാചീനദേവാലയങ്ങളിലേയും ‘ഗ്രന്ഥവരികൾ’; കേരളോൽപ്പത്തി, കേരളപ്പഴമ, ദത്തനുവദിച്ചിട്ടുള്ളതും ഉദ്യോഗസ്ഥന്മാരെ നിയമിച്ചിട്ടുള്ളതും മറ്റുമായ ‘തീട്ടൂരങ്ങൾ’; വസ്തുക്കളെ സംബന്ധിച്ചും കരാറുകളെ സംബന്ധിച്ചും ഉണ്ടായിട്ടുള്ള ‘കരണങ്ങൾ’; റസിഡണ്ടുമാർ, ​ഗവർണർമാർ, ‘കുമ്പിഞ്ഞിമാർ’, രാജാക്കന്മാർ എന്നിവർ പരസ്പരം നടത്തിയിട്ടുള്ള ‘എഴുത്തുകുത്തുകൾ’; രാജാകേശവദാസൻ, വേലുത്തമ്പിദളവ മുതലായവരുടെ ‘എഴുത്തുകുത്തുകൾ’ എന്നിങ്ങനെ ഈ മധ്യഘട്ടത്തിൽ ഉത്ഭവിച്ചിട്ടുള്ള ഗദ്യകൃതികളുടെ എണ്ണം വളരെ വളരെയാണു്. ഇവയിൽ മിക്കവയും നമുക്ക് അഭിമാനാർഹങ്ങളുമാണു്. സ്ഥാലീപുലാകന്യായേന ഏതാനും ചിലതു് എടുത്തുകാണിക്കാം. വസ്തുസംബന്ധമായ ഒരു കരണമാണു് താഴെ കുറിക്കുന്നതു്:

“നാലതിരകത്ത്” അകപ്പെട്ട പറമ്പും ഇതിൽ ഉൾപ്പെട്ട മേൽഫലവും കീഴ്ഫലവും കൽകർടു കാഞ്ഞിരക്കുറ്റിയും മുൾമുരടു മുർഖപ്പാമ്പും അതിരും വരമ്പും നുരിയും നുരിയിട്ടപഴുതും അറതറകിണറു് ആകാശം പായാളവും മാൻപെടും കാടും മീൻപെടും ചോലയും തേൻപെട്ടം മരവും ആൾപോകും വഴിയും നീർപോകും ചാലും ആറ്റുവേപ്പും വാറ്റാമരവും പുറ്റും നിധിയും നിക്ഷേപവും എർപ്പേർപ്പെട്ടതുംകൂടി അട്ടിപ്പേറായിതീർ മുതലായി നീര് ഒഴിച്ചുകണ്ടാർ.”