ഗദ്യസാഹിത്യചരിത്രം. മൂന്നാമദ്ധ്യായം

പ്രാചീനഗദ്യകൃതികൾ-രണ്ടാംഭാ​ഗം

കരണങ്ങളുടെ സ്വഭാവമനുസരിച്ചു ഭാഷാപ്രയോഗത്തിലും അല്പ വ്യത്യാസം വന്നുകൂടാറുണ്ടു്. “ജന്മികൾ ജന്മവസ്തുവിനു അട്ടിപ്പേറോ, പൊന്നിട്ട കാരാണ്മയോ കൊടുക്കുന്ന ആധാരങ്ങളിൽ വസ്തുക്കളും അതിലുള്ള മേലുഭയവും കീഴഭയവും, കല്ലുകരട്ട് കാഞ്ഞിരക്കുറ്റു, മുള്ളുമുരട് മൂർഖപ്പാമ്പും, ആൾപോകും വഴി, നീർപോകും ചാലു്, മാൻപെടും കാട്. തേൻപെടും ചോല, നീര്നിധി, കിണർ, ആകാശം, പാതാളം മുതലായതുകളും അട്ടിപ്പേറോ കാരാണ്മയോ കൊടുത്തപ്രകാരം കൂടി എഴുതിവരുന്നതായി ചില ആധാരങ്ങളിൽ കാണുന്നുണ്ടു്. ഇതിൻ്റെ താല്പര്യം ജന്മം ഒഴിഞ്ഞുകൊടുത്ത വസ്തുക്കൾക്കുമാത്രമല്ലാ, ആ വസ്തുക്കളെ സംബന്ധിച്ചുള്ള മേല്പറഞ്ഞ വകകളിന്മേലും ജന്മിക്കുള്ള അവകാശം ഒഴിഞ്ഞു കൊടുത്തു എന്നാകുന്നു… പൊന്നിട്ട കാരാണ്മ അല്ലാതെ ജന്മികൾ കൊടുക്കുന്ന നേർകാരാണ്മക്കൊ ആധാരങ്ങളിൽ കല്ലുകരട് മുതലായതിന്മേൽ ഉള്ള അവകാശം ഒഴിഞ്ഞകൊടുക്കുന്നനടപ്പില്ലാ.”(* The Land Tenures of Travancore, pp. 30, 31)

ഇങ്ങനെ ഭിന്നരീതിയിലുള്ള ഓലക്കരണങ്ങൾ കാണാമെങ്കിലും ഓരോന്നിൻ്റേയും ഭാഷാപ്രയോഗത്തിൽ ഒരു വ്യവസ്ഥ ഉള്ളതായി പലതിലും കാണാവുന്നതാണു്. സന്ധികളും ക്രിയാരൂപങ്ങളും, തമിഴിനെ അനുകരിച്ചാണു് മിക്കവാറും ഓലക്കരണങ്ങളിൽ പ്രയോഗിച്ചുകാണുന്നത്. നേരേമറിച്ചു്. ഏതൽക്കാലങ്ങളിൽത്തന്നെ ഉണ്ടായിട്ടുള്ള വിളംബരങ്ങൾ, തീട്ടൂരങ്ങൾ മുതലായവയിലെ ഭാഷയിൽ സംസ്കൃത‌പദങ്ങൾ യഥേഷ്ടം സ്വാതന്ത്ര്യം ചെലുത്തീട്ടുള്ളതായും കാണാം. ഇതിനുള്ള കാരണം കരണഭാഷ വളരെ മുമ്പെതന്നെ ക്ലിപ്തപ്പെടുത്തിപ്പോയിരുന്നതായിരിക്കണം. ഏതായാലും പഴയ ഓലക്കരണങ്ങളിൽ പ്രയോഗിച്ചിട്ടുള്ള പദങ്ങളുടെ ഭംഗിവിശേഷം ഭാഷാപ്രണയികളുടെ മനംകുളുർപ്പിക്കുന്ന ഒന്നത്രേ.

സംഘക്കളിക്കാരുടെ കുറിശ്ലോകത്തിൽ കാണുന്ന ഗദ്യവും ചേതസ്സമാകർഷകംതന്നെ. “അങ്കത്തട്ടി, അങ്കമാടിക്കരേറി, കടുത്തില ഇടകടഞ്ഞു, മുനകടഞ്ഞു്, മുനയിൽ കതിരവനേയും തെളിയിച്ചു നീട്ടുകിൽ നെഞ്ചു പിളർപ്പൻ, അടുക്കുകിൽ കളരിക്കുപുറത്തു പുറത്തെറിഞ്ഞമ്മനമാടുവൻ, അവൻ്റെ വലത്തെ തലപ്പാവിനൊന്നു വെട്ടിക്കണ്ടാൽ, വെട്ടിയ ഇരുമുറിയും പാലക്കാട്ടുശ്ശേരി ഇട്ടുണ്ണി രാമത്തരകൻ്റെ വെള്ളിക്കോൽക്കു തൂക്കികണ്ടാൽ, കുന്നിമഞ്ചാടി മാകാണിക്കു നീക്കത്തൂക്കമുണ്ടെങ്കിൽ, വെട്ടിയതു വെട്ടല്ല, കുത്തിയതു കുത്തല്ല, മലനാട്ടിൽനിന്നും തുളുനാട്ടിലേക്കു പോകുന്നോനല്ല, തുളുനാട്ടിൽനിന്നും മലനാട്ടിൽച്ചവിട്ടോനല്ല, വല്ല പട്ടാകുരുക്കളൊന്നും ചൊല്ലവേണ്ട.” ഈദൃശഭാഗങ്ങളിൽ സ്‌ഫുരിക്കുന്ന വീരരസവും രണോത്സാഹവും ആരെയും ഒന്നു ചൊടിപ്പിക്കുന്നതുതന്നെ. കൊച്ചി അപ്പൻ തമ്പുരാൻ പ്രസ്താവിച്ചിട്ടുള്ളതുപോലെ, നമ്മുടെ പഴയ ഈടുവയ്പ്പുകളിൽ ഇതുപോലെ സജീവങ്ങളായ പലതും കിടപ്പുണ്ടെന്നുള്ള കഥ നമുക്കു വിസ്മരിക്കാവുന്നതല്ല.