പ്രാചീനഗദ്യകൃതികൾ-രണ്ടാംഭാഗം
എഴുത്തുകുത്തുകൾ: പണ്ടത്തെ എഴുത്തുകുത്തുകളുടെ മാതൃകയാണു താഴെ കുറിക്കുന്നതു്:
“ഇപ്രകാരം വേലുത്തമ്പിയ്ക്ക് ഒന്നുരണ്ടു പ്രാവേശം വന്ന ആപത്തു കൾക്ക് ഒക്കെയും മക്കാളിസായ്പു വേണ്ടുന്ന സഹായങ്ങളും ചെയ്തു രാജ്യത്തിലേയ്ക്കും തിരുമനസ്സിലേയും രക്ഷക്കായിട്ടു വടക്കും കിഴക്കും നിന്നു് ഒന്നുരണ്ടു കമ്പനിപട്ടാളവും കൊല്ലത്തു വരുത്തി പാർപ്പിച്ചു. വേലുത്തമ്പിയും മക്കാളിസായ്പും തമ്മിൽ വളരെ വിശ്വാസമായിട്ടും അന്യോന്യമായിട്ടം 802-ാമാണ്ടുവരെ കഴികയും ചെയ്തു. പിന്നത്തതിൽ കപ്പംവകയിൽ ആണ്ടൊന്നുക്ക് എട്ടുലക്ഷം രൂപാ കൊടുപ്പാനുള്ളതിൽ ഏതാനും കുറവു വരുത്തിച്ചുകൊള്ളാമെന്നു വിചാരിച്ചു ഏറിയ രൂപാ മുടക്കംവരുത്തിയ സംഗതിയാൽ അവരു തമ്മിൽ കുറഞ്ഞൊന്നു വിപരീതങ്ങൾ തുടങ്ങി. രൂപക്കു ഞെരുക്കവും വർദ്ധിച്ചുവരുകകൊണ്ടു മുടക്കമുള്ള രൂപായും മേൽനടപ്പുള്ള രൂപയും കൊടുത്തു തീർപ്പാൻ കഴിയുന്നതല്ലല്ലോ. ഏതു വിധത്തിലും കൊല്ലത്തു പാർക്കുന്ന പട്ടാളത്തിനെ ഇവിടെനിന്നും മാറ്റുവാനുള്ള വഴി വിചാരിക്കണമെന്നു വേലുത്തമ്പിയും മുളകുമടിശ്ശീല പത്മനാഭപിള്ള മുതലായിട്ടുള്ള ആളുകളും കൂടി ആലോചനതുടങ്ങിയിരിക്കുന്ന അവസ്ഥ സേനാപതി സുബ്ബയ്യൻ അറിഞ്ഞു വേലുത്തമ്പിയുടെപേരിൽ ദൂഷ്യങ്ങളായി തിരുമനസ്സറിയിച്ചു എന്നു വേലുത്തമ്പി കേട്ടു. സുബ്ബയ്യനെ ആലപ്പുഴെ കൊണ്ടുവന്നു അപായം വരുത്തിച്ചു. വിഷംതീണ്ടി മരിച്ചു എന്നു പ്രസിദ്ധംവരുത്തുകയും ചെയ്തു.” *(രണ്ടു ചരിത്രരേഖകൾ-പരിഷത് ത്രൈമാസികം, 1108)
കത്തിടപാടുകൾ: 1663-ൽ ഡച്ചുകാർ പോർട്ടുഗീസുകാരെ തോല്ലിച്ചു കൊച്ചിക്കോട്ട കൈവശപ്പെടുത്തി. അന്നുമുതൽ ഡച്ചുകാരായിരുന്നു കൊച്ചിയുടെ ഭരണചക്രം തിരിക്കാൻ തുടങ്ങിയതു്. അക്കാലത്തു ഡച്ചുകമ്പനിക്കാരും കൊച്ചിരാജാക്കന്മാരുമായി ധാരാളം കത്തിടപാടുകൾ നടത്തിയിരുന്നു. മിക്കവയും മലയാളത്തിലുമായിരുന്നു. ദ്വിഭാഷികൾ വഴിക്കാണു് ഇതു സാധിച്ചിരുന്നതു്. പത്മനാഭമേനോൻ്റെ കൊച്ചിരാജ്യചരിത്രത്തിലും, ശക്തൻതമ്പുരാൻ്റെ ജീവചരിത്രത്തിലും, ഇവയുടെ മാതൃകകൾ ധാരാളം ഉദ്ധരിച്ചിട്ടുണ്ടു്. ഈവക എഴുത്തുകുത്തുകളും അന്നത്തെ മലയാളഗദ്യത്തിന്റെ സ്വഭാവത്തെ മിക്കവാറും വ്യക്തമാന്നവയാണു്.