പ്രാചീനഗദ്യകൃതികൾ-രണ്ടാംഭാഗം
തീട്ടൂരങ്ങൾ: കൊച്ചി മഹാജനത്തിനു് – സാരസ്വതബ്രാഹ്മണർക്ക് – പെരുമ്പടപ്പിൽ സ്വരൂപത്തിൽനിന്നും കൊല്ലം 823-ൽ ക്ഷേത്രസങ്കേതം കരമൊഴിവായി ചില പ്രത്യേകാവകാശങ്ങളോടുകൂടി കൊടുത്ത ഒരു തിട്ടൂരത്തിൻ്റെ പകർപ്പാണു് താഴെ ഉദ്ധരിക്കുന്നതു്:
അരുളിച്ചെയ്ത നമ്മുടെ മഹാജനത്തിന് – എന്നാൽ തങ്ങൽക്കു തീപ്പെട്ട അമ്മാവന്മാര് തിരുവുള്ളത്തിലേറിതന്ന തിട്ടൂരങ്ങളിൽ എഴുതിക്കിടക്കുംവണ്ണം തന്നെ തങ്ങളോടു എല്ലാവറ്റിനും ഇരുന്നേക്കുന്നും ഉണ്ടു. വിശേഷിച്ചു തങ്ങളുടെ മുക്കാലവട്ടം സങ്കേതം ആയി കല്പിക്കുന്നതിനു് അതിരുപടിഞ്ഞാറ് തെക്കുവടക്കുള്ള പെരുവഴിക്കുകിഴക്ക്. അതിരു വടക്ക് അനന്തക്കമ്മത്തിയിരിക്കുന്ന തോട്ടിനും തെക്ക്. ഈ നാലു അതിർത്തിക്കും അകത്തു നമ്മുടെ നായരും പിള്ളേരും ഒരുത്തരാലും അമരം ഉണ്ടാക്കുകയും ഇല്ല.’ *(സാരസ്വതൻ, 1101, പുസ്തകം 1, ലക്കം 1)
കൊച്ചിയിലെ ഡച്ചുഗവണ്ണർ വരാപ്പുഴെ ഒരു പള്ളി പണിയിച്ചു കൊള്ളുവാൻ അനുവാദം നൽകിയ തീട്ടൂരത്തിൻ്റെ (ചെപ്പേടു) പകർപ്പ് നോക്കുക.
“കൊച്ചിയിൽ കോട്ടക്കും അടങ്ങിയ കോട്ടപ്പടികൾക്കും കർത്തനായിരിക്കുന്ന കുമുദോർ എഴുത്തു എന്നാൽ പ്രേമത്തെസ്സു കർമ്മലീത്താ പാതിരിക്കു ബരാപ്പുഴ അലച്ചാന്ത്രിയുടെ വീട്ടിൻ്റെ ചേര ഉള്ള കുന്നുംപുറത്തു ഒരു പള്ളിവച്ചു കൊള്ളുമാറു തക്കവണ്ണം നാം സമ്മതിച്ചു ഈ സാധനവും തന്നു. എന്നാൽ ഈവണ്ണം കല്പിച്ചു എഴുതിയ മൈക്കനൊ വെമ്പരുമാസം 17-ാംനു് 1673-ാമതു കൊച്ചിയിൽ കോട്ടയിൽ എഴുത്തു് .
മേൽക്കാണിച്ച തീട്ടൂരങ്ങൾ രണ്ടും ഏകദേശം ഒരേ കാലഘട്ടത്തിൽ ഉണ്ടായിട്ടുള്ളവയാണ്. ഉയർന്ന ഒരു ഉദ്യോഗസ്ഥനെ നിയമിക്കുമ്പോൾ നൽകുന്ന തീട്ടൂരത്തിൻ്റെ മാതൃകയാണു താഴെ ചേക്കുന്നതു്. ഇതു മുകളിൽ കാണിച്ചിട്ടുള്ള രണ്ടു തിട്ടൂരങ്ങളേക്കാൾ ആധുനികവും ഭാഷാരീതിയിൽ ഉൽകൃഷ്ടവുമാകുന്നു.