പ്രാചീനഗദ്യകൃതികൾ-രണ്ടാംഭാഗം
“മാനത്തിലും മനസ്സാക്ഷിയിലും ദൃഷ്ടിവെച്ചു അന്യായംപ്രതി കാര്യങ്ങളിൽ പക്ഷമായിട്ടു വിചാരിക്കാതെ ധമ്മർശാസ്ത്രവും ഹുക്കുനാമവും പ്രകാരം വേണ്ടുംവണ്ണം താൽപര്യമായി വിചാരിച്ചുവെച്ചിരിക്കുന്ന ശമ്പളവും പാറ്റി കയ്ക്കുകൂലി സമ്മാനം മുതലായതു മോഹിക്കാതെയും സർക്കാരു മുതലെടുത്തു തകരാറുകൾ ചെയ്യാതെയും നേരുനീക്കങ്ങൾ വരാതെയും നടന്നുകൊള്ളുകയും വേണം.
കേരളചരിത്രം എന്നൊരു ഗദ്യഗ്രന്ഥത്തെപ്പറ്റി കൊച്ചിരാജ്യ ചരിത്രകർത്താവായ പത്മനാഭമേനോൻ പറയുകയും ചില ഭാഗങ്ങൾ ഉദ്ധരിക്കയും ചെയ്തിട്ടുണ്ടല്ലൊ. അതു സാമൂതിരിയുടെ വിക്രമങ്ങളേയും ആക്രമങ്ങളേയും സവിശേഷം പുകഴ്ത്തിയിട്ടുള്ള ഒരു കൃതിയാണു്. അതിൽനിന്ന് ഒരു ഭാഗം ഉദ്ധരിക്കാം:
ക്രി.അ.1657-നു മ-കൊ-833-ൽ മിധുന വ്യാഴം, തൈപ്പൂയത്തിന്നു ഈ സാമൂതിരിപ്പാടു തൃശ്ശിവപേരൂരായിരുന്നു എഴുന്നള്ളിത്താമസം – അന്നു ചൊവ്വല്ലയയായിരുന്നു. അതുകൊണ്ടും വെട്ടത്തു 5-ാം കൂറുകോവിൽ പെരുമ്പടപ്പിൽ മൂത്തകോവിൽ ആയി ദത്തുപൂക്ക പെട്ടത്തുനിന്നു മൂവർകോവിലന്മാരിൽ ഇരുവർ കോവിലന്മാരും അനന്തിരവരായി പുരുഷാരം കൂടി അടുക്കെ വന്നു കരുതലവാരിയത്തും പണ്ടാരത്തുവീട്ടിലും മുട്ടിച്ചിരിക്കകൊണ്ടും തൈപ്പൂയം മുട്ടിപ്പോയി. അവിടന്നു കുംഭഞായറ്റിൽ തീപ്പെട്ടു. പിന്നെ മാനവേദനായ സാമൂതിരിപ്പാട്ടൂന്നു തിരുനോമ്പാക കൊണ്ടും പടമുട്ടുകൊണ്ടും കർക്കടകവ്യാഴം മാമാങ്കം മുട്ടി.”