പ്രാചീനഗദ്യകൃതികൾ-രണ്ടാംഭാഗം
ഗ്രന്ഥവരികൾ: കൊല്ലവർഷം 584-ലെ (1409) വൈക്കം ക്ഷേത്ര ഗ്രന്ഥവരിയാണു് താഴെ ഉദ്ധരിക്കുന്നതു്:
“ആറ്റുങ്ങൽ ചെന്നു തൃപ്പാദസ്വരൂപത്തിങ്കലേയ്ക്കു വളരെ പ്രത്യേകമായും ഏറ്റവും കാര്യസ്ഥനായുമുള്ള മാമ്പിള്ളി പണ്ടാരത്തിലെ വരുത്തി ഈ ഊരായ്മക്കാർ നമ്പൂരിമാർ അപേക്ഷിച്ചിട്ടുള്ള കാര്യത്തെ പറഞ്ഞു. ഉടനെ വലിയകോയ്മസ്ഥാനവും സമുദായത്തിനു് ആൾ നിയമിക്കുന്ന അധികാരവും കൊടുക്കുന്നപക്ഷം മേൽക്കോയ്മസ്ഥാനത്തെ വഹിക്കയും സമുദായത്തിന്നുതക്ക യോഗ്യന്മാരായിട്ടുള്ള ആളുകളെ ആക്കി ദേവനേയും മര്യാദയും രക്ഷിക്കയും ചെയ്യാമെന്നു പണ്ടാരത്തീന്നു പറഞ്ഞു. എന്നതിൻ്റെ ശേഷം ആറ്റുങ്ങൽ വലിയ പന്തൽ തീർത്തു ആ പന്തലിൽവെച്ചു രാജാവും ഊരയ്മക്കാരുംകൂടി ഇരുന്നു വലിയ കോയ്മസ്ഥാനവും സമുദായത്തിന്നാളാക്കുന്ന അധികാരവും പണ്ടാരത്തിലേയ്ക്കു കൊടുത്തു. രാജാവിൻ്റെ ആളായിട്ടു പണ്ടാരത്തിലെ അവരോധിച്ചു. ഇതു 584-ാമതിലാകുന്നു.”
പുതുവയ്പ് 103-നു കൊ. 619-ക്രി. 1444 വൃശ്ചികഞായറ്റിൽ എളങ്കുന്നപ്പുഴ ഉത്സവം സംബന്ധിച്ച നടപടിയെഴുതിയ ചെമ്പേടിൽ നിന്നു-
“നമ്പൂരിപ്പാട്ടിന്നു (സമുദായവും പട്ടിണി നമ്പിയുമായിരുന്ന പള്ളി പുറത്തു നമ്പൂരിപ്പാട്) സങ്കേതത്തിൽ സ്വരൂപികൾ പിഴച്ചിട്ടുണ്ടെങ്കിൽ പിഴ ചെയ്യിച്ച കൊടിയേറ്റു അനുവദിച്ചു കല്പിച്ചു തേവാരിനമ്പൂരിയെക്കൂടി അയയ്ക്കയും വേണം.”