പ്രാചീനഗദ്യകൃതികൾ-രണ്ടാംഭാഗം
18-ാം നൂറ്റാണ്ടിൻ്റെ ഉത്തരാർദ്ധത്തിൽ ഉണ്ടായിട്ടുള്ള ഒരു ഗ്രന്ഥവരിയുടെ മാതൃകകൂടി ഇവിടെ പ്രദർശിപ്പിച്ചുകൊള്ളട്ടെ.
“931-ാമതിൽ നെടുവിരിപ്പിൽ സ്വരൂപം പെരുമ്പടപ്പുരാജ്യത്തു കടന്നുവന്നു, ആലുവായിലും വരാപ്പുഴയും, മഞ്ഞുമ്മലും, കോതാട്ടും, ചാത്തനാട്ടും കോട്ടകളുമിട്ടു രാജ്യം ഒതുക്കുകയും ചെയ്തു. കരപ്പുറം, കുരുനാട്ട്’, വാർകുറുമാല, കുന്നത്തുനാട്, തൃപ്പാപ്പിസ്വരൂപവും ഒതുക്കി. ഇങ്ങനെ ഇരിക്കയും ബന്ധുവായിരിക്കുന്ന കുമ്പഞ്ഞി ഒരു സഹായവും ചെയ്യാതെയും വന്നതിൻ്റെശേഷം വല്ലതെങ്കിലും തൃപ്പാപ്പിസ്വരൂപവുമായിട്ടു ചേരുക എന്നു നിശ്ചയിച്ചു പ്രയത്നം തുടങ്ങുകയും ചെയ്തു.’ *(കൊച്ചിരാജ്യചരിത്രം, 2-ാം പുസ്തകം, പേജ് 282)
ഹെൻഡ്രിക് അഡ്രിയാൻ ദെ വാൻറീഡ് 1673-ൽ കൊച്ചിക്കോട്ടയിൽ ഗവർണ്ണറായി. ആ ഘട്ടത്തിൽ പെരുമ്പടപ്പുസ്വരൂപവുമായി ഒരു നിശ്ചയം ചെയ്തുവച്ചു. അതിലെ ചില ഭാഗങ്ങൾ –
“പെരിമ്പടപ്പിൽ വലിയ തമ്പുരാനും കുമുദോരും തെക്കും വടക്കമുള്ള സ്വരൂപികളിൽ എളക്കേണ്ടാത്തവരുംകൂടി നിരൂപിച്ചു സ്വരൂപത്തിൻ്റെ ഗുണത്തിനു മേല്പട്ടു നടപ്പാൻ പഴയന്നൂർ ഭഗവതിയുടെ നടയിന്നു എഴുതിവെച്ചപ്രകാരം വലിയതമ്പുരാൻ്റെ തിരുമുമ്പിൽ പാലിയത്തച്ചനും തലച്ചെണ്ണോരും മനക്കോട്ടച്ചനും കുമ്പഞ്ഞി കല്പിച്ച ആ കപ്പിത്താനുംകൂടി നിരൂപിച്ചു ഉണർത്തിച്ചു കൊച്ചിയിൽ പ്രവൃത്തി ആദിയായുള്ള കാര്യക്കാരന്മാരെയും കല്പിച്ചു തിരുവുള്ളത്തിൽ ഏറ്റി കല്പിക്കുന്ന മേനോന്മാരെക്കൊണ്ടു കണക്കു എഴുതിക്കുമാറും വലിയതമ്പുരാൻ്റെ മടപ്പള്ളി ചിലവിനു നിങ്ങളിൽ പണം 3000…ഇക്കല്ലിച്ചപേർ തമ്മിൽ അയർത്തു എന്നു വന്നാൽ വലിയതമ്പുരാനും കുമുദവരുംകൂടി അയച്ചപോലെ നടന്നുകൊള്ളുമാറും കല്പിച്ചു. ഇതു… സെപ്റ്റംബർ 1674-ാമാണ്ടു. കൊച്ചിയിൽ എഴുത്തു.”