പ്രാചീനഗദ്യകൃതികൾ-രണ്ടാംഭാഗം
കൊടുങ്ങല്ലൂർ കട്ടളൈ: കൊടുങ്ങല്ലൂർ മെത്രാപ്പോലീത്തായായിരുന്ന ഫ്രാൻസിസ് റോസ് എസ്. ജെ. 1606 ഇടവം 16-ൽ കൊടുങ്ങല്ലൂർ രുപതയ്ക്കായി നിർമ്മിച്ച ഒരു നിയമസംഹിതയാണിതു്.
“നമ്മുടെ എടവകയിലെ നസ്രാണികളിൽ ചിലർ കുടികളിൽ ഇരിക്കുന്നവരിൽ ഒട്ടേറെയും (മാമ്മോദിസാ) മുങ്ങി ഇല്ലെന്നുവരും. ഇതിനെക്കൊണ്ടു മുങ്ങിയോ എന്നതുമ്മൽ സംശയമുള്ളവർ ചങ്കകൂടാതെ വികാരിമാരോടു എങ്കിലും മറ്റു പട്ടക്കാരോടു എങ്കിലും തങ്ങടെ സങ്കടം പറഞ്ഞുകൊള്ളണം. അടക്കത്തിൽ (മാമ്മോദീസ) മുങ്ങുകയും വേണം. വിശേഷാൽ വയസ്സുകാലമുള്ളവരെ കുമ്പസ്സാരിപ്പിക്കുംപോൾ ഏതു പ്രകാരത്തിൽ (മാമ്മോദിസ) മുങ്ങി എന്നും വേണ്ടുവോളം തെരഞ്ഞു ചോദിച്ചു സംശയമുള്ളവരെ അടക്കത്തിൽ സംശയത്തിൽ സംശയം തീർത്തു മുക്കിയേക്കണം.”
ശുചീന്ദ്രംദേവസ്വം നാൾവഴിയിലെ ഒരു രേഖ: പെരുമാൾ സ്ഥാണുമലയപ്പെരുമാൾസ്വാമി കോവിലിൽ പെരിമ്പടപ്പിൽ വലിയ തമ്പുരാൻ ശുചീന്ദ്രത്തു തെക്കൻ പെരുമാൾ നടയിൽ മൊഴിഓല എഴുതിവെച്ചു സത്യം ചെയ്യികൽ നടന്ന പ്രകാരത്തിന്നു എഴുതിയ വര്യോല. “987-ാമാണ്ടു ആടിമാസം 25-നു് വെള്ളിയാഴ്ചയും അപര പക്ഷത്തു ദ്വിതീയയും ചതയവും ശോഭനനിത്യയോഗവും ഇന്നാൾ ഉദിച്ചു 11 നാഴികക്കുമേൽ തുലാംരാശി നേരത്തു ചെമ്പയിൽ കൊട്ടാരത്തിൽ പെരിമ്പടപ്പിൽ വലിയ തമ്പുരാൻ പടിഞ്ഞാറെ തെരുവീഥിക്കു എഴുന്നരുളി ദർഭക്കുളത്തിൽ ഇന്ദ്രവനത്തറയിൽ തിരുമജ്ജനം പൊലിഞ്ഞു കിഴക്കേ ഗോപുരത്തിങ്കൽക്കൂടെ മതിലകത്തു എഴുന്നരുളി തെക്കേടത്തു കൊടിമരം വലംവെച്ചു ചെമ്പകരാമൻമണ്ഡലത്തിൽകൂടെ അകത്തു തെക്കേടത്തു നമസ്ക്കാരമണ്ഡപത്തിൽ എഴുന്നരുളി തെക്കൻപെരുമാളെ തൊഴുതു…തൃശ്ശിവപേരൂർ രണ്ടാം വാദ്ധ്യാനും വലിയ സർവ്വാധികാര്യം മാതേവൻ സുബ്ബയ്യനും ശുചീന്ദ്രത്തുകോവിലിൽ ഉൾച്ചിക്കാര്യം തമ്പി താണുവനും കൂടിനിന്നും ടി മണ്ഡപത്തിൽ പാലിയത്തു മേനവനും ദളവ അയ്യപ്പൻ മാർത്താണ്ഡനുംകൂടി… നിറുത്തി തൃപ്പടയിൽ മൊഴിയോല എഴുതി വെച്ച വക.