പ്രാചീനഗദ്യകൃതികൾ
സുന്ദരകാണ്ഡം തമിഴിൽനിന്നു ചില ഭാഗങ്ങൾകൂടി ഇവിടെ ഉദ്ധരിക്കാം:
“അനിലാനലേന്ദു പുരന്ദരോപേന്ദ്ര സമാനപരാക്രമനാകിന സവിതൃകുലനാഥദൂതൻ ശ്രീഹനൂമാൻ സായംകാലത്തിങ്കൽ സകലകലാ പരിപൂണ്ണനാകിന ചന്ദ്രദേവനുടെ ചന്ദ്രികാസ്പർശത്തിനാൽ അപനീതാദ്ധ്വശ്രമനായി ആലംബശിഖരത്തിന്മേൽനിന്നിറങ്ങി.”
“വാതാത്മജൻ വന്ദിച്ചുകൊടുക്കപ്പെട്ട അംഗുലിയത്തെക്കണ്ടു പ്രസന്നഹൃദയനായി, ഏനെ ഇതല്ലൊ) ഖര വധമുദിതമാകിന മുനിജനത്താൽ കൊടുക്കപ്പെട്ട കുമാരനാൽ ആനീതമായി ആശ്ചയമാകിന അംഗുലിയമെ ഇതു എന്നരുളിച്ചെയ്താൾ സിതാദേവി. ഉണർത്തിനാൻ ശ്രീഹനൂമാൻ ഏനെ ഇവളല്ലോ ദേവി അംഗുലീയകത്തെത്തിരുമുമ്പിൽ അർപ്പിക്കുമ്പോൾ; പിന്നെ കുചതടത്തിങ്കൽവെച്ച് ഗാഢഗാഢമാകുംവണ്ണം ആശ്ലേ ഷിക്കുന്നോൾ കരാംഗുലിപല്ലവങ്ങളിൽ പ്രത്യേകം അർപ്പിക്കുന്നോൾ. ധ്യാന പരവശയായി കരുണാർദ്രയായി നിശ്ചലയായി നോക്കുന്നവൾ എന്നുണർത്തിനാൻ ശ്രീ ഹനൂമാൻ .”
സംസ്കൃതബന്ധം കൂടുന്തോറും ഓരോന്നിലും കൃത്രിമത്വം വദ്ധിച്ചുവരുന്നതും കാണാൻ പ്രയാസമില്ല.
ദൂതവാക്യം ഗദ്യം: ദൂതവാക്യമാണു് നനുക്കു ലഭിച്ചിട്ടുള്ള പ്രബന്ധങ്ങളിൽ ഏറ്റവും പഴക്കമേറിയതെന്നു തോന്നുന്നു. 14-ാം നൂററാണ്ടിലായിരിക്കണം അതിന്റെ രചനയെന്ന മിക്ക പണ്ഡിതന്മാർക്കും അഭിപ്രായമുണ്ട്. കൊല്ലം 564-ൽ പകർത്തിയ ചില താളിയോലഗ്രന്ഥങ്ങൾ മഹാകവി ഉള്ളൂർ കണ്ടിട്ടുള്ളതായി പ്രസ്താവിച്ചു കാണുന്നു *(കേരള സാഹിത്യ ചരിത്രം,1-ാം വാല്യം, പേജ് 345). കേരളയൂനിവേഴ്സിറ്റി ഓറിയൻ്റൽ മാനുസ്‌ക്രിപ്റ്റ് ലൈബ്രറി വകയായി പ്രസിദ്ധപ്പെടുത്തുന്ന ഭാഷാ ത്രൈമാസികത്തിൽ ഈയിടെ (1962-ൽ) താളിയോലഗ്രന്ഥത്തെ ആസ്പദമാക്കി ദൂതവാക്യം പ്രബന്ധം പ്രസിദ്ധപ്പെടുത്തിക്കാണുകയുണ്ടായി. കൊല്ലം 564-ാമാണ്ട് എഴുതിയതാണു് പ്രസ്തുത ഗ്രന്ഥമെന്നുള്ള അഭിപ്രായമാണു് അതിന്റെ പ്രവർത്തകൻമാർക്കുമുള്ളത്.
ദൂതവാക്യം പ്രബന്ധം ദൂതവാക്യം എന്ന സംസ്കൃതവ്യായോഗത്തിന്റെ ഭാഷാനുവാദമാണ്. ഗദ്യപദ്യങ്ങളുടെ ഭാഷാവിവർത്തനത്തോടൊപ്പം, ഓരോ നടന്മാരുടെ രംഗപ്രവേശത്തിൽ അതാതു നടന്മാർക്ക് രംഗപ്രയോഗത്തിനു വേണ്ട ഉപദേശങ്ങളും സന്ദർഭോചിതമായി അതിൽ നിർബന്ധിച്ചിരിക്കുന്നു. രാമായണാദികൃതികളിലെപ്പോലെതന്നെ ദീർഘസമാസങ്ങളും വിഭക്ത്യന്തപദങ്ങളും കലർന്ന ഉൽകലികാപ്രായങ്ങളായ ഒരുതരം ഗദ്യങ്ങളാണ് അധികവും. നാടകമാകകൊണ്ടു സംഭാഷണരൂപമായ ലഘുവാക്യങ്ങളും കുറവല്ല.