പ്രാചീനഗദ്യകൃതികൾ
“ബദ്ധാഞ്ജലിപുടരായ് എഴുനീറ്റുനിൽക്കിൻറ മഹാജനത്തെ കണ്ടു ദയാപരനാകിന ശ്രീദാമോദരന്തിരുവടി, ‘ഇരിപ്പൂ എല്ലോ ദ്രോണാചാര്യൻ ഗാംഗേയപ്രമുഖരാകിന മഹീപതിമാരുമിരിക്കെ’ എന്റരുളിച്ചെയ്തു മന്ത്രശാലയിൽ സിംഹാസനത്തിന്മേൽ ഇരുന്നരുളുവൻ ചിത്രപടത്തെക്കണ്ട്’, ‘ഏനേ ദർശനീയമിച്ചത്രപടം കൗതൂഹലജനകം സർവ്വജന മനോഹരം’ എൻറരുളിച്ചെയ്യിന്റെവൻ സൂക്ഷിച്ചുനോക്കി കുപിതനായ്” എന്നിങ്ങനെയും, ‘ഭഗവാൻ ഇന്ദ്രാവരജൻ ഉപെന്ദ്രൻ ശ്രീവട്ടുവാമനമൂർത്തിയുടെയ ശ്രീപാദംങളെ! രക്ഷിപ്പുതാക. യാതൊരു ശ്രീപാദംകൊണ്ടു നമുചിയാകിൻറ ദൈത്യവരൻ അതിവിശാലമാകിന അംബരമാർഗ്ഗത്തിങ്കൽ ഉയർത്തെടുത്തെറിയപ്പെട്ടിതു, യാതൊരു യാതൊരു ശ്രീപാദമ് ഊർദ്ധ്വലൊകമളപ്പാനുയരിൻറകാലത്തു ത്രൈലോക്യത്തിന്നു ഉത്സവാർത്ഥമായ് എടുത്തുനാട്ടിന കനകയൂപമ് കണക്കെ കാണപ്പെട്ടിതു, ഇങ്ങനെ ഇരുന്ന ഉപെന്ദ്രന്തിരുവടിയുടെ ശ്രീപാദമ് നിങ്ങളെ രക്ഷിപ്പൂതാക.” എന്നിങ്ങനെയും മാറുമുള്ള ഭാഗങ്ങൾ നോക്കുക.
ഉത്തരരാമായണം ഗദ്യം, ഭാഷാഭാഗവതം, വാസവദത്തം ഭാഷ എന്നിങ്ങനെ ഈ ഇനത്തിൽ പല കൃതികളുമുണ്ടു്. * (മേല്പറഞ്ഞ ഗദ്യകൃതികളിൽ മിക്കവയും കൊച്ചി ഭാഷാപരിഷ്കരണക്കമ്മറ്റിയിൽ നിന്നും, തിരുവിതാംകൂർ ഗവണ്മെൻറുവക ഭാഷാഗ്രന്ഥാവലിയിൽനിന്നും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.) സംസ്കൃതത്തിൻറ പ്രഭാവം മലയാളത്തിൽ വർദ്ധിച്ചുതുടങ്ങിയ കാലത്തു് ഉണ്ടായിട്ടുള്ളവയാണു് ഈ വക പ്രബന്ധങ്ങൾ എന്നുള്ളതിൽ സംശയമില്ല.
മേൽ പ്രസ്താവിച്ച കൃതികൾ ഓരോന്നും ഭിന്നഭിന്ന കാലങ്ങളിൽ നിർമ്മിച്ചവയായിരിക്കണം. സംസ്കൃതനാടകാഭിനയത്തിൽ – കൂടിയാട്ടത്തിൽ-വിദൂഷകനെക്കൊണ്ടു പറയിക്കുന്ന ഭാഷാന്തരീകരണത്തിന്റെ അനുകരണങ്ങൾ മാത്രമായിരിക്കാം ഈ വക ഗദ്യങ്ങൾ. ഒരുപക്ഷേ, ചാക്യാന്മാർക്കും നമ്പ്യാന്മാർക്കും കൂത്തിനും പാഠകത്തിനും മറ്റുമായി വിവർത്തനം ചെയ്തിട്ടുള്ളവയുമായിരിക്കാം ഇത്തരം പ്രബന്ധങ്ങൾ. സംസ്കൃത ശൈലിയുടെ സീമയെ അതിലംഘിക്കാതെ അവ വ്യാപരിക്കുന്നതും അതു കൊണ്ടുതന്നെയാകാം. ഭാഗവതരാമായണപുരാണേതിഹാസങ്ങളാണല്ലോ ഇതിവൃത്തങ്ങളും.
കൂത്തു കവി: സംസ്കൃത ശൈലിയിൽ ചാക്യാന്മാർ, മിക്കവാറും ഒരു നിയതരൂപത്തിൽത്തന്നെ, പണ്ടും ഇന്നും കൂത്തു പറയുന്നതുപോലെ, കമ്പ രാമായണത്തിലെ പദ്യമുദ്ധരിച്ചു് തമിഴും മലയാളവും കലർന്നഭാഷയിൽ ഗദ്യമായി സവിസ്തരം വ്യാഖ്യാനം പറയുന്ന ഒരു സമ്പ്രദായമുണ്ടായിരുന്നു. തമിഴ്നാടിനോട്ട് തൊട്ടുകിടക്കുന്ന പാലക്കാടുപോലുള്ള പ്രദേശങ്ങളിൽ ചാക്യാർകൂത്തെന്നപോലെ ഇന്നുമിതുനടപ്പുണ്ടു്. അതാണു് ‘കൂത്തു കവി.’ “പുരാണകഥകൾ തുഞ്ചത്ത് എഴുത്തച്ഛൻ കിളിപ്പാട്ടായി ചമയ്ക്കുന്നതിനുമുമ്പു തമിഴിൽ കമ്പരുടെ രാമായണവും തമിൾമലയാളത്തിൽ കണ്ണശ്ശപണിക്കരുടെ രാമായണവുമാണ് മലയാളികൾ പാരായണം ചെയ്തുവന്നതു് “*(കൊച്ചി രാജ്യ ചരിത്രം, 2-ാം ഭാഗം, പേജ് 686) എന്നു പത്മനാഭമേനോൻ പ്രസ്താവിക്കുന്നതു നോക്കുക. കമ്പരാമായണം പണ്ടത്തെ മലയാളികൾ ഭക്തിപൂർവും പാരായണം ചെയതിരുന്നകാലംമുതക്കേ കൂത്തുകവി പറയുന്ന സമ്പ്രദായവും ഇവിടെ ആരംഭിച്ചു എന്നു പറയാം. ഒരു ഗാനരീതിയിലാണ് ആ ഗദ്യം പറയുക. ‘ബ്ലാവേലി വായിക്കുക’ എന്ന ചിത്രവിവരണം കൂത്തുകവിപറയലിന്റെ ഒരു വ്യത്യസ്തരൂപമായിരിക്കണം. മരുന്നുപടലമെന്ന ‘അവസര’ത്തിലെ ഒരു കവിയും കൂത്തുമാണു താഴെ ഉദ്ധരിക്കുന്നതു് :
“എഴുപതു വെള്ളത്താരും രാമനുക്കിളയ കോവും
മുഴമതിയുലകുമൂൻറും നല്ലാമൂർത്തിതാനും
വഴുവലിൻ മുറയു മുന്നാൽ വാൾന്തവനാകുമയ്യാ
പൊഴുതിര തൊഴാതെൻ ചൊൽ നെറിതരക്കടിതുപാനീ”