പ്രാചീനഗദ്യകൃതികൾ
ചൂർണ്ണികാരീതിയിലുള്ള ഗദ്യങ്ങളാണു് ഇതിൽ പ്രായേണ കാണുന്നതു്. ഭാഷയുടെ സ്വകീയമായ രീതിയും ഇതുതന്നെ. ഏതു ഭാഷയിലേയും പ്രാരംഭഗദ്യങ്ങൾ ഇതുപോലെ അകൃത്രിമവും സ്വാഭാവികവുമായ ചൂർണ്ണികാരൂപങ്ങളായിരിക്കുവാനേ വഴിയുള്ളു. എന്തുകൊണ്ടെന്നാൽ സംഭാഷണഭാഷയാണല്ലോ ഗദ്യം. അതിൽ ആവശ്യം വ്യക്തമാക്കുക എന്നുള്ളതല്ലാതെ, ആഡംബരത്തിന്നായി കൃത്രിമത്വം കൈക്കൊള്ളുവാൻ ആരും മുതിരുകയില്ല. അതു സാഹിത്യസ്വരൂപത്തെ പ്രാപിക്കുമ്പോഴും സംഭാഷണത്തിലുള്ള സാധാരണ ന്യൂനതകളെ പരിഹരിക്കുമെന്നല്ലാതെ, ആഹാര്യശോഭയ്ക്കായി സ്വാഭാവികരീതിയിൽ നിന്നു് അധികം വ്യതിചലിക്കാറില്ല. മുകളിൽ ഉദ്ധരിച്ച അംശങ്ങളിൽനിന്നുതന്നെ ഈ വസ്തുത വ്യക്തമാകുന്നുമുണ്ടു്. ഈ കവിയുടെ രാമായണാദികൃതികളിലെ വർണ്ണനകളിൽ കാണപ്പെടുന്നത്ര ആഡംബരമൊന്നും ബ്രഹ്മാണ്ഡപുരാണത്തിൽ ഇല്ലെന്നുള്ളതു വിശേഷിച്ചവധേയവുമാണ്. കൈരളിയുടെ നൈസർഗ്ഗികസൗന്ദര്യം പ്രസ്തുത കൃതിയിലെ ഗദ്യത്തിൽ തെളിഞ്ഞുവിളങ്ങുന്നുണ്ട്. അതുപോലെതന്നെ ഇതിലെ ദ്രാവിഡ പദപ്രാചുര്യം ആഹ്ലാദപ്രദവും ആലോചനാപരവുമാണു്. രാമചരിതത്തിൽ സംസ്കൃതപദങ്ങളെ തത്ഭവങ്ങളായി സ്വീകരിക്കുകയും ഇരാമൻ ഇരാവണൻ എന്നിങ്ങനെ ചില പ്രാതിപദികങ്ങളുടെ മുമ്പിൽ ഇകാരം ചേർത്തെഴുതുകയും ചെയ്തിരുന്ന സമ്പ്രദായം ഇതിൽ അവ്യവസ്ഥിതമായി കാണപ്പെടുന്നു. ‘ഇരണ്ടിലുമൊൻറു്’ ‘ഇരാജാക്കൾ’ ‘നമ്മുടെ ഇരാജ്യം ഇരക്ഷിക്കുമതു്’ എന്നു തുടങ്ങിയ പദങ്ങൾതന്നെ ‘ബ്രാഹ്മണരാൽ രക്ഷിക്കപ്പെട്ട്’ ‘രാജാവു് രക്ഷിച്ചു’ എന്നിങ്ങനെ യഥേഷ്ടം പ്രയോഗിച്ചിട്ടുള്ളതു മേല്പറഞ്ഞതിനുദാഹരണങ്ങളാണ്. ‘ഞാനം ജ്ഞാനം’ എന്നിങ്ങനെയുള്ള തത്ഭവതത്സമങ്ങൾ രണ്ടും, ഗ്രന്ഥകാരൻ കൂസൽകൂടാതെ ഇതിൽ പ്രയോഗിച്ചുകാണുന്നു. കൈരളി ദ്രാവിഡിയുടെ പിടിയിൽനിന്നും പതുക്കെപ്പതുക്കെ അകന്നു ഗൈർവ്വാണിയോടൊത്തിണങ്ങിത്തുടങ്ങിയ ഒരു ഘട്ടത്തിലാണു് ബ്രഹ്മാണ്ഡപുരാണത്തിൻ്റെ ഉല്പത്തിയെന്ന് ഇത്തരം പല പ്രയോഗങ്ങളും വിളിച്ചുപറയുന്നു. അത്രതന്നെയുമല്ല, സ്വാഭാവികമായ ജീവനും അത്ഥപുഷ്ടിയും രാമണീയകവും കളിയാടുന്ന ഇതിലെ പരിഷ്കൃത ഗദ്യരീതി പരിശോധിക്കുമ്പോൾ, ഈ കൃതിക്കു മുമ്പു ഭാഷയിൽ ചില ഗദ്യകൃതികൾ ഉണ്ടായിക്കഴിഞ്ഞിട്ടുണ്ടെന്നും, അവയുടെ ഒരു പരിണാമസ്വരൂപമാണ് ബ്രഹ്മാണ്ഡപുരാണത്തിൽ കാണുന്നതെന്നും ന്യായമായി അനുമാനിക്കാവുന്നതുമാണു്. എങ്ങനെയായാലും ഈ ഗദ്യകൃതി, പ്രാചീന ഗദ്യസാഹിത്യത്തിലെ — തമിൾപ്രഭാവകാലത്തെ — ഒരു അമൂല്യനിധിയാണെന്നു നിർവ്വിവാദം പറയാം.
വ്യവഹാരമാല: ശ്രീമൂലം മലയാളഗ്രന്ഥാവലിയിലെ ഒൻപതാമത്തെ പുസ്തകമായി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒരു പ്രാചീന നിയമ ശാസ്ത്രഗ്രന്ഥമാണിതു്. സംസ്കൃതഭാഷയിൽ ഒട്ടധികം സ്മൃതിഗ്രന്ഥങ്ങൾ ഉള്ളതിൽ മാധവാചാര്യർ എഴുതിയിട്ടുള്ള ‘പരാശരമാധവീയം’ എന്ന “മഹത്തായ വ്യാഖ്യാനത്തോടുകൂടിയ പരാശരസ്മൃതിയെ പ്രായേണ അനുകരിച്ചു നിർമ്മിച്ചിട്ടുള്ള ഒന്നാണു് പ്രസ്തുത കൃതി. ഇതു് ഒരു കേരളീ യൻറെ കൃതിയായിരിക്കണമെന്നു തോന്നുന്നു. 14-ാം ശതകത്തിനിപ്പുറമാണു് നിർമ്മാണമെന്നു വിചാരിക്കുവാൻ ന്യായമുണ്ട്. സംസ്കൃതത്തിൽ എഴുതിയിട്ടുള്ള ശ്ലോകങ്ങളാണു് ഇതിലുള്ളതു്, മൂലഗ്രന്ഥത്തിനു് (സംസ്കൃതശ്ലോകങ്ങൾക്ക്) ഏകദേശം 500 കൊല്ലത്തെയും, മലയാളവ്യാഖ്യാനത്തിന് 200 കൊല്ലത്തെയും പഴക്കംവരുമെന്നു പ്രസാധകനായ ഉള്ളൂർ ഊഹിക്കുന്നു. ഗ്രന്ഥത്തെ, വ്യവഹാരദർശനവിധി, പ്രാഡ്വിവാകധർമ്മം, സദസദ്യോപദേശം, വ്യവഹാരലക്ഷണം എന്നിങ്ങനെ 35 വിഭാഗങ്ങളായി തിരിച്ച് ഓരോ കാര്യങ്ങളും സാംഗോപാംഗം വിവരിക്കുന്നു. ആകെ 1234 ശ്ലോകങ്ങൾ അടങ്ങിയിട്ടുണ്ട്. സാക്ഷിനിരൂപണത്തിൽ, സാക്ഷിവിസ്താരത്തെക്കുറിക്കുന്ന ഒരു ഭാഗം താഴെ ഉദ്ധരിക്കുന്നു:
“സാക്ഷിദോഷാഃ പ്രയോക്തവ്യാ
സംസദി പ്രതിവാദിനാ
പത്രേ വിലിഖ്യ താൻ സർവ്വാൻ
വാച്യം പ്രത്യുത്തരം തതഃ”
“വാദികുറിച്ച സാക്ഷികൾക്കു സാക്ഷിദോഷമുണ്ടെങ്കിൽ പ്രതിവാദി സഭയിൽവെച്ച് ആ ദോഷങ്ങളെ ചൊല്ലി ഇവർ സാക്ഷികളല്ലെന്നു ദുഷിക്കണം. പ്രതിവാദി ചെയ്യുന്ന ദോഷങ്ങളെ ഓലപ്പുറത്തു് എഴുതിച്ച് ആയതു ഉണ്ടോ ഇല്ലയോ എന്നു പിന്നത്തതിൽ വാദിയോടു ഉത്തരം ചോദിച്ചു വിസ്തരിക്കണം.”* (വ്യവഹാരമാല, പേജ് 66).