പ്രാചീനഗദ്യകൃതികൾ
ഉദയംപേരൂർ സുന്നഹദോസ് : ബ്രഹ്മാണ്ഡ പുരാണത്തിനുശേഷം ഒരു നൂററാണ്ടുകഴിഞ്ഞ് മലയാളത്തിൽ ഉണ്ടായിട്ടുള്ള ഗദ്യകൃതികളിൽ ശ്രദ്ധേയമായ ഒന്നാണു് ഉദയംപേരൂർ സുന്നഹദോസിലെ കാനോനകൾ. 1599-ലാണ് ഉദയംപേരൂർ സുന്നഹദോസ് എന്നു പറഞ്ഞു വരുന്ന വൈദികമഹാസഭ നടന്നതു്. കേരളത്തിൻെറ വിവിധഭാഗങ്ങളിൽനിന്നുമായി 150-ൽപരം വൈദികന്മാരും 500-ൽപരം ജനപ്രതിനിധികളും അസംഖ്യം സന്ദർശകരും സമ്മേളനത്തിൽ സംബന്ധിച്ചിരുന്നു. അക്കാലത്തെ സ്ഥിതിക്കു് അതു് അഭൂതപൂർവ്വമായ ഒരു സമ്മേളനമായിരുന്നു എന്നു പറയാം. കേരളത്തിലെ ക്രൈസ്തവരിൽ, ചില വിശ്വാസവൈജാത്യങ്ങളും ആചാരവൈരുദ്ധ്യങ്ങളും കടന്നുകൂടിയിട്ടുള്ളതായി പാശ്ചാത്യമിഷ്യനറിമാരുടെ ദൃഷ്ടിയിൽപ്പെട്ടു. അതിനാൽ അവരെ അവയിൽനിന്നു വിമോചിപ്പിക്കണമെന്നും, റോമിലെ പോപ്പിന്റെ പരമാധികാരത്തിൽ കേരളീയ ക്രിസ്ത്യാനികളെ ആസകലം ആനയിക്കണമെന്നും ഉള്ള ലക്ഷ്യത്തോടുകൂടിയായിരുന്നു പ്രസ്തുത സമ്മേളനം വിളിച്ചു കൂട്ടിയതു്. ഡോക്ടർ അലക്സ് മെനെസിസ്’ എന്ന പോർത്തുഗീസ് മെത്രാപ്പോലീത്ത ആദ്ധ്യക്ഷ്യം വഹിച്ചു. തൃപ്പുണിത്തുറയ്ക്കടുത്തുള്ള ഉദയംപേരൂർ ദേവാലയത്തിൽവച്ചായിരുന്നു സമ്മേളനം. തന്നിമിത്തമാണു് ഉദയം പേരൂർ സുന്നഹദോസ് എന്ന പേർ അതിനു പ്രസിദ്ധമായിത്തീന്നതു്. ജൂൺ 20-ാം തീയതി മുതൽ 26-ാം തീയതിവരെയുള്ള ദിവസങ്ങളിൽ പത്തു യോഗങ്ങളായിട്ടായിരുന്നു സമ്മേളനം. യോഗങ്ങളിൽ ഓരോന്നിലും പാസ്സാക്കിയ പ്രമേയങ്ങൾക്കു ‘സുന്നഹദോസിൻ്റെ കാനോനകൾ’ എന്നു പറഞ്ഞു വരുന്നു. ഓരോ യോഗത്തിലേയും വിഷയങ്ങൾ ഒന്നാം കാനോന, രണ്ടാം കാനോന എന്നിങ്ങനെ പലതായി വിഭജിച്ചിരിക്കയാണു്. യോഗനടപടികൾ ആദ്യം പോർത്തുഗീസുഭാഷയിലും, അനന്തരം വിവർത്തനരൂപത്തിൽ മലയാളഭാഷയിലുമായി രേഖപ്പെടുത്തിവന്നു. കൊച്ചി രൂപതയിൽപ്പെട്ട പള്ളുരുത്തിക്കാരൻ ഒരു യാക്കോബുകത്തനാരായിരുന്നു മലയാളവിവർത്തകൻ. 360-ൽപരം വർഷങ്ങൾ പഴക്കമുള്ള അതിലെ ഗദ്യശൈലി ആനന്ദജനകമാണു്. ഭാഷാപണ്ഡിതന്മാർക്കും ഗവേഷണകുതുകികൾക്കും അതു് ഒരമൂല്യനിധി എന്നുതന്നെ പറയാം. വിവർത്തനത്തിലെ ചില ഭാഗങ്ങൾ ഏതാനും പതിററാണ്ടുകൾക്കുമുമ്പു് കോട്ടയം വി. ജി. പ്രസ്സിൽനിന്നു പ്രസിദ്ധപ്പെടുത്തിയിരുന്നു. കൈയെഴുത്തുപ്രതി ചുരുക്കം ചില സ്ഥാനങ്ങളിൽ മാത്രമേ ഉള്ളതായി അറിയുന്നുള്ളൂ. ആധുനികരിൽ അധികംപേരും കണ്ടിട്ടില്ലാത്തതും അപ്രകാശിതവുമായ അതിലെ ഭാഷാസ്വഭാവം കാണിക്കുവാൻ ഈ ഗ്രന്ഥകാരന്റെ കൈവശമുള്ള പ്രാചീന കൈയെഴുത്തുപ്രതിയിൽനിന്നു ചില ഭാഗങ്ങൾ ഇവിടെ ഉദ്ധരിക്കാം:
“ചിലടത്തു നസ്രാണിമാപ്പിളമാരുടെ കുളം എങ്കിലും കിനറ എങ്കിലും കമ്മാളരു തൊട്ടുവെങ്കിൽ മലയാളരു ചെയ്യുന്ന ക്രിയകൾ ചെയ്ത അത പുണ്യം ആക്കുമാറാകുന്നു. അത പട്ടാംഗയ്ക്കും മാർഗ്ഗത്തിൻ്റെ പൊറുപ്പിന്നും മറുത്തതാകുന്നു എന്നതിനെകൊണ്ട അങ്ങനെ ചെയ്യുന്നവരെ പള്ളിക്കും പള്ളിക്കടുത്ത വസ്തുക്കളിൽനിന്നും പുറത്തു നിറുത്തണം. മെല്പട്ടക്കാരന്ന ഒക്കുവൊളം അങ്ങനെ കൈകാര്യം കൂടാതെ നിൽക്കണം. കുറഞ്ഞാൽ ഒരാണ്ടെക്കു അങ്ങനെ വെണംതാനും. ചെയ്യുന്ന ക്രിയയ്ക്കു തക്കവണ്ണമുള്ള കുറ്റപ്പാടുകൾകൊണ്ട കുറ്റപ്പെടുകയും വേണം.”
7-ാം യോഗത്തിലെ 3-ാം കാനോന
“നസ്രാണികളിൽ ചില ആശന്മാരു പരതെവരെ വെച്ച കുമ്പിടുന്നു, എന്നു ശുദ്ധമാന സുനഹദൊസ കെട്ടു. എന്നാൽ ആവണ്ണം ആരാനും ചെയ്യുന്നവരുണ്ടെങ്കിൽ പട്ടക്കാരും എണങ്ങരുംകൂടെ അവിടെക്കു ചെന്നു അവരൊടു അത അരുതെന്നു വിലക്കണം.”
12-ാം കാനോന
“ശുദ്ധമാന നല്ല പടുത്തങ്ങളു പടിപ്പിപ്പാൻ ഉള്ള പുസ്തകങ്ങൾ വിശ്വാസത്തിൻറെ മുഴപ്പു വരുത്തുന്ന പൊലെ തന്നെ ദൊഷമാകുന്ന വസ്തുക്കളെ പഠിക്കുന്ന പുസ്തകങ്ങൾ വിശ്വാസത്തിന്നു അന്തരവും നല്ല മര്യാദകളെ മാറ്റുകയും ചെയ്യുന്നു. എന്നാൽ സുറിയാനിയിൽ ചില പുസ്തകങ്ങളിൽ വിശ്വാസത്തിന്നു മറ്റുള്ള പല അവസ്ഥകൾ എഴുത്തു പെട്ടിട്ടുണ്ടെന്നു ഈ ശുദ്ധമാന സുന്നഹദോസ് അറിഞ്ഞമൂലം ഈ താഴെ ഓരൊന്നിൻറെ പെർ തിരിച്ച എഴുത്തു പെടുന്ന പുസ്തകങ്ങളെ അതിലെ പിണക്കങ്ങൾ തീർക്കാതെ ആരും വായിക്കയും അതിൽ ഒന്ന വച്ചുകൊൾകയുമരുത്. വായിക്കയും പെർത്തു എഴുതുകയും മറ്റാരാനും വായിച്ചുകെൾക്കയും അരുതു. എന്നു വഴക്കത്തിന്റെ ശക്തിയാലയും ഈ പ്രമാണം കടക്കുംവരെയുള്ള മഹറൊന്റെ പ്രാശ്ചിത്ത്വത്തിന്റെ ശക്തിയാലയും എല്ലാവരൊടും ശുദ്ധമാന സുന്നഹദൊസ പ്രമാണിക്കുന്നു. പുസ്തകങ്ങൾ ആകുന്നതു: ഇതു: 1 മതു – മർത്തമറിയത്തുമ്മായുടെ വിശേഷങ്ങൾ എഴുത്തു പെട്ട പുസ്തകം.”
13-ാം കാനോന