പ്രാചീനഗദ്യകൃതികൾ
വേദതർക്കം: പാശ്ചാത്യമിഷ്യനറിമാരുടെ ആഗമനത്തോടുകൂടി കൊടുങ്ങല്ലൂർ, ചേന്നമംഗലം, വൈപ്പിൻകോട്ട എന്നീ സ്ഥലങ്ങളിൽ അവർ സിമനാരികൾ (വേദാദ്ധ്യയനശാലകൾ) സ്ഥാപിച്ചു. പണ്ഡിത പ്രവരന്മാരായ മിഷ്യനറിമാരായിരുന്നു അവയിൽ അഭ്യസനം നല്കിവന്നതു്. തൽഫലമായി അവരുടെ ശിക്ഷണത്തിൽപ്പെട്ട നാട്ടുകാരായ യുവ മിഷ്യനറിമാരും പാശ്ചാത്യസാഹിത്യത്തിലും സംസ്‌കാരത്തിലും അടിയുറച്ചവരായിത്തീർന്നു. അങ്ങനെ വിജ്ഞാനസമ്പന്നരായിത്തീർന്ന നാട്ടുകാരിൽ ഏററവും പ്രശസ്തന്മാരായ രണ്ടു വ്യക്തികളാണു് കരിയാറ്റിൽ യൗസേപ്പുമല്പാനും, പാറമാക്കൽ തോമാക്കത്തനാരും. അവരിൽനിന്നു മലയാളഭാഷയ്ക്കു ഗണ്യമായ ചില സംഭാവനകൾ ലഭിച്ചിട്ടുമുണ്ട്. അവയിൽ മുഖ്യമായ ഒന്നാണു് ജോസഫ്’ മല്പാന്റെ ‘വേദതർക്കം.’ 1788- ലാണ് അതിൻറെ രചന. ആലങ്ങാട്ടുദേശക്കാരനായ ഈ ഗ്രന്ഥകാരൻ, 1742 മുതൽ 1786 വരെയുള്ള കാലഘട്ടത്തിലത്രെ ജീവിച്ചിരുന്നതു്. പ്രസ്തുതകൃതി ഇതേവരെ അച്ചടിപ്പിച്ചിട്ടില്ല. ഡോക്ടർ പി. ജെ. തോമസ് മേല്പറഞ്ഞ കൃതിയെപ്പറ്റി ഇങ്ങനെ പ്രസ്താവിച്ചുകാണുന്നു: ‘ഭാഷാ ശുദ്ധി, വിഷയവൈശദ്യം, രീതിയുടെ ഊർജ്ജസ്വലത മുതലായ ഗുണങ്ങൾകൊണ്ടു് ഈ കൃതി മലയാളഗദ്യചരിത്രത്തിൽ ഒരു നവീനപ്രസ്ഥാനത്തെ ലക്ഷീകരിക്കുന്നുവെന്നു നിശ്ശങ്കം പറയാം’, രീതികാണിക്കുവാൻ ചില ഭാഗങ്ങൾ ഇവിടെ ഉദ്ധരിച്ചുകൊള്ളുന്നു;
“ആദിതൊട്ടു മിശിഹാവരുവോളം പലപല തലവന്മാരായി വാണു എങ്കിലും, ഒരുകാലത്തിൽ ഒരുകൂട്ടത്തിനു രണ്ടു തലവന്മാര് ഒരുനാളു വാണിട്ടില്ലെന്നു വിശ്വാസമായിട്ട് എഴുത്തുപെട്ടിരിക്കുന്നു. ഓരോരേ കാലങ്ങളിൽ ഓരോരോ തലവന്മാരത്രെ ആയിരുന്നു. അതെന്തെ ഒരു നാട്ടിനു രണ്ടു രാജാവായാൽ തമ്മിൽ പിണങ്ങി രാജിയം ക്ഷയിച്ചുപോകും. എന്നപോലെ ഒരു വീടിനു രണ്ടച്ഛന്മാരായാൽ തങ്ങളിൽ പിണങ്ങി വീടുക്ഷയിച്ചുപോകും.”
“മിശിഹാതമ്പുരാൻ കേപ്പായിക്കുമുമ്പിൽ കൊടുത്ത തലസ്ഥാനവും മുഷ്കരത്വവും മറ്റൊരുത്തനു കൊടുത്തു വാഴിച്ചു അന്ത്യോക്യയിൽ ഇരുത്തിയേച്ചു (റോമ്മായിക്കു) പോകുമോ? കൊടുത്തേച്ചുപോയാൽ പിന്നെ ഇരുപത്തിനാലുകാലവും അഞ്ചുമാസവും പന്ത്രണ്ടു ദിവസവും റോമ്മായിൽ കേപ്പായിരുന്നപ്പോൾ കേപ്പാ ആരായിരിക്കേണ്ടു? തലവൻറെ സ്ഥാനം മറ്റൊരുത്തനു കൊടുത്താൽ കേപ്പാ പിന്നെ ആടായി ഇരിയ്ക്കയോ? കേപ്പാടെ ഇടയൻ അന്ത്യോക്യായിലും, അയാടെ ആടായിട്ടും കേപ്പാ റോമ്മായിലും ഇരുന്നു എന്നു വരുമോ? എന്തെന്നു തോന്നുന്നു.” * (കേരളത്തിലെ ക്രിസ്തീയസാഹിത്യചരിതം, പേജ് 159).
നല്ല ഓജസ്സും യുക്തിയുക്തതയും ഇത്രമാത്രം തെളിഞ്ഞുവിളങ്ങുന്ന ഗദ്യം ഇതുപോലെ അക്കാലത്തു് അധികമൊന്നിലും കാണുന്നില്ല. 18-ാം നൂററാണ്ടിലെ ഗദ്യകാരന്മാരിൽ മല്പാൻ പ്രഥമഗണനീയൻ എന്നുതന്നെ പറയാം.