ഗദ്യസാഹിത്യചരിത്രം. രണ്ടാമദ്ധ്യായം

പ്രാചീനഗദ്യകൃതികൾ

വർത്തമാനപ്പുസ്തകം: കരിയാറ്റിയുടെ സമകാലീനനും സന്തത സഹചാരിയുമായിരുന്ന ഒരാളാണു’ – രാമപുരത്തുകാരൻ പാറമാക്കൽ
തോമാക്കത്തനാർ. 1736 മുതൽ 1799 വരെയുള്ള കാലഘട്ടത്തിലായിരുന്നു അദ്ദേഹത്തിൻറെ ജീവിതം. തോമാക്കത്തനാരുടെ ‘വർത്തമാനപ്പുസ്തകം അഥവാ റോമായാത്രാവിവരണം’, 18-ാം നൂററാണ്ടിൽ ഉണ്ടായിട്ടുള്ള ഭാഷയിലെ ഗദ്യകൃതികളിൽ അതിപ്രധാനമായ ഒരു സ്ഥാനം അർഹിക്കുന്നു. മലയാളഭാഷയിൽ എഴുതിയിട്ടുള്ള സഞ്ചാരവിവരണങ്ങളിൽ ആദ്യത്തേതും അതുതന്നെ. പ്രസ്തുതകൃതി രണ്ടുഭാഗങ്ങളായിട്ടാണു നിർമ്മിച്ചിരുന്നതു്. ഒന്നാംഭാഗം 1936-ൽ അതിരമ്പുഴ സെൻറു മേറീസ് പ്രസ്സിൽനിന്നു പ്ലാത്തോട്ടത്തിൽ ലൂക്കോമത്തായി അച്ചടിപ്പിച്ചു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. പ്രസ്തുതകൃതിയെപ്പറ്റി ‘സഞ്ചാരസാഹിത്യം’ എന്ന അദ്ധ്യായത്തിൽ വിശദമായി വിവരിക്കുന്നതാണു്. ഭാഷാസ്വഭാവം വ്യക്തമാക്കുവാൻമാത്രം അതിൽനിന്നു് ഒരുഭാഗം താഴെ ചേർത്തുകൊള്ളുന്നു:

“ഈ നഗരിയിൽ തലപ്പെട്ട കർത്തവ്യം രാജവാഴ്ച അല്ലാ മഹായോ ഗവാഴ്ച അത്രേ. ആകുന്നതിനെക്കൊണ്ടു മേൽപ്പെട്ട പരിപാലനത്തിന്റെ വിചാരകാറരിൽ തലവനെ ദോജെ (Duke) എന്നു ചൊല്ലുമാറാകുന്നു. എന്നാൽ ഈ തലവൻ അനന്തരപ്പാടല്ലാതെ കഴലപ്പാടത്രേ. ആകുന്നതിനെക്കൊണ്ടു മുമ്മുന്നു ആണ്ടുകൂടുമ്പോൾ വിചാരകാറരും എല്ലാവരുംകൂടി ദോജേ എന്ന തലവനെ മാറിമാറി കല്പിക്കുമാറാകുന്നു. വിശേഷിച്ചും ഒരു തലവനായ ആൾ ആ മഹായോഗവാഴ്ചയുടെ സമ്പത്തും കാര്യവും വിര്യവും ഒക്കെ ആയിരിക്കുന്നതിനെക്കൊണ്ടു പിന്നെ ഒരിക്കലും ആ നഗരിക്കു പുറത്തുപൊയ്ക്കൂടാ. പിന്നെയോ, തൻറെ ആയുസ്സിൻറെ കാലമൊക്കെയും ആയതിനകത്തു പാർത്തേ മതിയാവൂ.”

ഇതുപോലെ അകൃത്രിമവും ഊർജ്ജസ്വലവുമായ ഒരു ഭാഷാരീതിയാണു് വർത്തമാനപ്പുസ്തകത്തിൽ പൊതുവെ കാണപ്പെടുന്നത്.

വേലുത്തമ്പിയുടെ കുണ്ടറവിളംബരം : വർത്തമാനപ്പുസ്തകമെഴുതി രണ്ടു ദശാബ്ദങ്ങൾ കഴിഞ്ഞശേഷം, കൃത്യമായിപ്പറഞ്ഞാൽ കൊല്ലവഷം 984-ൽ ഉണ്ടായ ഒരു കൃതിയാണു് വേലുത്തമ്പിയുടെ കുണ്ടറവിളംബരം. പാശ്ചാത്യസമ്പ്രദായത്തോടു് അത്യന്തസാദൃശ്യമുള്ള ഒരു പ്രഭാഷണ ശൈലിയിലാണു് അതു വിരചിതമായിട്ടുള്ളതു്. പ്രസ്തുത വിളംബരത്തിൽനിന്ന് ഒരുഭാഗം ഇവിടെ ഉദ്ധരിക്കാം:

“ഈ സംസ്ഥാനത്തു നിന്നും ഇതിനു മുമ്പിലും ഇപ്പോഴും അവരോടു (ഇംഗ്ലീഷ്കാരോട്ട്) യുദ്ധം ചെയ്യണമെന്നു നിരൂപിച്ചിട്ടില്ലാഴികകൊണ്ടും ഇപ്പോൾ ഇവരു തുടങ്ങിയിരിക്കുന്നതിനെ പ്രതിക്രിയയായിട്ടു ചെയ്തു നിലനിൽക്കാതെ മുമ്പിച്ചു സംശയിച്ചാൽ പിന്നത്തേതിൽ അതുകൊണ്ടു വരുന്ന വൈഷമ്യങ്ങളെ ഈ രാജ്യത്തിൽ ആരും സഹിക്കാനും കാലം കഴിപ്പാനും നിർവാഹം ഒണ്ടായിവരുന്നതുമല്ല. അതിന്റെ വിവരങ്ങൾ ചുരുക്കത്തിൽ എഴുതുന്നതു് എന്തെന്നാൽ ചതിവുമാർഗ്ഗത്തിൽ രാജ്യം അവരിടെ കൈവശത്തിൽ ആക്കുന്നതു അവരിടെ വംശപാരമ്പര്യമാകകൊണ്ടും അതിന്മണ്ണം രാജ്യം അവരിടെ കൈവശത്തിൽ ആയാൽ കോയിക്കൽ കൊട്ടാരം കോട്ടപ്പടി ഉൾപ്പെട്ട സ്ഥലങ്ങളിൽ അവരിടെ പാറാവും വരുതിയും ആക്കിത്തീർത്തു രാജമുദ്ര പല്ലക്കു പൗരുഷം ഉൾപ്പെട്ട ബഹുമാനങ്ങളും ദേവാലയം ബ്രഹ്മാലയം സംബന്ധിച്ചിട്ടുള്ള ശട്ടവട്ടങ്ങളും നാട്ടുകൂട്ടവും നിറുത്തി ഉപ്പുമുതൽ സർവസ്സവും കുത്തകയായിട്ടു ആക്കിത്തീർത്തു തരിശു കിടക്കുന്ന നിലവും പുരയിടവും അളന്നു കുടികുത്തക