ഗദ്യസാഹിത്യചരിത്രം. രണ്ടാമദ്ധ്യായം

പ്രാചീനഗദ്യകൃതികൾ

ഇതുപോലെ ഇനിയും പല ശാസനങ്ങളും ഉദ്ധരിക്കത്തക്കവയായുണ്ടു്.

കൊല്ലവർഷാരംഭത്തിലെ ഭാഷയും പിന്നീടുള്ള പരിവർത്തനവും: കൊല്ലവർഷാരംഭത്തോടടുത്തുണ്ടായ ശാസനങ്ങളെല്ലാം തനിത്തമിഴാണെന്നു മുന്നുദ്ധരിച്ചവയിൽനിന്നു വ്യക്തമാണു്. മിക്കവാറും പ്രസ്തുത കാലഘട്ടത്തോടടുത്തുണ്ടായിട്ടുള്ളവനാണല്ലൊ പതിറ്റുപ്പത്തു, ചിലപ്പതികാരം തുടങ്ങിയ കാവ്യങ്ങളും. അവയിലെ ഭാഷയും തമിഴുതന്നെ. ഇതിൽനിന്നു് ഒരു വസ്തുത വ്യക്തമാകുന്നുണ്ടു്. പാണ്ഡ്യചോളദേശങ്ങളിലും കേരളത്തിലും സാർവ്വത്രികമായി ആദിദ്രാവിഡഭാഷതന്നെയാണ് ആ കാലഘട്ടങ്ങളിൽ വ്യാപരിച്ചിരുന്നതു്. കേരളീയർ തങ്ങളുടെ മാതൃഭാഷയായും ഔദ്യോഗിക ഭാഷയായും ഉപയോഗിച്ചുകൊണ്ടിരുന്നതും മറ്റൊന്നല്ല. മുൻപറഞ്ഞ കൃതികളുടെ ഉത്ഭവകാലങ്ങൾക്കുശേഷം കേരളീയരുടെ മാതൃഭാഷയിൽ സാരമായ ചില പരിവർത്തനങ്ങൾ സംഭവിച്ചുതുടങ്ങി. അതിനു മുഖ്യമായും രണ്ടു കാരണങ്ങളാണുണ്ടായതു്. ഒന്ന്, പെരുമാൾഭരണം നിന്നതോടെ പാണ്ഡ്യചോളദേശങ്ങളിലെ ജനങ്ങളുമായി–അവിടത്തെ ഭാഷയുമായി ഇടപെടേണ്ട ആവശ്യം കേരളീയർക്കു് ഇല്ലാതായിത്തീർന്നു. അതോടൊപ്പം ഒരു പ്രത്യേക ജനവിഭാഗം എന്ന നിലയിൽ ദേശീയത്വം, ഗ്രാമ്യത്വം മുതലായവ ഏറിയേറി കേരളഭാഷ പ്രത്യേകതയെ പ്രാപിക്കുവാനും തുടങ്ങി.

മറ്റൊന്ന്, ആര്യജനതയുടെ സംഘാതമായ കുടിയേറ്റമായിരുന്നു. 8-ാം നൂറ്റാണ്ടോടടുത്തു സിൻഡു മുതലായ ഉത്തരേന്ത്യൻ പ്രദേശങ്ങൾ മുഹമ്മദീയർ ആക്രമിച്ചു കൈവശപ്പെടുത്തുകയായി. അപ്പോൾ അന്യഥാ ശരണമില്ലാതായിത്തീർന്ന് ആര്യവർഗ്ഗം സംഘാതമായി തെക്കൻദിക്കുകളിലേക്കു പ്രയാണം ചെയ്തുതുടങ്ങി. “ഏഴാം നൂറ്റാണ്ടിൻ്റെ അന്ത്യത്തിലും എട്ടാം നൂറ്റാണ്ടിലും വമ്പിച്ച ആര്യസംഘങ്ങൾ തുളുനാടുവഴി കേരളത്തിലേക്കു പ്രവേശിക്കുവാൻ ഇടയായി… ഹൂണർ, ഗൂർജ്ജരർ തുടങ്ങിയ വർഗ്ഗക്കാരുടെ ആക്രമണംമൂലം അഹിച്ഛത്രം തലസ്ഥാനമാക്കിയുള്ള ഉത്തരപാഞ്ചാലം, രാജപുട്ടാണ തുടങ്ങിയ പ്രദേശങ്ങളിൽനിന്നു്, ഗോദാവരീ–കൃഷ്ണാനദികളുടെ ഉത്ഭവത്തോടടുത്ത പ്രദേശങ്ങളിൽ, അതായതു് പൈത്താൻ, കൊല്ലാപുരം (കൊൽഹാപൂർ) തുടങ്ങിയ സ്ഥലങ്ങളിൽ, വന്നു താല്ക്കാലികമായി തങ്ങിയിരുന്ന ആര്യന്മാരും, മുസ്ലീങ്ങളുടെ ആക്രമണവും രാഷ്ട്രകൂടരും മറ്റും അവിടങ്ങളിൽ വരുത്തിക്കൂട്ടിയ നാശവും നിമിത്തം തുളു കേരളദേശങ്ങളിൽ പ്രവേശിക്കുന്നുണ്ടു്.” *(സാഹിത്യചരിത്രസംഗ്രഹം, പേജ് 10-1). കേരളീയർ അവർക്കിവിടെ സഹർഷം സ്വാഗതവുമരുളി. അതിനാൽ യഥേഷ്ടം ഓരോ ഉപനിവേശസ്ഥാനങ്ങൾ ഉറപ്പിക്കുവാനും അവർക്കു കഴിഞ്ഞു. സാംസ്‌കാരികമായി കേരളദ്രാവിഡരേക്കാൾ ഉയർന്നുനിന്നിരുന്ന ആ ആര്യജനതയ്ക്ക് അചിരേണ കേരളത്തിൻ്റെയും കേരളീയരുടേയും അധിനായകത്വം നേടുവാനും പ്രയാസമുണ്ടായില്ല. കേരളീയരുമായി നിത്യസമ്പർക്കം ചെയ്യേണ്ടതായിവന്ന ആ കുടിയേറ്റക്കാർ, തങ്ങൾ കൈകാര്യം ചെയ്തിരുന്ന ആര്യഭാഷയെ കേരളഭാഷയോടു കൂട്ടിയിണക്കി ഒരു മിശ്രഭാഷ ചമയ്ക്കുവാനും തുടങ്ങി. മേൽപ്രകാരം രാഷ്ട്രീയമായും ചരിത്രപരമായും വന്നുകൂടിയ സംഭവവികാസങ്ങൾ, കേരളത്തിലും അതിൻ്റെ കിഴക്കൻ പ്രദേശങ്ങളിലും അതുവരെ ഒന്നായി പുലർന്നുകഴിഞ്ഞിരുന്ന ആദിദ്രാവിഡഭാഷയെ തമിഴിനെ –ഇവിടെ ഒരു പ്രത്യേകതയിലേക്ക് ഒരു പ്രത്യേക ഭാഷ എന്ന നിലയിലേക്ക് – ക്രമത്തിൽ തിരിച്ചുവിടുകയും ചെയ്തു.