പ്രാചീനഗദ്യകൃതികൾ
ഈ പരിവർത്തനദശയുടെ ആരംഭത്തിൽ ഉണ്ടായിട്ടുള്ള കൃതികൾ ഏതെല്ലാമെന്നു നമുക്കു നിശ്ചയമില്ല. എങ്കിലും പിന്നീടുണ്ടായവയിൽ പലതും നമുക്കു ലഭിച്ചിട്ടുണ്ടു്. അവ ആര്യദ്രാവിഡസങ്കലനത്തെ സവിശേഷം പ്രകാശിപ്പിക്കുന്നവയുമാണു്. എന്നാൽ കേരളീയരായ തമിഴ്കവികളുടെ പാട്ടുകൾ അക്കാലത്തെ സംഭാഷണഭാഷയിൽത്തന്നെയായിരിക്കണം രചിച്ചുവന്നതു്. ത്രൈവർണ്ണികരുടെ വിശേഷിച്ചു നമ്പൂതിരിമാരുടെ –പദ്യകൃതികളിലാണു് ഈ ഭാഷാസങ്കലനത്തിൻറെ വൈകൃതം നാം കൂടുതൽ കാണുന്നതു്. ഗദ്യകൃതികളിൽ ക്രമികമായും സ്വാഭാവികമായും മാത്രമേ ഈ പരിവർത്തനം വന്നുകാണുന്നുള്ളു.
ഇതുവരെ പ്രസ്താവിച്ചതുപോലെ കേരളത്തിലെ തമിഴ് വ്യത്യാസപ്പെട്ടു മലയാളമായിത്തീർന്നുകൊണ്ടേയിരുന്നുവെങ്കിലും, ആ പരിണാമഗതി വ്യക്തമായി പ്രകാശിപ്പിക്കുന്ന ഗ്രന്ഥങ്ങൾ അധികമൊന്നും ഉണ്ടായിട്ടില്ല. ഉണ്ടായവ അധികവും പദ്യരൂപമാണു്. അവയിൽനിന്നു കവിതാസമ്പ്രദായത്തിനു പ്രത്യേകമായ പ്രയോഗങ്ങൾ തട്ടിനീക്കി ഗദ്യത്തിൻ്റെ സാമാന്യമായ ഭാഷാരൂപം ഗ്രഹിക്കുവാനേ തരമുള്ളു. എന്നുവരികിലും കേരളഭാഷ ഒരു പ്രത്യേക ഭാഷയായിത്തീർന്നുതുടങ്ങിയ ആ ആദിമഘട്ടത്തിൽ ഉണ്ടായിട്ടുള്ള ചില ഗദ്യകൃതികൾ നമുക്കു ലഭിക്കാതെയുമിരുന്നിട്ടില്ല. പ്രസ്തുത കൃതികളിൽ ക്രമികമായും സ്വാഭാവികമായും മാത്രമേ മുൻപറഞ്ഞ പരിവർത്തനം – ഭാഷാസങ്കലനത്തിൻ്റെ വൈകൃതം – നാം കാണുന്നുള്ളു. അത്തരം കൃതികളിൽ ചിലതിനെക്കുറിച്ചാണു് ഇവിടെ പ്രതിപാദിക്കുവാൻ തുടങ്ങുന്നതു്.
യാഗംഭാഷ: കൊല്ലവർഷം 426-ൽ ഉണ്ടായ ആറ്റൂർ താമ്രശാസനമാണു് ഇന്നേവരെ ലഭിച്ചിട്ടുള്ള മലയാളഗദ്യകൃതികളിൽ പ്രാചീനതമമെന്നു സാഹിത്യചരിത്രകാരന്മാർ പറഞ്ഞുകാണുന്നതു്. എന്നാൽ അതിനു മുമ്പുണ്ടായതെന്നു വിശ്വസിക്കപ്പെടാവുന്ന മറ്റൊരു ഗദ്യകൃതിയും ഇവിടെ അനുസ്മരിക്കേണ്ടിയിരിക്കുന്നു. ‘യാഗംഭാഷ’ കൊല്ലവർഷാരംഭത്തിനു വളരെ മുമ്പ് മേഴത്തോളഗ്നിഹോത്രിയുടെ കാലത്തുണ്ടായതെന്നു കുഞ്ഞിക്കുട്ടൻ തമ്പുരാൻ ‘കേരള’കാവ്യത്തിൽ പറഞ്ഞുകാണുന്നുണ്ടല്ലോ.
“ഈ ബ്രാഹ്മണപ്രവരനദ്ധ്വരസമ്പ്രദായ–
മാബ്രാഹ്മണപ്പടി തമിൾപ്പടി ഭാഷയാക്കി
ശ്രീബ്രാഹ്മണപ്പൊലിമ സംസ്കൃതബോധമില്ലാ–
ത്താബ്രാഹ്മണർക്കുമുയരാനിടയാക്കി നാട്ടിൽ.”
— സർഗ്ഗം 4, ശ്ലോ.61