പ്രാചീനഗദ്യകൃതികൾ
പ്രസ്തുത യാഗംഭാഷയിൽനിന്നുമാണു് താഴെ കുറിക്കുന്ന ഭാഗം ഉദ്ധരിക്കുന്നതു്. ഒരു ക്രിയ തുടങ്ങുന്നതിൻ്റെ ആദ്യത്തെ ചടങ്ങ് ഇവിടെ വിവരിക്കുന്നു:
“കൂർച്ചം വച്ച് കൂർച്ചത്തുമ്മൽ വട്ടകവച്ച് വട്ടകയിൽ പവിത്രം വച്ച് തേനട്ടി (അട്ടി = ഒഴിച്ച്) പാലുതാൻ (പാലുതാൻ = പാലോ) തൈർതാനട്ടി നെയ്യട്ടി ഒഴിഞ്ഞതട്ടി നീരട്ടി പെരുക്കി പവിത്രമഴിച്ച് തളിച്ച് കളഞ്ഞ് കയ്യും കഴുകി വട്ടകയെല്ലാം നിരവായി (നിരവായി = നിരത്തി) വെച്ചെല്ലാറ്റിലുമൊക്കൊക്കപ്പുകുത്തു വീത്തിക്കരടും മുറിച്ചിട്ട് താലം കൊണ്ടു മൂടി അവരവർക്കു തക്കെ നാനാപുരുഷന്മാർ കയ്യിൽ കൊടുത്തേച്ച് അധ്വര്യൂന്നു തുടങ്ങി കൂർച്ചം കാട്ടൂ.”
ചന്ദ്രക്കല സൗകര്യത്തിനുവേണ്ടി ലേഖകൻ ചേർത്തിട്ടുള്ളതാണു്. ബ്രാക്കറ്റിൽ കൊടുത്തിട്ടുള്ള അർത്ഥവും. പഴയ പല പ്രയോഗങ്ങളും ഇതിൽ കാണാം. ഈരണ്ടു പ്രാവശ്യം എന്ന അർത്ഥത്തിൽ ‘ഈരിരിക്കൽ’ തുടങ്ങിയ പ്രയോഗവിശേഷങ്ങളും മറ്റും ശ്രദ്ധേയങ്ങളാണു്. എങ്കിലും ഇതു കൊല്ലവർഷാരംഭത്തിനു മുമ്പുള്ളതോ അതിനടുത്തുള്ളതോ ആയ മലയാളമായി ഗണിക്കാമോ എന്നു സംശയമാണ്.
ആറ്റൂർശാസനം: ആറ്റൂർശാസനത്തെപ്പറ്റി മുകളിൽ സൂചിപ്പിച്ചുവല്ലോ. അതാണു് ഇന്നേവരെ നമുക്കു ലഭിച്ചിട്ടുള്ള പ്രാചീനഗദ്യമാതൃകകളിൽ ഗണനീയമായ മറ്റൊന്ന്. വീരരാഘവപ്പട്ടയത്തിലെ ഭാഷയിൽനിന്നു വളരെ വ്യത്യസ്തമായി തനിമലയാളത്തിൻ്റെ പ്രാഗ് രൂപങ്ങൾ പലതും അതിൽ കാണുവാൻ കഴിയും. അതിലെ ആദ്യഭാഗം ഇവിടെ ഉദ്ധരിക്കാം:
“അരുളിച്ചെയ്ത ചെയ്ത ശകാബ്ദം ആയിരത്തു ഒരുനൂറ്റൊഴുപത്തുമൂന്നിൻമെൽ ചൊല്ലാനിൻ്റെ കൊല്ലം നാനൂറ്റിരുപത്താറാമതു മേടഞായറു പത്തൊൻപതു ചെന്ന വ്യാഴാഴ്ചയും മൂലവും അപരപക്ഷത്തു പഞ്ചമിയും, ശിവാനിത്യയോഗവും വരാഹകരണവും പെറ്റയിന്നാൾ വേണാടു വാണരുളുന്ന കിഴവ്വെരൂർ ശ്രീ വീരഇരവി ഉദയമാർത്താണ്ഡവർമ്മ ശിവറാമൂത്തവരായ നാം മലമണ്ടലത്തു കണ്ണനൂർ ദേശത്തു പൂവംകവിളാകത്തു കോവിക്കൽ യിരിക്കും കാണിയാളർ കുലത്തിൽ ശൈയ്വാശാരമായ കാര്യത്തുറൈ തമ്പി ഇരവി കേരളവിക്രമ ഉടയാർക്കനയിനാർ മുത്തളക്കുറിച്ചിയാന ശ്രീ വീരകേരളപുരത്തു മഹാദേവർകോവിലിൽ മെൽകൊയിമ്മ ഊരാണ്മസ്ഥാനം കൊടുക്കയിൽ യിന്നാൾ മുതൽക്കു മെപ്പടി മഹാദേവർ കൊവിലിൽ ശ്രീകാര്യം ഞ്ചെയ്വാർ പിള്ളമാരുൾപ്പെട്ട പെർകളെ കൊണ്ടു ശ്രീ പണ്ടാരവക ഏപ്പെർപ്പെട്ട മുതലാക്കിച്ചു തന്നകത്തു നിത്ത്യനിതാനം മാസവിശേഷം ആട്ടവിശേഷം ആണ്ടുതോറും കുംഭഞായറു അശ്വതി ആട്ടത്തിരുനാൾ മറ്റു ഏപ്പെർപ്പെട്ട ചിലവു കെളം യിടുവിച്ചു വച്ചിരിക്കുന്ന പടിത്തരത്തിൻപടി കുറവും നേരനീക്കവും വരാതെ അടിയന്തിരങ്കളു നടത്തിച്ചു ആണ്ടുതോറും മുതലുചിലവു തിട്ടംകണ്ടു മിക്കൊള്ള മുതൽ ഒടം വൈയ്പൂ”* (ശാസന സമാഹാരം, പേജ് 33) എന്നാൽ ഈ താമ്രശാസനങ്ങൾക്കുശേഷവും അതിനടുത്ത കാലത്തും ഉണ്ടായിട്ടുള്ള കൃതികൾ ഏതെല്ലാമെന്നു നിർണ്ണയിക്കുവാൻ വളരെ പ്രയാസമായിരിക്കുന്നു. 10-ാം നൂറ്റാണ്ടിനു ശേഷമേ, മലയാളത്തിൽ പറയത്തക്ക ഗദ്യകൃതികൾ ഉത്ഭവിച്ചിട്ടുള്ളൂ. ആദ്യകാലങ്ങളിലെ ഗദ്യമാതൃകകൾ, കത്തിടപാടുകളും കരാർകരണങ്ങളും ഗ്രന്ഥവരികളും മറ്റുമായിരുന്നിരിക്കണം. എന്നാൽ അവയുടെ പൂർവ്വരൂപം അനതമട്ടിൽത്തന്നെ കാണുവാൻ നമുക്കു കഴിഞ്ഞിട്ടുമില്ല.