ഗദ്യസാഹിത്യചരിത്രം. രണ്ടാമദ്ധ്യായം

പ്രാചീനഗദ്യകൃതികൾ

ഭാഷാകൗടലീയം: ഇന്നേവരെ ലഭിച്ചിട്ടുള്ള മദ്ധ്യകാല മലയാള ഗദ്യമാതൃകകളിൽ ഏറ്റവും പഴക്കവും പ്രാമുഖ്യവുമർഹിക്കുന്ന ഒരു കൃതിയാണു് നീതിശാസ്ത്രപരവും സങ്കേത ജടിലവുമായ കൗടലീയം. ഭരണനീതിയേയും സമൂഹനീതിയേയും കുറിച്ച് അതിൽ വിസ്തരിച്ചു പ്രതിപാദിക്കുന്നു. ബി. സി. 3-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കുടലഗോത്രജാതനായ കൗടല്യൻ അഥവാ ചണകദേശക്കാരനായ ചാണക്യനാണു് ഈ അ ശാസ്ത്രത്തിൻ്റെ കർത്താവു്. ചന്ദ്രഗുപ്തമൗര്യൻ്റെ സചിവനായിരുന്ന ഈ കൗടല്യൻ്റെ സാക്ഷാൽ നാമധേയം, വിഷ്ണുഗുപ്തൻ എന്നായിരുന്നുവത്രേ. കൗടല്യൻ്റെ അർത്ഥശാസ്ത്രത്തിൽ അഥവാ നീതിശാസ്ത്രത്തിൽ 15 അധികരണങ്ങൾ അടങ്ങിയിരിക്കുന്നു. അവയിൽ ആദ്യത്തെ 7 അധികരണങ്ങൾക്കു മലയാളഭഷയിൽ എഴുതിയിട്ടുള്ള വ്യാഖ്യാനമാണു്’ ‘ഭാഷാ കൗടലീയം’. കൗടലിയാർത്ഥശാസ്ത്രത്തിനു് ഇന്ത്യയിലെ പ്രാദേശികഭാഷകളിൽ ആദ്യമായുണ്ടായിട്ടുള്ള ഒരു വിവർത്തനം ഇതാണെന്നുള്ളതു നമുക്കഭിമാനപ്രദമാണല്ലോ.

പ്രസ്തുത വ്യാഖ്യാനത്തിൻ്റെ നിർമ്മാണകാലം 11-ാം നൂറ്റാണ്ടായിരിക്കണമെന്നു തോന്നുന്നു. തമിഴ് ഭൂയിഷ്ഠമാണ് വ്യാഖ്യാനത്തിലെ ഭാഷ ശൈലി. വിവർത്തകൻ അഥവാ വ്യാഖ്യാതാവ് ആരെന്നു നിശ്ചയമില്ല. “സ്വധർമ്മമാവിതു ദാക്ഷിണാത്യർക്കു മാതുലകന്യാ വിവാഹാദികൾ” എന്നും മറ്റുമുള്ള വ്യാഖ്യാനരീതികൾകൊണ്ടു് അദ്ദേഹം ദാക്ഷിണാത്യനായ ഒരു കേരളീയനായിരുന്നുവെന്ന് ഏതാണ്ടു് ഊഹിക്കാമെന്നേയുള്ളു. വ്യാഖ്യാതാവ് ആരുതന്നെയായാലും പ്രസ്തുത വ്യാഖ്യാനം അതിവിശിഷ്ടമാണെന്നുള്ളതിൽ സംശയമില്ല. ഭാഷാസ്വഭാവം കാണിക്കുവാൻ ചില ഭാഗങ്ങൾ ഉദ്ധരിച്ചുകൊള്ളുന്നു:

“സഹായ സാദ്ധ്യം രാജത്വം – ചക്രമേകം ന വർത്തതേ
കുർവീത സചിവാം സ‍്തസ്മാത് – തേഷാം ച ശൃണുയാന്മതം.”

“സ്വതന്ത്രനായിരുന്ന വിജിഗീഷു തന്നെ പരന്ത്രനാകിൻ്റതെന്തിനെൻ്റൊൽ
സഹായസാദ്ധ്യം രാജത്വം. ഒരു ചക്രമുടയ ചാടു പോകത്തിലാതൊരേകണക്കേ
സഹായരതനായുള്ള രാജാവിനു രാജ്യം രക്ഷിപ്പിതു അരുതാകിൻ്റമൈയാൽ
സചിവന്മാരെക്കൊള്ളവേണ്ടും. അവർകളുടയ ബുദ്ധി കേൾവിതും ചെയ്തിതു.*
                                                                              * (കൗടലീയം, ഒന്നാം വാല്യം, പേജ് 49)