ഗദ്യസാഹിത്യചരിത്രം. രണ്ടാമദ്ധ്യായം

പ്രാചീനഗദ്യകൃതികൾ

“വാർത്താദണ്ഡനീതിഞ്ചേതി ബാർഹസ്പത്യാഃ സംവരണമാത്രം ഹിത്രയീ ലോകയാത്രാവിദ ഇതി.”

“വാർത്തയും ദണ്ഡനീതിയുമെൻറ ഇരണ്ടെ വിദ്യകളെൻറു ബാർഹസ്പത്യൻ ചൊല്ലുവിതു. ലോകയാത്രാവിപത്തുകളായൊത്തു ജനത്താൽ സംവരണമാത്രം ത്രയീ എന്റവാറു അല്പപ്രയോജനമാക്കിൻറമെയാൽ ഒരുവരെ നാസ്തിക്യനെൻ്റെ നിന്ദിയാതെ ഒഴിവാൻ ത്രയീ ആക്ഷേപത്തിനാലെ അന്വീക്ഷികിയും ആക്ഷേപിച്ചോരിൽ പടിതും.”

“ശങ്ക നീയേ ദേശേ ലിംഗേ പൂർവ്വാപദാനേ ച ഗൃഹീത മനുയുഞ്ജീത്ഥ” ആരാൾച ഉള്ള ദേശത്തു കണ്ടാലും ശങ്കനീയമായുള്ള അടയാളം കണ്ടാലും പണ്ട് കള്ളം ചെയ്തുനില്ക്കുമവനൈക്കണ്ടാലും പിടിച്ചു വിചാരിപ്പിതു. വിചാരിക്കുമാറാവിതു–എങ്ങുനിൻറുവരുന്നു, എന്തിനിങ്ങുപോന്നു, ആരുടെ എന്റു വിചാരിപ്പിതു. വിചാരിച്ചു നല്ലനാകിൽ അമഞ്ഞ ദാണ്ഡംകൊണ്ടു വിടുവിതു. അല്ലാക്കാൽ ദോഷത്തുക്കു തക്ക ദണ്ഡം ചെയ്തിതു.”* (കൗടലീയം, രണ്ടാം വാള്യം, പേജ് 250)

ഭാഷാകൗടലീയത്തിൻ്റെ ആദ്യത്തെ മൂന്നു് അധികരണങ്ങൾ മാത്രമെ തിരുവിതാംകൂർ ഗവർമ്മെന്റിൽ നിന്നു പ്രസിദ്ധപ്പെടുത്തിയിരുന്നുള്ളു. ബാക്കി 4 മുതൽ 7 വരെയുള്ള 4 അധികരണങ്ങൾ മദിരാശി യൂണിവേഴ്‌സിറ്റിയിൽനിന്നുമാണു പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതു്. കെ. എൻ. എഴുത്തച്ഛനാണു് ഇതിൻ്റെ സമ്പാദകൻ. 7-ാമധീകരണത്തിൽ 113 മുതൽ 117 വരെയുള്ള 5 പ്രകരണങ്ങളുടെ വ്യാഖ്യാനം കണ്ടുകിട്ടിയിട്ടിന്ത്തില്ലാത്തതിനാൽ ഇതിൽ ചേത്തിട്ടുമില്ല. 4-ാമധികരണത്തിൽനിന്നും ഒരുഭാഗം ഇവിടെ ഉദ്ധരിക്കാം:

“കാരുകരക്ഷണം. കാരുകരക്ഷണമെമ്പിതു സൂത്രം. കാരുക്കളാവോർ തട്ടാർ, തച്ച, രാടവാണിയരെൻറി ജാതികൾ. കാരുക്കളിൽ നിൻ്റു പ്രജകളെ രക്ഷിപ്പതു കാരുകരക്ഷണമാവിതു.” (76-ാം പ്രകരണം.)

ആട്ടപ്രകാരങ്ങൾ: ധനഞ്ജയം, ചൂഡാമണി, നാഗാനന്ദം തുടങ്ങിയ സംസ്കൃതനാടകങ്ങളാണല്ലോ ചാക്യാന്മാരുടെ കൂടിയാട്ടത്തിനു് ഉപയോ ഗിച്ചിരുന്നതു്. പ്രസ്തുത നാടകങ്ങൾ അഭിനയിക്കുന്ന വിഷയത്തിൽ ചില വ്യവസ്ഥകൾ ചെയ്തുകൊണ്ടു് ആട്ടപ്രകാരം, ക്രമദീപിക എന്നിങ്ങനെ രണ്ടുതരം ഭാഷാഗ്രന്ഥങ്ങൾ ഉണ്ടായിട്ടുണ്ടു്. രണ്ടിലും കൂടിയാട്ടത്തിന്റെ ചടങ്ങുകളാണു പൊതുവെ വിവരിക്കുന്നതെങ്കിലും, ആട്ടപ്രകാരത്തിൽ ഓരോ കഥാപാത്രവും കൈമുദ്ര കാണിച്ചു’ ആടേണ്ടുന്ന രീതി മുതലായവയും, ക്രമദീപികയിൽ, നടന്മാർ അരങ്ങത്തു അനുഷ്ഠിക്കേണ്ട കൃത്യങ്ങൾ, വിദൂഷകൻറെ ചടങ്ങുകൾ, പാത്രങ്ങളുടെ വേഷവിധാനം മുതലായവയുമാണു് പ്രത്യേകമായി വിവരിക്കുന്നതു്. ചുരുക്കത്തിൽ അഭിനയ കലാമർമ്മജ്ഞന്മാരായ ചാക്യാന്മാർ കൂടിയാട്ടത്തിൽ അനുവർത്തിച്ചിരുന്ന അവിഷ്ക്കരണസമ്പ്രദായങ്ങളാണു് അവയിൽ വിവരിക്കുന്നത് എന്നുപറയാം.