ഗദ്യസാഹിത്യചരിത്രം. രണ്ടാമദ്ധ്യായം

പ്രാചീനഗദ്യകൃതികൾ

മേല്പറഞ്ഞ കൃതികളുടെ കർത്താവു്, കുലശേഖരപ്പെരുമാളുടെ സചിവോത്തമനായിരുന്ന തോലനാണെന്നു വിശ്വസിച്ചുപോരുന്നു. അതു ശരിയെങ്കിൽ ഈവക ഗ്രന്ഥങ്ങൾക്കു കൊല്ല വർഷാരംഭത്തോളം പഴക്കം കല്പിക്കാവുന്നതാണ്. പക്ഷേ, അവയിലെ ഭാഷാശൈലി നമ്മെ അത്ര ത്തോളം പിന്നിലേക്കു നയിക്കുന്നില്ല. പിൽക്കാലത്തു് ഈ ശാഖയിൽ വേറെയും ചില കൃതികൾ ഉണ്ടായിട്ടുണ്ടു്. അവയൊന്നും അത്രതന്നെ പ്രാചീനങ്ങളല്ല. മന്ത്രാങ്കം, മത്തവിലാസം എന്നീ ആട്ടപ്രകാരങ്ങൾ ഈ ശാഖയിൽ ഏറ്റവും പഴക്കമുള്ളവയായി തോന്നുന്നു. മന്ത്രാങ്കത്തിൽ, സംസ്കൃതം, മലയാളം, ഗദ്യം, പദ്യം എന്നിവയെല്ലാം അടങ്ങിയി ട്ടുണ്ടു്. മേൽപ്രസ്താവിച്ച ആട്ടപ്രകാരങ്ങളിൽനിന്നു ഓരോ ഭാഗം ഇവിടെ ഉദ്ധരിക്കാം:

“പിന്നെ കളിയം വച്ചു തിരിഞ്ഞു നൂപുരത്തിലിരുന്നു സ്ഫടികമണി ചൊല്ലിച്ചു യവനിക നീക്കി പ്രാവേശികം കാട്ടി എഴുനിൻറു വട്ടത്തിൽ നടന്നു കുത്തിരഞ്ജിച്ചു കളകളവാക്യംകൊണ്ടു മുടിപ്പു പിന്നെ മറ്റു മൂന്റു പുറത്തും സ്ഫടികമണി ചൊല്ലിച്ചു ആടിക്കൊള്ളുവു മോദ ആമോദ ആ എന്നു ചൊല്ലി ഹഹഹ എൻറും വേളാധൂളിയിൽ ചൊല്‌വു. മോദകം കൊണ്ടു മുൻപിൽ തേവരെവച്ചു തേവാരിച്ചു നിലത്തിരുന്നു ഇരുളംചൊല്ലി ആഭ്യന്തരം ആടിക്കൊള്ളു. പിന്നെയന്യോന്യമേത്തമിട്ടു ഉന്മത്തകൻ ചിരികൂടി ആടിമുടിച്ചു പ്രാവേശികം കാട്ടി പിൻനോക്കി വാങ്ങി കൂത്തും മുടിപ്പൂ.”*(മന്ത്രാങ്കം ആട്ടപ്രകാരം).

‘സൂത്രധാരൻ ഏഴുനാളാടും മത്തവിലാസത്തിൻ സൂത്രധാരനെക്കണക്കെ അണിവും പ്രസ്ഥാനവുമെല്ലാം ഉത്തരീയം വേണും, പരീണതിയും വേണും. ഇരുളം, സ്വരം, ‘മണിഘൃഷ്ട’ എൻറു ചൊല്ലി ക്രിയ തുടങ്ങു. ‘തത്ര പ്രഹേതി ഹേതീ ച’ എൻറു തുടങ്ങി ‘പീഡയാമാസ ലീല യാ’ എൻറിത്രേടം ശ്ലോകം പാടൂ. ‘രാവേണ’ത്യാദി ചൊല്ലി അടുക്കുംവണ്ണമഴകുതായാടിക്കൊള്ളു. എല്ലാ ശ്ലോകവും കഴിഞ്ഞാൽ എഴുനിൻറു ശേഷം ഗ്രന്ഥം ചൊല്ലി വിദൂഷകന്നു് എൻറു ചൊല്ലിത്തമിഴാകമൂടിപ്പു.* (മത്തവിലാസം ആട്ടപ്രകാരം).

“അച്ഛനെ കണ്ടിട്ടു വളരെ കാലമായല്ലോ എന്നുകാട്ടി പീഠത്തുമ്മേൽ എണീററുനിന്നു് പ്രണയകലഹത്തോടുകൂടി പിന്നെയും ഭഗവാനെനോക്കി പുറപ്പെട്ടു എന്നുകാട്ടി ചെന്നിയുന്തിനടക്കാൻ ഭാവിച്ചു വിറച്ചുതുടങ്ങി. തലമുടി അഴിഞ്ഞു് ഉത്തരീയം കൊണ്ടു മുലമറയ്ക്കുന്ന പ്രകാരവും കണക്കുത്ത് അഴിഞ്ഞിട്ടു വലത്തെ കയ്യിൻറെ മുട്ടുകൊണ്ടു് അതു പിടിക്കുന്ന പ്രകാരവും കാട്ടണം. പിന്നെ രാവണൻറെ ഭാവമായിട്ട് ഈ വണ്ണം ഹിമവത് പുത്രിയായിരിക്കുന്ന ശ്രീപാർവ്വതിയെ ഭയപ്പെട്ടു പരവശയായിട്ടു വഴിപോലെ കണ്ടു ഇങ്ങനെ വളരെ സ്ത്രീകളെ കണ്ടു. അവരിൽ ഒരുത്തരേയും ഇവളെപ്പോലെ സൗന്ദര്യാദിഗുണങ്ങളുടെ തികച്ചിൽ ഉണ്ടായിട്ടു കണ്ടിട്ടില്ല. അതു ഹേതുവായിട്ടു എൻറെ കണ്ണുകൾ സഫലങ്ങളായിട്ടു ഭവിച്ചു. കണ്ണുകൾ ഒണ്ടായാൽ ഇവളെ കണ്ട ഫലം വരൂ.

വളരെക്കാലമായിട്ടാണു് ഈ ഫലം അനുഭവിച്ചതു്. ആശ്ചര്യം എന്നു് കാട്ടി ശ്ലോകം ‘ഇന്ദ്രാണി’ശിഷ്ടം കേശാദിപാദമാടി കാമശരം കൊണ്ടു മുറുക്കി മോഹാലസ്യമുണർന്നു എന്നുകാട്ടി പിന്നെ പഞ്ചാംഗം ആടി കൂത്തു മുടിക്കുക.* (അശോകവനികാങ്കം – പരിഷൽത്രൈമാസികം, 1116 തുലാം)