പ്രാചീനഗദ്യകൃതികൾ
ഇവിടെ ഉദ്ധരിച്ച ഉദാഹരണങ്ങളിൽ, ആദ്യത്തെ ആട്ടപ്രകാരങ്ങൾ രണ്ടും മൂന്നാമത്തെ അശോകവനികാങ്കത്തേക്കാൾ പഴക്കമേറിയവയാണെന്ന് അവയിലെ ഭാഷാശൈലിതന്നെ തെളിവുനൽകുന്നുണ്ടല്ലൊ.
പ്രബന്ധങ്ങളിലെ ഗദ്യം: രാമായണം തമിഴ്, ഭാരതം തമിഴ്, മത്തം വിലാസം തമിഴ് ഇത്യാദി പേരുകളോടുകൂടി ചില ഗദ്യകൃതികൾ ഈ കാലഘട്ടത്തോടടുത്തു വേറെയും ഉണ്ടായിട്ടുണ്ടു്. സംസ്കൃതവിഭക്ത്യന്തളായ സംസ്കൃതപദങ്ങളില്ലാത്തതുകൊണ്ടു ലീലാതിലകകാരൻ ഇത്തരം കൃതികളെ തമിഴ് എന്ന ഇനത്തിലേക്കു തള്ളിയിരിക്കയാണ്. തമിഴ് എന്നതിനു ഭാഷ എന്നേ അത്ഥമുള്ളു. നമ്പ്യാന്മാരുടെ തമിഴുകളിൽ പ്രധാനമായതു രാമായണം തമിഴാണു്. രാവണോൽപത്തിമുതല്ക്കാണു് അതിൽ കഥ ആരംഭിക്കുന്നതു്. ഒരു ഭാഗം ഇവിടെ ഉദ്ധരിക്കാം:
“യാതൊരേടത്തു ദേവി ശിംശപാശ്രിതയായി അധിവസിച്ചരുളുന്നു എന്നു സമ്പാതിയാൽ അഭിഹിതമായി. എന്നാൽ എവടത്തിങ്കലോ ആ ഉദ്യാനം എന്നരുളിച്ചെയ്തു ഉദ്യാനാന്വേഷണതല്പരനായി പെരുമാറുന്നവൻ അകമ്പസദനം, നികുംഭഭവനം, സപ്തഘനഭവനം, വജ്രദംഷ്ട്രാലയം, മേഘനാദ സദനമെന്നേവമാദിനിശാചരഭവനങ്ങളിൽ വൈദേഹിയെ അന്വേഷിച്ചു സഞ്ചരിക്കുന്ന കാലത്തു വിഭീഷണഭവനമകംപുക്കു അവനുടെ നാരായണസ്തുതികൾകേട്ടു പ്രസന്നഹൃദയനായി കുംഭകർണ്ണാലയത്തെ പ്രാപിച്ച് അവനുടെ മഹീധ്രസമാനമാകിന ശരിരത്തിനുടെ ദർശനത്താൽ ആശ്ചര്യോപേതനായി അവിടെനിന്നു പിന്നെയും വിമാനത്തിന്മേൽ കരേറി നോക്കുന്നകാലത്തു വിവിധരത്നരചിതാനേകസ്തംഭസങ്കീർണ്ണമായി മൗക്തികമാലാമനോഹരമായി മണിദീപനികരപരിഹൃത തമസ്സഞ്ചയമായി കനകദണ്ഡങ്ങളാകിന വെൺകറ്റക്കുടകൾ തപ നിയമയങ്ങളാകിന താലവൃന്തങ്ങൾ ചന്ദ്രമരീചിധവളങ്ങളാകിന ചാമരങ്ങൾ എന്നേവമാദികളോടും കൂടി മധുപാനമത്തനായി മണ്ഡോദരീസഹിതനായി കിടന്നുറങ്ങിന ദശകന്ധരനുടെ ശോഭാതിശയത്തെക്കണ്ടു ആശ്ചര്യോപേതനായി മണ്ഡോദരിയുടെ വൈധവ്യലക്ഷണത്തെ കണ്ടു വൈദേഹിയല്ലെന്നറിഞ്ഞു അവിടെനിന്നു പിന്നെയും നാനാദേശങ്ങളിൽ വൈദേഹിയെ അന്വേഷിച്ചു സഞ്ചരിക്കുന്ന കാലത്തു അനന്യ സാധാരണമാകിന ലങ്കാസമൃദ്ധിയെക്കണ്ടു ആശ്ചര്യോപേതനായി അരുളി ചെയ്യുന്നോൻ.”
ഉൽക്കലികാപ്രായങ്ങളായ ഗദ്യങ്ങളാണു് ഇത്തരം കൃതികളിൽ പ്രായേണ കണ്ടുവരുന്നത്. കാദംബരി, ഹർഷചരിതം മുതലായ സംസ്കൃ ഗദ്യഗ്രന്ഥങ്ങളെ അനുകരിച്ചാണു് ഇത്തരം ഗദ്യരീതി ഉണ്ടായിട്ടുള്ളതെന്നു മിക്കവാറും പറയാം. “ഒറ്റപ്പദങ്ങളും, ദീർഘസമാനങ്ങളും അടിക്കടി സംസ്കൃതത്തിൽ നിന്നു കടം വാങ്ങി വിഭക്തിരൂപംമാത്രം മലയാള വ്യാകരണപ്രകാരമാക്കി ഒരു കാതം വഴി നീളത്തിൽ” എഴുതിക്കൂട്ടിയിട്ടുള്ള ഗദ്യങ്ങളാണു് പ്രബന്ധങ്ങളിൽ പലതിലുമുള്ളതു്.
