പദ്യസാഹിത്യചരിത്രം. രണ്ടാമദ്ധ്യായം

പ്രാചീനമണിപ്രവാളം

ഇങ്ങനെ മീമാംസക മതത്തിൻ്റെ പ്രചാരത്തിനു സൗകര്യം സിദ്ധിച്ചതോടെ ഈ ആര്യബ്രാഹ്മണർ അചിരേണ കേരളത്തിൽ അധികാര ശക്തിയുള്ള ഒരു വർ​ഗ്ഗമായി പരിണമിക്കാൻ ഇടയായിത്തീരുകയും ചെയ്തു. അവരിൽ ചിലർ ഉയർന്ന ജാതിയിൽപ്പെട്ട ദ്രാവിഡ സ്ത്രീകളെ സംബന്ധം ചെയ്ത് അങ്ങനെയും ഒരു സാമൂഹ്യ ബന്ധം ഇവിടെ പടുത്തുയർത്താതെയുമിരുന്നില്ല. ദ്രാവിഡക്ഷേത്രങ്ങളുടെ ആധിപത്യം പോലും ക്രമേണ ഈ ബ്രാഹ്മണരിൽ സംക്രമിച്ചു തുടങ്ങി. കേരളത്തിലെ ഭൂസ്വത്ത് ഓരോ ക്ഷേത്രത്തോടു് അനുബന്ധിച്ചു് നിലനിന്നിരുന്നതിനാൽ അവയുടെ മുഴുവൻ ആധിപത്യവും അചിരേണ ഈ ബ്രാഹ്മണരിൽ ലയിക്കുകയായി. ഇങ്ങനെ ആയോധനമൊന്നും കൂടാതെ തന്ത്രപരമായി കൈവന്ന ഈ ആധിപത്യത്തെ അവർ അരക്കിട്ടുറപ്പിക്കയും ചെയ്തു. അത് എങ്ങനെ എന്നല്ലേ?

അന്നത്തെ ആര്യബ്രാഹ്മണസംഘത്തിൻ്റെ നേതാവായിരുന്ന ഒരു ഭാർഗ്​ഗവരാമൻ പരശുരാമൻ — ഗോകർണ്ണം മുതൽ കന്യാകുമാരിവരെയുള്ള ഭൂഭാഗത്തെ ചന്ദ്രഗിരിപ്പുഴയെ (പെരുമ്പുഴയെ) മദ്ധ്യസ്ഥാനമാക്കിക്കല്പിച്ചു രണ്ടു ഖണ്ഡമായി വിഭജിച്ചു. ഓരോ ഖണ്ഡത്തേയും 32 ഗ്രാമങ്ങൾ വീതമാക്കി തിരിക്കുകയും ചെയ്തു. മേല്പറഞ്ഞ 64 ഗ്രാമങ്ങളിൽ ഉൾപ്പെട്ട ഈ ഭാർഗ്ഗ വക്ഷേത്രത്തിലെ ബ്രാഹ്മണർ രണ്ടു വിഭാഗമായി തിരിയുവാനാണു പിൽക്കാലത്തു് ഇടവന്നതു്. വടക്കു തുളുഭാഷയും തെക്കു തമിഴുഭാഷയും വ്യവഹാരഭാഷയായി വളർന്നതോടുകൂടി തെക്കും വടക്കുമുള്ള ബ്രാഹ്മണർതമ്മിൽ ഗോത്രബന്ധം പോലും ക്രമേണ ഇല്ലാതായ്വന്നു. ഔത്തരാഹന്മാരെ എമ്പ്രാന്തിരിമാർ അഥവാ തൗളവബ്രാഹ്മണരെന്നും, ദാക്ഷിണാത്യരെ നമ്പൂതിരിമാർ അഥവാ കേരളബ്രാഹ്മണർ എന്നും പ്രത്യേകം വ്യവഹരിക്കുവാനും തുടങ്ങി.