പ്രാചീനമണിപ്രവാളം
ചന്ദ്രഗിരിപ്പുഴയ്ക്കു തെക്കുള്ള 32 ഗ്രാമങ്ങളേ വാസ്തവത്തിൽ കേരളചരിത്രത്തിൽ ഉൾപ്പെടുന്നുള്ളു. പ്രസ്തുത ഗ്രാമങ്ങളെ ഭരണ സൗകര്യത്തിനായി നാലു കഴകങ്ങളായി തിരിച്ചു. ഓരോ കഴകത്തിൻ്റേയും രക്ഷയ്ക്കായി തളിയാതിരി എന്ന സ്ഥാനപ്പേരിൽ ഓരോ പുരുഷന്മാരെയും നിയമിച്ചു. പെരിഞ്ചെല്ലൂർ, പയ്യന്നൂർ, പറപ്പൂർ (പന്നിയൂർ), ചെങ്ങന്നൂർ, എന്നിവയായിരുന്നു മേല്പറഞ്ഞ നാലു കഴകങ്ങൾ. ഓരോ കഴകത്തിലുമുൾപ്പെട്ട അനേകം ക്ഷേത്രങ്ങളിൽ ചിലതിനു പ്രാധാന്യം നല്കിയിരുന്നു. അത്തരം പ്രധാന ക്ഷേത്രങ്ങളിൽ ബ്രാഹ്മണരുടെ സംസ്കൃത വിദ്യാഭ്യാസത്തിനു് – വേദങ്ങൾ, വൈദിക കർമ്മങ്ങൾ, ശാസ്ത്രങ്ങൾ എന്നിവയുടെ പഠനത്തിനു് – എല്ലാവക സൗകര്യങ്ങളും ഏർപ്പെടുത്തുകയും ചെയ്തു. നമ്പൂതിരിമാരുടെ വിദ്യാഭ്യാസത്തിനായി അങ്ങനെ അക്കാലത്തു് ഏർപ്പെടുത്തിയവയാണു തൃശ്ശിവപേരൂർ, തിരുനാവാ, ചൊവ്വന്നൂർ തുടങ്ങിയ 18 സഭാമഠങ്ങൾ. ഇതിനു മുമ്പ് പ്രസ്താവിച്ച കൂത്ത് എന്ന കഥാപ്രസംഗത്തിനും കൂടിയാട്ടം എന്ന സംസ്കൃത നാടകാഭിനയത്തിനും ഈവക ക്ഷേത്രങ്ങൾ പ്രധാന സങ്കേതങ്ങളായി പരിണമിക്കയും ചെയ്തു. ഏവംവിധമായി വന്നണഞ്ഞ സംഭവ വികാസങ്ങൾവഴിക്കാണ് ആര്യന്മാരായ നമ്പൂതിരിമാർക്ക് കേരളത്തിൽ ഭദ്രതയും ആധിപത്യവും നേടാൻ കഴിഞ്ഞതെന്നു ചുരുക്കിപ്പറയാനേ ഇവിടെ നിവൃത്തിയുള്ളു.
