പ്രാചീനമണിപ്രവാളം
മണിപ്രവാളഭാഷ: കൂത്തു പറയുമ്പോൾ സംസ്കൃത ശ്ലോകങ്ങൾ ദ്രാവിഡ പദങ്ങൾ ഇടകലർത്തി വ്യാഖ്യാനിച്ചും, കൂടിയാട്ടത്തിൽ വിദൂഷകൻ്റെ ഫലിത പ്രകടനങ്ങളിൽ ഭാഷാപദങ്ങൾ ഇടകലർത്തി പ്രയോഗിച്ചും വന്നതായി ഇതിനുമുമ്പേ പ്രസ്താവിച്ചുവല്ലോ. ഇങ്ങനെ സംസ്കൃതവും മലയാളവും ഇടകലർന്നു് ഒരു മിശ്രഭാഷ അഥവാ ഒരു വികൃതഭാഷ, എന്നുതന്നെ പറയട്ടെ, ആര്യന്മാരുടേയും ആര്യ മതത്തിൻ്റേയും പ്രാബല്യത്തോടുകൂടി കേരളത്തിൽ പ്രചരിച്ചു തുടങ്ങി. ദ്രാവിഡരായ കേരളീയരുമായി ഇടപഴകി ജീവിക്കേണ്ടിവന്ന ആദിമഘട്ടങ്ങളിൽ ഈ ഭാഷതന്നെയായിരിക്കാം കേരള ബ്രാഹ്മണർ സംസാരഭാഷയായി കൈക്കൊണ്ടിരുന്നതു്. നമ്പൂരിമാർ ദ്രാവിഡരിൽ ഉയർന്ന വർഗ്ഗത്തിലെ സ്ത്രീകളെ ഭാര്യമാരായി സ്വീകരിച്ച് ആര്യദ്രാവിഡബന്ധം രൂഢമൂലമാക്കിത്തീർത്തതോടെ ഈ മിശ്രഭാഷാ പ്രയോഗ പരീക്ഷണം ശീഘ്രഗതിയിൽ വിജയശ്രീലാളിതമായിത്തീരുകയും ചെയ്തു. “ആര്യയർ പേശും തമിഴ് കേട്ടാൽ ചിരി”യാകും എന്ന ചൊല്ലു നമ്പൂരിമാരുടെ അന്നത്തെ ഈ സംഭാഷണഭാഷയെ മുൻനിർത്തി ഉണ്ടായതായിരിക്കണമെന്ന് ഇളംകുളം കുഞ്ഞൻപിള്ള ഊഹിക്കുന്നു. കാലാന്തരത്തിൽ അവരുടെ ഈ സംഭാഷണഭാഷ അല്പമൊക്കെ പരിഷ്കരിച്ച് അവർ ചില സാഹിത്യ കൃതികൾ നിർമ്മിക്കുവാൻ തുടങ്ങി. ഈ വിധത്തിലാണ് മണിപ്രവാളമെന്ന പേരിൽ പ്രസിദ്ധമായ ഒരു സംസ്കൃത മിശ്രഭാഷാ പ്രസ്ഥാനം കേരളത്തിൽ ഉടലെടുത്തതു. ”ചാക്യാന്മാരുടെ കൂടിയാട്ടത്തിൽ നിന്നായിരിക്കണം മണിപ്രവാള പ്രസ്ഥാനം ഉത്ഭവിച്ചതു്” * (മണിദീപം, പേജ് 76-കെ. പി. നാരായണപ്പിഷാരോടി) എന്ന പ്രസ്താവവും നോക്കുക)
