പദ്യസാഹിത്യചരിത്രം. രണ്ടാമദ്ധ്യായം

പ്രാചീനമണിപ്രവാളം

എന്നാൽ അനന്യ സാധാരണമായ ഈ അഭിനവ പ്രസ്ഥാനം കേരളത്തിൽ എന്നുമുതൽ കാവ്യസ്വരൂപം കൈക്കൊണ്ടു പ്രകാശിച്ചുതുടങ്ങി എന്നു നിർവ്വിവാദം പറയുവാൻ നിവൃത്തിയില്ല. തോലൻ എന്ന കവി കൂടിയാട്ടത്തിൽ നായകൻ ചൊല്ലുന്ന ശ്ലോകങ്ങൾക്ക്, വിദൂഷകൻ്റെ ആവശ്യത്തിലേക്ക് ഒട്ടുവളരെ പ്രതി ശ്ലോകങ്ങൾ നിർമ്മിച്ചിട്ടുള്ളതായി പ്രസിദ്ധിയുണ്ട്. ഈ തോലൻ കൊല്ലവർഷാരംഭത്തിൽ മഹോദയപുരം വാണിരുന്ന കുലശേഖര ചക്രവർത്തിയുടെ നർമ്മ സചിവനായിരുന്നുവെന്നുള്ള പ്രസ്താവം ശരിയാണെങ്കിൽ അക്കാലത്തിനു മുമ്പുതന്നെ ഭാഷാ സംസ്കൃത സമ്മിശ്രമായ ഈ മണിപ്രവാളരീതി ഉത്ഭവിച്ചുകഴിഞ്ഞുവെന്നു തീരുമാനിക്കാവുന്നതാണ്. ഇന്നു് തോലൻ്റേതെന്നു പറഞ്ഞുവരുന്ന വികടസരസ്വതി, കൊല്ലവർഷാരംഭത്തിലേതുതന്നെയോ എന്നു പലർക്കും സംശയം തോന്നാം. എന്തുകൊണ്ടെന്നാൽ ഭാഷയുടെ മുന്നേറ്റം ആവക കൃതികളിൽ അത്രത്തോളം തെളിഞ്ഞുകാണുന്നു. ചാക്യാന്മാർ ചൊല്ലിച്ചൊല്ലി ആദിമ രൂപത്തിൽനിന്നു പല മാറ്റങ്ങളും കാലാന്തരത്തിൽ അവയ്ക്കു വന്നുചേർന്നു എന്നുംവരാം. തോലൻ്റേതല്ലെന്നും വരാം. ചിലതു് ഇടക്കാലത്തു ചാക്യാന്മാർ കൂട്ടിച്ചേർത്തിട്ടുള്ളതാണെന്ന പണ്ഡിത മതവും ചിന്തനീയമാണു്.