പദ്യസാഹിത്യചരിത്രം. രണ്ടാമദ്ധ്യായം

പ്രാചീനമണിപ്രവാളം

ലീലാതിലകം : എന്നാൽ ഒരു കാര്യം അസന്ദിഗ്ദ്ധമായി പറയുവാൻ സാധിക്കും. മണിപ്രവാള സ്വരൂപത്തെ വിവരിക്കുന്നതായ ഒരു ലക്ഷണഗ്രന്ഥം നമുക്കിന്നു ലഭിച്ചിട്ടുണ്ട്; ലീലാതിലകം. അക്കാലത്തു കേരളത്തിൽ പ്രചാരത്തിലിരുന്ന മണിപ്രവാള ഭാഷയുടെ ലക്ഷണത്തെ മുഖ്യമായി ലക്ഷീകരിച്ചു നിർമ്മിച്ചിട്ടുള്ള ഒരു ശാസ്ത്ര ഗ്രന്ഥമാണിതു്. എട്ടു ശില്പങ്ങളുള്ള പ്രസ്തുത ഗ്രന്ഥത്തിൻ്റെ ഒന്നാം ശില്പത്തിൽ, മണിപ്രവാള ലക്ഷണവും വിഭാഗങ്ങളും വിശദീകരിക്കുന്നു. രണ്ടുമുതൽക്കുള്ള ശില്പങ്ങളിൽ വ്യാകരണം, ദോഷം, ഗുണം, അലങ്കാരം, രസം ഇവയെപ്പറ്റി ചർച്ചചെയ്യുന്നു. സൂത്രം, വൃത്തി, ഉദാഹരണം എന്നിങ്ങനെയാണു ഓരോ ശില്പത്തിലേയും പ്രതിപാദന രീതി. സൂത്രവും വൃത്തിയും സംസ്കൃതത്തിലാണു് വിരചിതമായിട്ടുള്ളത്. ഉദാഹരണങ്ങളെല്ലാം ഭാഷാകൃതികളിൽനിന്നു് ഉദ്ധരിച്ചിരിക്കുന്നു. ഉദാഹരണ ശ്ലോകങ്ങളിൽനിന്നു സന്ദേശങ്ങൾ, ചമ്പുക്കൾ, ഈശ്വര സ്തോത്രങ്ങൾ, നായികാവർണ്ണനകൾ, ഉത്സവവർണ്ണനകൾ, പ്രസ്ഥാനത്തില ഇങ്ങനെ വിവിധ രൂപത്തിലും പ്രസ്ഥാനത്തിലുമായി വളർന്നുകഴിഞ്ഞ സാമാന്യം വിപുലമായ ഒരു സാഹിത്യസരണി അക്കാലത്തു കൈരളിയിൽ ആവിർഭവിച്ചു കഴിഞ്ഞിരുന്നുവെന്നു സംശയരഹിതമായി വെളിപ്പെടുന്നു. ഉദാഹരണശ്ലോകങ്ങളുടെ ഉത്പത്തി സ്ഥാനമായ മൂലകൃതികളിൽ പലതും ഇന്നും അലഭ്യങ്ങളാണു്. അതിരിക്കട്ടെ.