പദ്യസാഹിത്യചരിത്രം. രണ്ടാമദ്ധ്യായം

പ്രാചീനമണിപ്രവാളം

എന്നീ മട്ടിൽ മലയാളത്തിലും വിശേഷണ വിശേഷ്യങ്ങൾക്കു വിഭക്തിപ്പൊരുത്തം വരുത്തുന്ന സമ്പ്രദായവും അക്കാലത്തു മണിപ്രവാളത്തിൽ സ്വീകരിച്ചു പോന്നു. ഒടുവിൽ പറഞ്ഞ രണ്ടു രീതികളും കാലാന്തരത്തിൽ നിശ്ശേഷം തിരോഭവിക്കയാണുണ്ടായതു്. ”മണിപ്രവാളത്തിൽ ആദ്യകാലത്ത് മൂന്നു തരത്തിലുള്ള പദ്ധതികൾ ഉദ്ദേശിക്കപ്പെട്ടിരുന്നു. 1. ലളിതങ്ങളായ മലയാള പദങ്ങളും, വിഭക്ത്യന്തങ്ങളായ സംസ്കൃത പദങ്ങളും കലർത്തി ഉപയോഗിക്കുക. 2. മലയാള പദങ്ങളെ സംസ്കൃതീകരിക്കുക. 3. സംസ്കൃതത്തെ അനുകരിച്ചു മലയാളത്തിലും വിശഷണ വിശേഷ്യങ്ങൾക്കു വിഭക്തിപ്പൊരുത്തം വരുത്തുക. ഇവയാണു ആ മൂന്നു പദ്ധതികൾ. ഇവയിൽ ഒന്നാമത്തെ ഇനം മാത്രമാണു് വിജയശ്രീലാളിതമായി തീർന്നത്. ബാക്കി രണ്ടു പരിശ്രമങ്ങളും പരാജയമടഞ്ഞു.” * (മലയാള സാഹിത്യം, പേജ് 58-ഏ.ഡി. ഹരിശർമ്മ.)

”തമിഴ്മണി സംസ്കൃതപവിഴം കോർക്കിൻ്റേൻ വൃത്തമാന ചെന്നൂന്മേൽ” എന്നു യോഗപഞ്ചകത്തിലെ പദ്യത്തിൽ പ്രസ്താവിച്ചിട്ടുള്ളതുപോലെ ‘ഭാഷാസംസ്കൃതയോഗം’ മണിപ്രവാളത്തിൽ ഇന്നും നിലനിന്നുവരികയാണ്. എന്നാൽ, വിഭക്ത്യന്തങ്ങളായ സംസ്കൃത പദങ്ങളെ കൈരളി ഇന്നുപേക്ഷിച്ചിരിക്കയുമാണു്. പക്ഷേ, ‘ഭാഷാസംസ്കൃതയോഗ’ത്തിൽ ‘സംസ്കൃതമണി തളിർ തമിഴും’ എന്നൊരു സ്ഥാനവ്യത്യാസം ഇന്നത്തെ ‘മണിപ്രവാള’ത്തിനു് ഇടക്കാലത്തു സംഭവിക്കാതെയുമിരുന്നിട്ടില്ല. ഈ അപ്രകൃതം ഇവിടെ നില്ക്കട്ടെ.

ലീലാതിലകത്തിൻ്റെ രചനാകാലത്തെപ്പറ്റി അഭിപ്രായഭേദങ്ങളുണ്ട്. എന്നുവരികിലും കൊല്ലവർഷം 560-നും 575-നും ഇടയ്ക്കായിരിക്കണം അതിൻ്റെ നിർമ്മാണമെന്നു പ്രാമാണികന്മാരായ മിക്ക പണ്ഡിതന്മാരും അഭിപ്രായപ്പെട്ടു കാണുന്നു. ആ സ്ഥിതിക്ക് കൊല്ലവർഷം ആറാം നൂറ്റാണ്ടിൻ്റെ പൂർവ്വാർദ്ധത്തിനു മുമ്പുതന്നെ മലയാളത്തിൽ മണിപ്രവാള കവിത ധാരാളമായി പ്രചരിച്ചിരുന്നു വെന്നു വിചാരിക്കുന്നതിൽ അബദ്ധമൊന്നുമില്ല.