ഗദ്യസാഹിത്യചരിത്രം. ഒന്നാമദ്ധ്യായം

ഭാഷയുടെ ഉത്പത്തി

പ്രാരംഭം! മനോഭാവങ്ങളെ പരസ്പരം ഗ്രഹിപ്പിക്കുവാനുള്ള ഒരു മാർ​​ഗ്ഗമാണ് ഭാഷ. ആദിമമനുഷ്യൻ അവൻ്റെ അന്തർഗ്ഗതങ്ങളെ ആംഗ്യ ങ്ങൾകൊണ്ടും ആലാപങ്ങൾകൊണ്ടും മറ്റുമായിരിക്കാം വെളിപ്പെടുത്തിയിരുന്നതു്. വേട്ടയാടി വന്യമൃഗങ്ങൾക്കൊപ്പം കാടുകളിൽ ജീവിച്ചിരുന്ന പ്രാചീന മനുഷ്യന്. “ഓടിക്കൊൾവിൻ”, “ഇതാ ഒരു മാൻ” എന്നിങ്ങനെ ചൂർണ്ണികാരീതിയിൽ വ്യക്തമാക്കേണ്ട ആശയങ്ങളും ആവശ്യങ്ങളുമേ ആരംഭത്തിലുണ്ടായിരുന്നുള്ളു. ക്രമേണ അവൻ സംസ്‌കാരത്തെ പ്രാപിച്ചുവന്നതോടെ അറിവും ആവശ്യങ്ങളും വർദ്ധിച്ചുവരികയും, അവയെ അവന് പില്ക്കാലത്തേക്കു സൂക്ഷിക്കേണ്ടതായി വന്നുകൂടുകയും ചെയ്തു. ഈ ഘട്ടത്തിൽ അവൻ പുതിയ പുതിയ ശബ്ദങ്ങളെ സൃഷ്ടിക്കുകയും, അവയെ അർത്ഥക്ലിപ്തതയോടുകൂടി ചിത്രീകരിക്കുന്നതിനുള്ള ചില കൃത്രിമസൂത്രങ്ങൾ പ്രയോഗിക്കുകയും ചെയ്തിരിക്കണം. ലിപികളുടേയും അക്ഷരങ്ങളുടേയും ഉൽപത്തി ഇങ്ങനെയായിരിക്കുവാനാണ് ഇടയുള്ളതെന്ന് അഭിജ്ഞൻമാർ അഭിപ്രായപ്പെടുന്നു.

ലിപിവിദ്യ ഏർപ്പെട്ടതുമുതൽ ഗദ്യപ്രസ്ഥാനവും ആരംഭിച്ചു എന്നുതന്നെ പറയാം. അതുവരെ സംഭാഷണങ്ങളിൽ മാത്രം വെളിപ്പെട്ട് അപ്പോഴപ്പോൾ വായുവിൽ ലയിച്ചുകൊണ്ടിരുന്ന ഗദ്യത്തിനു്, അന്നു് ഒരു വ്യക്തരൂപം ഉണ്ടാകുവാൻ ഇടയില്ല. ഗദ്യസാഹിത്യത്തിനു വളരെ മുൻപുതന്നെ പദ്യപ്രസ്ഥാനം ഉത്ഭവിച്ചിരിക്കുവാനിടയുണ്ടു്. മനുഷ്യൻ്റെ ഉത്സാഹത്തിൻ്റെയും വിനോദത്തിൻ്റെയും ബഹിഃപ്രകടനമാണു് പദ്യം. ലേഖനസമ്പ്രദായം ഏർപ്പെടാതിരുന്ന അതിപ്രാചീനകാലങ്ങളിൽ ഗാനാത്മകമായ ഈ പ്രസ്ഥാനം മനുഷ്യൻറെ ഓമ്മശക്തിയിൽ വളരെക്കാലം വളർന്നിരുന്നു. ശ്രുതിമധുരമായ പദ്യങ്ങൾക്കു് പരഹൃദയപ്രവേശനത്തിനുള്ള ഒരു പ്രത്യേക ശക്തിതന്നെയുണ്ടു്. അതിനാലത്രേ എല്ലാ സാഹിത്യങ്ങളുടേയും പ്രാരംഭം പദ്യസ്വരൂപമാണെന്നു ശബ്ദനിഷ്ണാതന്മാർ അഭിപ്രായപ്പെടുന്നതു്.