ഭാഷയുടെ ഉത്പത്തി
പട്ടയങ്ങളുടെ കാലം: കേരളചക്രവർത്തിമാർ യഹൂദന്മാർക്കും ക്രിസ്ത്യാനികൾക്കും കൊടുത്തിട്ടുള്ളതായി പറഞ്ഞുവരുന്ന താമ്രശാസനങ്ങൾ, ചില പുരാതന ക്ഷേത്രങ്ങളിലെ ശിലാലേഖനങ്ങൾ എന്നിവയാണു് പ്രാചീന മലയാളഗദ്യത്തിൻ്റെ മാതൃകകളായി പ്രദർശിപ്പിക്കുവാൻ നമുക്കിന്നു ലഭിച്ചിട്ടുള്ള ലക്ഷ്യങ്ങൾ. താമ്രശാസനങ്ങളുടെ കാലത്തെപ്പറ്റി പ്രാമാണികന്മാരായ പണ്ഡിതന്മാരുടെ ഇടയിൽ പ്രബലമായ അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഏ. ഡി. മൂന്നും നാലും ശതകങ്ങൾക്കിടയിലാണു് അതിൻ്റെ ഉത്ഭവമെന്നു നാഗമയ്യ, പി. ശങ്കുണ്ണിമേനോൻ, ഫാദർ ബർണ്ണാർദ്, കെ. എൻ. ഡാനിയേൽ മുതലായവരും, എട്ടും ഒൻപതും നൂറ്റാണ്ടുകൾക്കിടയിലാണെന്നു ഡോക്ടർ ബർണ്ണൽ തുടങ്ങിയവരും പ്രസ്താവിക്കുന്നു. ജൂതന്മാരുടെ ശാസനം 7-ാം നൂറ്റാണ്ടിന്റെ ഒടുവിലോ, 8-ാം നൂറ്റാണ്ടിൻ്റെ ആദിയിലോ ഉണ്ടായതായിരിക്കണമെന്നും, ക്രിസ്ത്യാനികളുടേതായി വിചാരിക്കുന്ന വീരരാഘവപ്പട്ടയം, ക്രി. പി. 774-ാം മാണ്ടും, രണ്ടാമത്തേതു് 824-ാമാണ്ടും ഉണ്ടായതെന്നുമാണു ഡോക്ടർ ബർണ്ണൽ അഭിപ്രായപ്പെടുന്നതു്. ഗദ്യം എപ്പോൾ എഴുതിത്തുടങ്ങിയെന്നു തീർച്ചപറയാൻ പാടില്ലെങ്കിലും, ഏകദേശം കലിവർഷം 3300-നിപ്പുറം എഴുതിത്തുടങ്ങിയെന്നൂഹിക്കാമെന്ന് സർവ്വാധികാര്യക്കാർ പി. ഗോവിന്ദപ്പിള്ള അഭിപ്രായപ്പെട്ടുകാണുന്നത് ചെമ്പുപട്ടയങ്ങളെ ആധാരമാക്കിയാകയാൽ അവയുടെ കാലം 3-ം 4-ം നൂറ്റാണ്ടുകൾക്കു മദ്ധ്യേയാണെന്ന് അദ്ദേഹത്തിനും അഭിപ്രായമുള്ളതായി വിചാരിക്കാം.
കൊച്ചിരാജ്യചരിത്രകർത്താവായ കെ. പി. പത്മനാഭമേനോൻ ഡോക്ടർ ബണ്ണലിൻ്റെ അഭിപ്രായത്തെ അനുഗമിച്ചു ചെമ്പുപട്ടയങ്ങൾ,
8-ം 9-ം നൂററാണ്ടുകൾക്കു മദ്ധ്യേ ഉത്ഭവിച്ചിട്ടുള്ളവയായിരിക്കണമെന്നൂഹിക്കുന്നു.(കൊച്ചിരാജ്യചരിത്രം, ഒന്നാം പുസ്തകം, പേജ് 116). കേരളപാണിനീയകർത്താവായ പ്രൊഫ്‌സർ രാജരാജവർമ്മ കോയിത്തമ്പുരാനും അതേ അഭിപ്രായമാണുള്ളതു്. താമ്രശാസനങ്ങളുടെ കാലത്തെപ്പററിമേൽ പ്രസ്താവിച്ചവയിൽനിന്നു ഭിന്നങ്ങളായി 13-ഓ 14-ഓ നൂററാണ്ടിലായിരിക്കണമെന്നുള്ള അഭിപ്രായങ്ങളുമില്ലാതില്ല. ഇളംകുളം കുഞ്ഞൻപിള്ളയുടെ അഭിപ്രായം അതു 13-ാം നൂററാണ്ടിൽ (1225) നിമ്മിതമായിരിക്കണമെന്നാണു് .*(ചരിത്രപ്രശ്നങ്ങൾ). ടി. കെ. ജോസഫ്, കീൽ ഹോൺ, വെങ്കയ്യ മുതലായവർ അതു 14-ാം നൂററാണ്ടിൽ (1320) നിർമ്മിതമായിരിക്കണമെന്നഭിപ്രായപ്പെടുന്നു. എന്നാൽ ഈ അഭിപ്രായങ്ങൾക്കു വളരെ പ്രാബല്യമില്ലാത്തതിനാൽ മേല്പറഞ്ഞ രണ്ടഭിപ്രായങ്ങളെ മാത്രമേ ഇവിടെ ഗണ്യമായി കരുതുന്നുള്ളു. താമ്രശാസനങ്ങളിലെ ഭാഷ മുതലായവയെ ആസ്പദമാക്കി പര്യാലോചിക്കുമ്പോൾ മുൻപറഞ്ഞവയിൽ രണ്ടാമത്തെ അഭിപ്രായമാണു കൂടുതൽ ഉപപന്നമായി തോന്നുന്നതു്. ആ സ്ഥിതിക്ക്, ക്രിസ്ത്വബ്ദം 8-ം 9-ം നൂറ്റാണ്ടുകൾക്കിടയിൽ, അതായതു കൊല്ലവർഷാരംഭത്തോടടുത്തു്, മലയാളത്തിൽ ലേഖനസമ്പ്രദായം ആരംഭിച്ചുവെന്നു മിക്കവാറും തീരുമാനിക്കാവുന്നതാണു്.
ഗ്രന്ഥലിപികൾ: മലയാളഭാഷയ്ക്കു കഴിഞ്ഞ ഓരോ കാലാന്തരാളങ്ങളിലായിട്ടു് വട്ടെഴുത്തു്, കോലെഴുത്തു്. ആര്യഎഴുത്തു് എന്നിങ്ങനെ മൂന്നുതരം ഗ്രന്ഥലിപികൾ നടപ്പായിട്ടുള്ളതായി കാണുന്നു. ‘മകൊതെയർ പട്ടണത്തു ഇരവികൊറ്ത്തർനനായ ചേരമാൻ ലോകപ്പെരുംചെട്ടിക്കു മണിക്കിരാമപട്ടം കൊടുത്ത’തും മററുമായ സംഗതികളെ വിവരിക്കുന്നതും, മേൽപ്രസ്താവിച്ചതുമായ താമ്രശാസനങ്ങൾ മൂന്നും വട്ടെഴുത്തും കോലെഴുത്തും കലർന്നിട്ടുള്ള വയാണെന്ന് അവ സൂക്ഷ്മമായി പരിശോധിച്ചിട്ടുള്ള ഭാഷാശാസ്ത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ടു്. 17-ാം നൂറ്റാണ്ടിൻെറ ഒടുവുവരെ, മലയാളത്തിൽ സാധാരണ എഴുത്തുകുത്തുകൾ നടത്തിയിരുന്നതു വട്ടെഴുത്തിൽത്തന്നെയായിരുന്നുവെന്നു 1662-ലെ പാലിയം വക ഒരു താമ്രശാസനത്തെ ഉദാഹരിച്ചുകൊണ്ടു് കെ. പി. പത്മനാഭമേനോൻ അഭിപ്രായപ്പെടുന്നു. എന്നാൽ 8-ം 9–ംനൂറ്റാണ്ടുകൾക്കിടയിൽ വട്ടെഴുത്തുകളുടെ ഉപയോഗം ശൂന്യമായിത്തുടങ്ങിയെന്നു ‘മാർത്തോമ്മാക്രിസ്ത്യാനികൾ’ എന്ന കൃതിയുടെ കർത്താവായ ഫാ. ബർണ്ണാർദോ പ്രസ്താവിക്കുന്നു.
