ഭാഷയുടെ ഉത്പത്തി
ഒരുപക്ഷേ, വട്ടെഴുത്തിൻ്റെ പ്രകൃതിഭേദമായ കോലെഴുത്തിന് അക്കാലംമുതൽ പ്രചാരം വർദ്ധിച്ചുതുടങ്ങി എന്നുള്ള വസ്തുതയേയായിരിക്കാം ഫാ. ബർണ്ണാർദിൻ്റെ മേല്പറഞ്ഞ അഭിപ്രായം സൂചിപ്പിക്കുന്നതു്. “തിരുവെഴുത്തുകൾ, തിട്ടൂരങ്ങൾ, ആധാരങ്ങൾ, ഗ്രന്ഥവരികൾ മുതലായവയെല്ലാം കോലെഴുത്തിൽ ഉള്ളവയാണെന്നു കാണാം. രജിസ്ട്രേഷൻ നിയമം നടപ്പാകുന്നതുവരെ ചില രാജാക്കന്മാർ, ഇടപ്രഭുക്കന്മാർ മുതലായവർ കോലെഴുത്തിൽ അല്ലാതെ ആധാരങ്ങൾ ചെയ്തുകൊടുക്കാറില്ലായിരുന്നു. ഈ അക്ഷരത്തിനു വടക്കൻദിക്കുകളിൽ സാധാരണ പറഞ്ഞുവരുന്ന പേർ ‘മലയാംതമിഴ്’ എന്നാണു്. തിരുവിതാംകൂറിൽ ‘മലയായ്മ’ എന്നും പറയും. പഴയ ഗ്രന്ഥവരികൾ. പ്രമാണങ്ങൾ മുതലായവയെല്ലാം മലയാംതമിഴിലല്ലാതെ കാണുന്നതല്ല.”*(വട്ടെഴുത്തക്ഷരങ്ങൾ – കെ. പി. പത്മനാഭമേനോൻ”).
ഈ വിഷയത്തെസ്സംബന്ധിച്ചു പത്മനാഭമേനോൻ പുറപ്പെടുവിച്ചിട്ടുള്ള മറ്റൊരഭിപ്രായംകൂടി കേൾക്കുക:
“സാഹിത്യഗ്രന്ഥങ്ങൾ എഴുതുന്നതിനു് ആര്യ എഴുത്തുകളെ ഉപയോഗിച്ചുവന്നിരുന്നുവെങ്കിലും സാധാരണ എഴുത്തുകുത്തുകൾക്ക് ക്രി. അ. 17-ാം നൂറ്റാണ്ടിൻ്റെ അവസാനംവരെ വട്ടെഴുത്തക്ഷരങ്ങളാണ് ഉപയോഗിച്ചിരുന്നതു്. കൊല്ലവർഷം 838-ക്ക് ക്രി. അ. 1663-ാമാണ്ടിൽ കൊച്ചി തമ്പുരാൻ രാജ്യഭാരത്തെ സംബന്ധിച്ചു ചെയ്തുവെച്ച ഒരേർപ്പാടിനെ കാണിക്കുന്നതും ഇപ്പോൾ പാലിയത്തച്ചൻ്റെ കൈവശത്തിലുള്ളതുമായ താമ്രശാസനം വട്ടെഴുത്തക്ഷരത്തിൽ എഴുതപ്പെട്ടിരിക്കുന്നു. വാചകത്തിൽ തമിൾ വാക്കുകളും മറ്റും ഉപയോഗിച്ചിട്ടുണ്ട്. ഇതിന് അടുത്തകാലത്ത് കൊച്ചിയിൽ ഡച്ചു ഗവർണ്ണറായിരുന്ന വാൻറീഡ് എന്ന ആൾ ഉണ്ടാക്കി ഹോളണ്ടിൽ പ്രസിദ്ധപ്പെടുത്തിയ ‘മലയാളത്തിലെ സസ്യശാസ്ത്രം’ എന്ന പുസ്തകത്തിൽ ഇട്ടി അച്ചുതൻ എന്ന ഒരു ഈഴവൻ എഴുതിയ ഒരു എഴുത്തു് അച്ചടിച്ചിട്ടുണ്ടു്. ഇതു വട്ടെഴുത്തക്ഷരത്തിലാണു്. കേരളത്തിൽ രാജാക്കന്മാർ, പ്രഭുക്കന്മാർ മുതലായവർ ചെയ്തുകൊടുത്തിരുന്ന തിരുവെഴുത്തുകൾ, തീട്ടൂരങ്ങൾ, തീടുകൾ മുതലായവ വട്ടെഴുത്തിൻ്റെ പ്രകൃതഭേദമായ കോലെഴുത്തിൽ എഴുതി വന്നിരുന്നു. 80 കൊല്ലങ്ങൾക്കുമുമ്പെ വട്ടെഴുത്തിലും കോലെഴുത്തിലും എഴുതിയിട്ടുള്ള ആധാരങ്ങൾ ഇപ്പോൾ കാണുന്നുണ്ട്. രജിസ്ട്രേഷൻ നിയമം നടപ്പായതുവരെ ചില ജന്മിമാർ ചെയ്തുകൊടുക്കുന്ന കരണങ്ങളിൽ ഈവക അക്ഷരങ്ങൾ അല്ലാതെ ഉപയോഗിക്കാറില്ല.”* (കൊച്ചിരാജ്യചരിത്രം, 1-ാം പുസ്തകം, പേജ് 567).
മലയാളത്തിൽ സംസ്കൃതപദങ്ങൾ അധികമായപ്പോൾ ആര്യഎഴുത്തു് എന്ന ഗ്രന്ഥലിപി ഉപയോഗിച്ചുതുടങ്ങി. അതുവരെ സംസ്കൃതപദങ്ങളെ തത്ഭവങ്ങളാക്കി വട്ടെഴുത്തിൽത്തന്നെ എഴുതിവന്നു. ഇപ്പോൾ കാണുന്ന ഗ്രന്ഥാക്ഷരങ്ങൾ ഏകദേശം ഏ. ഡി. 1300 മുതൽ എഴുതിത്തുടങ്ങിയതായിരിക്കണമെന്നു പല പണ്ഡിതന്മാർക്കും അഭിപ്രായമുണ്ടു്. സംസ്കൃതത്തിലെ കാവ്യങ്ങൾ മുതലായവ രേഖപ്പെടുത്തി ഗ്രന്ഥമായി സൂക്ഷിച്ചുപോന്നതിനാലാണു് ഈ ലിപികൾക്കു ഗ്രന്ഥാക്ഷരങ്ങൾ എന്ന പേരുണ്ടായിട്ടുള്ളതു്. തമിഴിൽ സംസ്കൃത ‘കാവ്യങ്ങൾ പകർത്തിയിരുന്നതും ഗ്രന്ഥാക്ഷരത്തിലായിരുന്നു. മലയാളഭാഷ എഴുതുവാൻ ഒന്നാമതായി ആര്യലിപി ഉപയോഗിച്ചതു കിളിപ്പാട്ടുകളുടെ ജനയിതാവായ തുഞ്ചത്തെഴുത്തച്ഛനാണെന്നു പ്രബലമായ ഒരഭിപ്രായമുണ്ടല്ലോ.
