ഭാഷയുടെ ഉത്പത്തി
എന്നാൽ ആ അഭിപ്രായം ശരിയെന്നുപറയുവാൻ നിവൃത്തിയില്ല. എന്തുകൊണ്ടെന്നാൽ കണ്ണശ്ശൻ, ചെറുശ്ശേരി മുതലായ പൂർവ്വകവികളുടെ
കൃതികളിലും ഗണ്യമായവിധത്തിൽ ഗീർവാണപദങ്ങൾ പ്രയോഗിച്ചു കാണുന്നുണ്ടു്. അവയും ആര്യലിപിയിൽ എഴുതിയിരിക്കുവാനാണു് അധികം ന്യായം കാണുന്നതു്. അത്രതന്നെയുമല്ല ‘ഭാഷാകൗടലീയം’ തുടങ്ങിയ ചില പ്രാചീനകൃതികളും പ്രസ്തുത ലിപികളിൽത്തന്നെ എഴുതിയിരിക്കുവാനാണു് ഇടയുള്ളതു്. അങ്ങനെയെങ്കിൽ 17-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന എഴുത്തച്ഛനു് എത്രയോ മുമ്പുതന്നെ അര്യ എഴുത്തു മലയാളത്തിൽ നടപ്പായിത്തുടങ്ങിയെന്നു അനുമാനിക്കുന്നതിൽ അപകടമൊന്നുമുണ്ടെന്നു തോന്നുന്നില്ല *(ഈ ഗ്രന്ഥകാരൻ്റെ പദ്യസാഹിത്യചരിത്രത്തിൽ ഈ വസ്തുത വ്യക്തമാക്കിയിട്ടുണ്ട് ഒരു പക്ഷേ, ആര്യലിപിയിൽ എഴുതിയ രാമായണഭാരതാദി കിളിപ്പാട്ടുകൃതികളുടെ പ്രചാരത്തോടുകൂടി ഈ ലിചികൾക്കു കേരളത്തിൽ സാർവ്വത്രികമായ പ്രചാരം ലഭിച്ചതുകൊണ്ടായിരിക്കാം, അങ്ങനെ ഒരു വിശ്വാസം ജനസമുദായത്തിൽ രൂഢമൂലമായിത്തീർന്നിട്ടുള്ളതു്. എഴുത്തച്ഛൻ്റെ മകൾ എഴുതിയതെന്നു് ഇപ്പോഴും വിശ്വസിച്ചുപോരുന്നതും വെളുത്താട്ടുമനയ്ക്കൽ സൂക്ഷിച്ചുവരുന്നതുമായ രാമായണം, ഭാഗവതം എന്നീ ഗ്രന്ഥങ്ങൾ, കഴിഞ്ഞവർഷം (1961 ഡിസംബറിൽ) തിരൂർ തുഞ്ചൻപറമ്പിൽവെച്ചു നടത്തിയ ആഘോഷങ്ങളോടനുബന്ധിച്ചു പ്രദർശിപ്പിച്ചിരുന്നത് ഈ ലേഖകൻ കാണുകയുണ്ടായി. അവയിലെ അക്ഷരങ്ങൾ ഏതാണ്ടു് ഒരു നൂറ്റമ്പതു വർഷങ്ങൾക്കുമുമ്പുള്ള കരണങ്ങളിൽകാണുന്ന അഷരങ്ങൾപോലെതന്നെയാണു് ഈ ഗ്രന്ഥകാരനു തോന്നിയതു്. ഒരുപക്ഷേ, പ്രസ്തുത ഗ്രന്ഥങ്ങൾ സാക്ഷാൽ കൈയെഴുത്തുപ്രതിയുടെ പിന്നീടുണ്ടായ ഏതെങ്കിലും പകർപ്പായിരിക്കാം. ഈ അപ്രകൃതം അവിടെ നില്ക്കട്ടെ. എന്നാൽ, മുമ്പു പ്രസ്താവിച്ചതുപോലെ ആര്യലിപിയുടെ പ്രചാരം വർദ്ധിച്ച ഈ കാലഘട്ടത്തിലും മലയാള ഭാഷയിൽ കാര്യമായ ഗദ്യകൃതികൾ ഒന്നും ഉണ്ടായിട്ടില്ല.
ഏതുഭാഷയുടെയും പ്രാരംഭദശയിൽ പദ്യസാഹിത്യത്തിനേ വളർച്ചയുണ്ടായിട്ടുള്ളു എന്ന് ചരിത്രം ഘോഷിക്കുന്നു. മലയാളഭാഷയുടെ സ്ഥിതിയും അതിൽനിന്ന് അധികം ഭിന്നമല്ല. നമ്മുടെ ഭാഷയ്ക്ക് ഒരു പ്രത്യേകതകൂടി ഉണ്ടായിട്ടുണ്ടു്. മലയാളം തമിഴിൽ നിന്നും വേർപെട്ട് ഒരു പ്രത്യേകഭാഷ എന്ന നിലയെ പ്രാപിച്ചുതുടങ്ങിയതു് കൊല്ലവർഷാരംഭത്തോടുകൂടിയാണല്ലോ. കൗമാരദശയിലേക്കു കടന്നതുമുതൽ ഭാഷാവധു സംസ്കൃതവരനെത്തന്നെ സർവ്വകാര്യങ്ങളിലും ശരണം പ്രാപിച്ചു. അതിനാൽ ഭാഷാകുടുംബത്തിനു പിന്നീടുണ്ടായ അഭിവൃദ്ധിയെല്ലാം ഭർത്തൃഗൃഹത്തിൽനിന്നു മാത്രമായിത്തീന്നു. സംസ്കൃതത്തെപ്പോലെ പദ്യഗ്രന്ഥങ്ങളുടെ പ്രാബല്യവും ബാഹുല്യവും വർദ്ധിച്ച ഒരു ഭാഷ വേറൊന്നില്ലെന്നുള്ളതു പ്രസിദ്ധമാണു്. ദണ്ഡിയുടെ ‘ദശകുമാരചരിതം’, സുബന്ധുവിൻ്റെ വാസവദത്ത, ബാണഭട്ടൻ്റെ കാദംബരി, ഹർഷചരിതം എന്നിങ്ങനെ വളരെച്ചുരുക്കം ഗദ്യകൃതികൾ മാത്രമേ ആ ഭാഷയിലുള്ളു. അത്തരത്തിലുള്ള ഒരു ഭാഷയുമായുള്ള ചാർച്ചയും വേഴ്ചയും മലയാളത്തിൽ അന്യാദൃശമായവിധം പദ്യസമ്പത്തു തഴച്ചുവളരുവാൻ കാരണമായിത്തീരുകയും ചെയ്തു.
മൂന്നു കാലഘട്ടങ്ങൾ: ഭാഷയുടെ വളച്ചയെ ആസ്പദമാക്കി മലയാളഗദ്യസാഹിത്യചരിത്രത്തെ മൂന്നു ഘട്ടങ്ങളായിതിരിക്കാം. ക്രിസ്തുവർഷം 9-ാം നൂററാണ്ടിനു മുമ്പുള്ള ഗദ്യകൃതികളായി താമ്രശാസനങ്ങൾ, ശിലാശാസനങ്ങൾ, ചില തീട്ടൂരങ്ങൾ എന്നിങ്ങനെ ഏതാനും കൃതികൾ മാത്രമേ നമുക്കിന്നു ലഭിച്ചിട്ടുള്ളു. കൈരളീഗദ്യപ്രസ്ഥാനത്തിൻ്റെ പ്രാരംഭവും അക്കാലം മുതലല്ലതന്നെ. അതിനാൽ പ്രസ്തുതകാലഘട്ടത്തെ പുരാണ യുഗമെന്നോ അജ്ഞാതയുഗമെന്നോ നാമകരണം ചെയ്യാം. 9-ാം നൂറ്റാണ്ടുമുതൽ 18-ാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തെ മദ്ധ്യയുഗമായി കല്പിക്കാം. ഇക്കാലത്തു ഗദ്യഭാഷയുടെ പുരോഗതിയെ വിളംബരംചെയ്യുവാൻ പോരുന്ന പല കൃതികളും ഉത്ഭവിച്ചിട്ടുള്ളതായി കാണാവുന്നതാണു്. 18-ാം നൂറ്റാണ്ടുമുതൽ ഇന്നുവരെയുള്ള കാലഘട്ടത്തെ ആധുനിക ഘട്ടമെന്നോ നവീനയുഗമെന്നോ പറയാവുന്നതാണ്. കേരളവർമ്മവലിയകോയിത്തമ്പുരാൻ്റെ കാലശേഷമുള്ള ഘട്ടത്തെ അഭിനവയുഗമെന്നു പ്രത്യേകം വേർതിരിക്കുന്നതുകൊണ്ടും തരക്കേടില്ല. വിവിധപ്രസ്ഥാനങ്ങളാകുന്ന വേഷഭൂഷകളോടുകൂടി കൈരളീഗദ്യമാകുന്ന കുലാംഗന ആംഗ്ലേയരാജന്യസ്ത്രീമണിയുടെ ഹസ്താലംബത്തോടുകൂടി കാലത്തിനൊത്തു മുന്നോട്ടു കുതിച്ചുപായുന്ന ദർശനീയമായ കാഴ്ചയാണു് ഈ അഭിനവഘട്ടത്തിൽ നാം കാണുന്നതു്. ഉല്ലാസപ്രദമായ പ്രസ്തുതരംഗത്തെ ദർശിക്കുന്നതിനുമുമ്പായി ഗദ്യവനിതയുടെ കൗമാരകാന്തിയെ – മദ്ധ്യയുഗവിലാസ – അടുത്ത അദ്ധ്യായങ്ങളിൽ കുറഞ്ഞൊന്നു ദർശിക്കാം. അതിനാൽ ഈ അദ്ധ്യായം, കൊല്ലവർഷാരംഭത്തിനു് 50 വർഷം മുമ്പ്, ശ്രീവീരരാഘവചക്രവർത്തി ചേരമാൻ ലോകപ്പെരുംചെട്ടി എന്നു പറയുന്ന ഇരവികൊർത്തനനു കല്പിച്ചുനൽകിയ ഒരു താമ്രശാസനത്തെ ഉദ്ധരിച്ചുകൊണ്ടു് അവസാനിപ്പിച്ചുകൊള്ളട്ടെ.
