ഭാഷയുടെ ഉത്പത്തി
മലയാളഭാഷയുടെ ഉൽപത്തി: ‘ഭാഷാശാസ്ത്രജ്ഞന്മാരുടെ ഗവേഷണഫലമായി പല ഭാഷകളുടേയും ‘സമാനഗോത്രത’ വെളിപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. പ്രകൃതിപ്രത്യയങ്ങൾ, വാക്യങ്ങൾ തുടങ്ങിയവയുടെ ആന്തരമായ സാദൃശ്യത്തെ മുൻനിറുത്തി, ഇന്നുള്ള പല ഭാഷകൾക്കും പൊതുവായി ഒരു പ്രാചീനദശ കല്പിക്കുകയും, പരസ്പരസാധർമ്മ്യമുള്ള ഭാഷകളെ ഒരേ ഗോത്രത്തിൽ ഉൾപ്പെട്ടാതായി കണക്കാക്കുകയുമാണു് ശാസ്ത്രകാരന്മാർ ചെയ്യാറുള്ളത്. അങ്ങനെ പല ഭാഷാഗോത്രങ്ങളും നിർണ്ണയിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. നാം സംസാരിക്കുന്ന മലയാളം, ദ്രാവിഡഗോത്രത്തിൽപ്പെട്ട ഒരു ഭാഷയാണു്. മലയാളത്തിനുപുറമേ തമിഴ്, തെലുങ്ക്, കന്നട. തുളു മുതലായ ഭാഷകളും ആ ഗോത്രത്തിൽ ഉൾപ്പെട്ടവയായിട്ടുണ്ട്. ഇവയെല്ലാം സങ്കല്പിതമായ ഒരു പ്രാചീനദശയിൽനിന്നു – മൂല ഭാഷയിൽനിന്നു – കാലക്രമത്തിൽ ദേശഭേദങ്ങൾകൊണ്ടും മററും വേർപിരിഞ്ഞ് വെവ്വേറെ വ്യക്തിത്വം പ്രാപിച്ചിട്ടുള്ളവയുമാണു്. പ്രസ്തുത ദ്രാവിഡഭാഷകളെ താരതമ്യവിവേചനം ചെയ്തു് അവയെല്ലാം ഒരു വംശത്തിൽ ജനിച്ചതാണെന്നുള്ള സിദ്ധാന്തം ആദ്യമായി സ്ഥാപിച്ചതു് Comparative Grammar of Dravidian Languages എന്ന കൃതിയുടെ കർത്താവായ ഡോക്ടർ റോബർട്ട് കാൾഡ്വൽ ആണെന്നു തോന്നുന്നു.
ദ്രാവിഡപദത്തിനു് ‘ദ്രവിഡദേശഭവം’ എന്ന അർത്ഥമാണു കല്പിച്ചിട്ടുള്ളതു. ദ്രാവിഡശബ്ദത്തിൻറെ നിഷ്പത്തിയെപ്പറ്റി ഭിന്നാഭിപ്രായങ്ങളുണ്ട്. അതിന്റെ പരിണതരൂപമാണു് തമിഴ്‌ശബ്ദം എന്നു കാൾഡ്വൽ അഭിപ്രായപ്പെടുമ്പോൾ, നേരേമറിച്ചു, തമിഴിന്റെ സംസ്കൃതീകരണമാണു് ദ്രാവിഡശബ്ദമെന്നു കേരളപാണിനി അഭിപ്രായപ്പെടുന്നു. തമിഴ്, തമിൾ, ദമിള, ദ്രമിള, ദ്രമിഡ, ദ്രവിഡ എന്നിങ്ങനെ പല ഭിന്നരൂപസോപാനങ്ങളിൽ കടന്ന് ഒടുവിൽ ദ്രാവിഡമായി പരിണമിച്ചതാണെന്ന് മഹാകവി ഉള്ളൂർ പ്രസ്താവിക്കുന്നു (കേരളസാഹിത്യ ചരിത്രം പേജ് 8). ഡോക്ടർ ഗോദവർമ്മയാകട്ടേ, വേറൊരു രൂപത്തിലാണു് സ്വാഭിപ്രായം വെളിപ്പെടുത്തുന്നതു്. “മുലദ്രാവിഡഭാഷയിൽ ‘ദമിഡു’ എന്നോ മറ്റോ ഒരു രൂപം ഉണ്ടായിരുന്നുവെന്നു വരുന്നപക്ഷം, അതു തമിഴ എന്നു് തമിഴിൽ പരിണമിക്കാവുന്നതോടുകൂടി പ്രാകൃതഭാഷയിലേക്ക് ‘ദമിഡു’ എന്ന നിലയിൽത്തന്നെ സ്വീകരിക്കപ്പെടാവുന്നതുമാണു് … സംസ്കൃതത്തിലെ ദ്രമിഡ്, ദ്രമിള, ദ്രവിഡ എന്നീ രൂപങ്ങൾ ദമിഡ, ദമിള, ദവിഡ എന്നീ പ്രാകൃതരൂപങ്ങൾക്കു നേരായി സംഭാവനം ചെയ്തിട്ടുള്ളവയാകാം… പ്രാകൃതത്തിലുള്ള പദാദിയായ ‘ദ’കാരത്തിനു് രേഫസംസർഗ്ഗം കല്പിതമായതിന്റെ ഫലമാണു് പ്രാകൃതത്തിലെ ദമിഡാദികൾ സംസ്കൃതത്തിൽ ‘ദ്രമിഡാദികളായത്’ (കേരള ഭാഷാവിജ്ഞാനീയം, പേജ് (35, 36) എന്നിങ്ങനെയാണു് അദ്ദേഹം അഭ്യൂഹിക്കുന്നതു്.
