ഗദ്യസാഹിത്യചരിത്രം. ഒന്നാമദ്ധ്യായം

ഭാഷയുടെ ഉത്പത്തി

ദ്രാവിഡശബ്ദത്തിൻറെ പൂർവ്വപ്രകൃതി ഏതുവിധവുമായിരുന്നുകൊള്ളട്ടെ, മൂലദ്രാവിഡഭാഷ കാലാന്തരത്തിൽ ഉത്തര ദ്രാവിഡമെന്നും, ദക്ഷിണ ദ്രാവിഡമെന്നും രണ്ടു ശാഖകളായി വേർപിരിയുവാനിടയായി. കർണ്ണാടകം, തെലുങ്ക് (ആന്ധ്ര) എന്നീ ദ്രാവിഡഭാഷകൾ ഉത്തരദ്രാവിഡത്തിൽ ഉൾപ്പെട്ടവയാകുന്നു. പ്രസ്തുത ഭാഷകൾക്കു് സംസ്കൃതം തുടങ്ങിയ ആര്യഭാഷകളുടെ സമ്പർക്കം കൂടുതൽ സിദ്ധിക്കുവാനിടയായിട്ടുണ്ട്. തന്നിമിത്തം മററു ദ്രാവിഡഭാഷകളിൽനിന്നു വലിയ മാറ്റം ആ ഭാഷകൾക്ക് സംഭവിച്ചിട്ടുമുണ്ട്. എന്നാൽ ദക്ഷിണേന്ത്യയുടെ ഏറ്റവും തെക്കുഭാഗത്തു വ്യാപിച്ചിരുന്ന തമിഴ്‌ മലയാള–ഭാഷകൾക്ക് അത്രത്തോളം മാറ്റമൊന്നും സംഭവിക്കുവാനിടയായില്ല. അതുകൊണ്ടുതന്നെയാണു് ആ രണ്ടു ഭാഷകൾക്കും പരസ്പരം മറ്റു ദ്രാവിഡഭാഷകളെ അപേക്ഷിച്ച് കൂടുതൽ സാദൃശ്യം കാണുന്നതും.

പക്ഷേ, ഇവിടെ ഒരു തെറ്റിദ്ധാരണയും, തന്മൂലം വന്നുകൂടിയിട്ടുണ്ടു്. തമിഴിലെ പദങ്ങളും അക്ഷരമാലയുമാണു് ആദികാലത്തു് മലയാളത്തിലുണ്ടായിരുന്നതെന്നും, മലയാളം തമിഴിൻ്റെ സംരക്ഷണയിലാണു് അക്കാലത്തു് വളർന്നുവന്നിരുന്നതെന്നും, അതിനാൽ തമിഴിൻ്റെ പുത്രിത്വമാണ് മലയാളത്തിനുള്ളതെന്നും മറ്റും പണ്ഡിതന്മാരിൽ ഒരു വിഭാഗം ഇന്നും വാദിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ, ഇങ്ങനെയൊരു വാദം ഉത്ഭവിക്കുവാനിടയായതു് കേവലം വിഭ്രാന്തിമൂലമാണെന്നു പറയാതെ തരമില്ല. എന്തുകൊണ്ടെന്നാൽ പാണ്ഡ്യ ചോള ചേര രാജ്യങ്ങളിൽ വ്യാപിച്ചിരുന്ന ദക്ഷിണദ്രാവിഡമാണല്ലോ തമിഴും മലയാളവുമായി പരിണമിച്ചിട്ടുള്ളത്. പശ്ചിമപർവ്വതപങ്തിക്കു കിഴക്കും പടിഞ്ഞാറുമുള്ള പ്രദേശങ്ങളിൽ വ്യാപിച്ചിരുന്ന ദക്ഷിണദ്രാവിഡഭാഷ, ഒന്നുതന്നെയായിരുന്നതിനാൽ അതിൻ്റെ പിരിവുകളോ സന്താനങ്ങളോ മാത്രമായ തമിഴ്‌മലയാളങ്ങൾ രണ്ടിലും, ആ മൂലദ്രാവിഡത്തിൻറെ പൂർവ്വ രൂപങ്ങൾ (അക്ഷരമാലയും പദസമൂഹവും) ഒന്നുപോലെ സംക്രമിച്ചുവെന്നല്ലാതെ തമിഴിൽനിന്നു മലയാളത്തിലേക്കോ, മറിച്ച്, മലയാളത്തിൽനിന്നു തമിഴിലേക്കോ, പദങ്ങളും അക്ഷരങ്ങളും സംക്രമിച്ചുവെന്നു പറയുന്നതു് യുക്തിരഹിതമാണു്. അതിനാൽ തമിഴിൽനിന്നു മലയാളമുത്ഭവിച്ചു, അല്ലെങ്കിൽ മറിച്ചു സംഭവിച്ചു, എന്നൊക്കെ വാദിക്കുന്നതിൽ യാതൊരു സാംഗത്യവുമുള്ളതായി തോന്നുന്നില്ല.

“മലൈനാടായ, മലയാളത്തിലെ ആദിമനിവാസികൾ തമിഴരും, അവരുടെ ഭാഷ തമിഴും ആയിരുന്നു. എന്നാൽ, എല്ലാക്കാലത്തും ഗ്രന്ഥഭാഷ അല്ലെങ്കിൽ വരമൊഴി, നാടോടിഭാഷ അല്ലെങ്കിൽ വായ്മൊഴി, എന്ന ഒരു വ്യത്യാസം എല്ലാ ജീവൽഭാഷകളിലുമുള്ളതുപോലെ ഈ തമിഴിലും ഉണ്ടായിരുന്നു. ഗ്രന്ഥഭാഷയ്ക്ക് ‘ചെന്തമിഴ്’ എന്നും, നാടോടി ഭാഷയ്ക്ക് ‘കൊടുന്തമിഴ്’ എന്നുമാണ് തമിഴ് ഗ്രന്ഥകാരന്മാർ പേരിട്ടിരിക്കുന്നതു്. പലവക കൊടുന്തമിഴുകൾ ഉണ്ടായിരുന്നതിലൊന്നാണു് നമ്മുടെ മലയാളമായിത്തീർന്നതു്.” (കേരളപാണിനീയം പീഠിക).