ഗദ്യസാഹിത്യചരിത്രം. ഒന്നാമദ്ധ്യായം

ഭാഷയുടെ ഉത്പത്തി

ഇവിടെ തമിഴ്‌ ശബ്ദത്തിനു് മൂലദ്രാവിഡഭാഷ അല്ലെങ്കിൽ ‘പഴന്തമിഴ്’ എന്നുമാത്രമാകണം. ചോളന്മാർ, ചേരന്മാർ ഇവരെല്ലാം ദ്രാവിഡരായതുകൊണ്ടാണ് അവരുടെ ഭാഷയ്ക്കു തമിഴ് എന്നു പേർ വന്നതു്. എന്നാൽ ഇന്നു തമിഴ്‌ശബ്ദം മൂലദ്രാവിഡഗോത്രത്തിലെ ഒരു പ്രധാനഭാഷയെമാത്രം കുറിക്കുന്നതായി പരിണമിച്ചിട്ടുണ്ട്. ഇടക്കാലത്തുണ്ടായ ഈ വ്യതിയാനം മൂലമായിരിക്കാം, മലയാളഭാഷയെ പാണ്ഡ്യ ദേശഭാഷയായ തമിഴിൻറെ പുത്രിയായി ചിലർ സങ്കല്പിച്ചുപോരുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ഏതാനും ദശാബ്ദങ്ങൾക്കു മുമ്പുവരെ, മലയാളഭാഷയേയും തമിഴ് ശബ്ദം കൊണ്ടുതന്നെയാണു നിർദ്ദേശിച്ചുപോന്നതു്. “തമിഴ് മണി സംസ്കൃതം പവിഴം കോർക്കിൻ്റേൻ വൃത്തമാന ചെന്നൂന്മേല്”.

“തമിഴ് സംസ്കൃതമെൻറുള്ള
സുമനസ്സുകൾ കൊണ്ടൊരു
ഇണ്ടമാല തൊടുക്കിൻ്റേൻ
പുണ്ഡരീകാക്ഷപൂജയാ”

“സംസ്കൃതമാകിന ചെങ്ങഴിനീരും
നിറമിഴാകിന പിച്ചകമലരും
ഏകകലന്നു കരമ്പകമാലാം
വൃഞമനോജ്ഞാം ഗ്രഥയിഷ്യേതഃ”

എന്നിങ്ങനെ ലീലാതിലകത്തിലുദ്ധരിച്ചിട്ടുള്ള പദ്യങ്ങളിൽ പ്രയോഗിച്ചിട്ടുള്ളതു നോക്കുക. ഇവിടെ, സാമാന്യവാചകമായ തമിഴ്‌ ശബ്ദത്തിനു ലക്ഷണാവ്യാപാരത്താൽ കേരളഭാഷ എന്ന വിശേഷാർത്ഥം വന്നു ചേരുന്നു. തന്നെയുമല്ല, ‘തമിഴ്‌മണീത്യാദൗ, തമിഴ് ഇതി കേരളഭാഷാ ഗൃഹ്യതേ, ന ചോളാദിഭാഷാ, തഥാദർശനാൽ’ എന്നു വൃത്തികാരൻ പ്രത്യേകം എടുത്തുപറയുന്നുമുണ്ടു്. സുന്ദരകാണ്ഡം തമിഴ്‌, അമരം തമിയ്ക്കുത്തു്, ഭാഗവതം തമിഴ്, നമ്പ്യാരുടെ തമിഴ് മുതലായ പ്രയോഗങ്ങളും നോക്കുക. ‘തമിഴായൊണ്ടറിയിക്കിൻറേൻ’ എന്നിങ്ങനെ ബ്രഹ്മാണ്ഡപുരാണം ഗദ്യഗ്രന്ഥത്തിൻ്റെ ആദിയിൽ കണ്ണശ്ശൻ പ്രയോഗിച്ചിട്ടുള്ളതും പ്രസ്താവയോഗ്യമാണു്. മലയാളത്തെ ഇങ്ങനെ തമിഴ്‌ ശബ്ദം കൊണ്ടു തന്നെ നിർദ്ദേശിച്ചുപോരുന്നതു് അയുക്തമെന്നു പിൽക്കാലത്തു് അഭിജ്ഞന്മാർക്കു തോന്നിത്തുടങ്ങിയിരിക്കണം. അതിൻ്റെ ഫലമായിട്ടാണു്, അതിനെ മലനാട്ടിലെ ജനങ്ങളുടെ ഭാഷ എന്ന അർത്ഥത്തിൽ ആദ്യം ‘മലയായ്മ’ എന്നും, പിന്നീട് ‘മലയാളം’ എന്നും വ്യവഹരിക്കാൻ തുടങ്ങിയതു്. ചുരുക്കത്തിൽ, കേരളപാണിനി സൂചിപ്പിച്ചിട്ടുള്ളതുപോലെ മലനാട്ടിൽ സംസാരിച്ചുവന്ന കൊടുന്തമിഴ്, ദേശഭേദം, കാലഭേദം, പരഭാഷാസമ്പർക്കം, സമുദായാചാരസങ്കലനം എന്നു തുടങ്ങിയ കാരണങ്ങളാൽ അനന്തരകാലങ്ങളിൽ രൂപാന്തരം പ്രാപിച്ചുവന്നിട്ടുള്ളതാണു് ഇന്നത്തെ നമ്മുടെ മലയാളഭാഷ എന്നു പറയാം.