ഗദ്യസാഹിത്യചരിത്രം. ഒന്നാമദ്ധ്യായം

ഭാഷയുടെ ഉത്പത്തി

പക്ഷേ, ഈ മലയാളം എന്നുമുതൽ മൂലദ്രാവിഡത്തിൽനിന്നു വേർപെട്ട് പ്രത്യേകവ്യക്തിത്വത്തെ പ്രാപിച്ചു എന്നു പറയുവാൻ ഏറെ പ്രയാസമുണ്ടു്. കുലശേഖര ചക്രവർത്തിയുടെ നർമ്മസചിവനായിരുന്നല്ലോ തോലൻ. അദ്ദേഹത്തിൻ്റെ കൃതിയെന്നു വിശ്വസിച്ചുവരുന്ന ‘മന്ത്രാങ്കം ആട്ടപ്രകാര’ത്തിൽ മലയാളത്തിലും തമിഴിലുമുള്ള ഗദ്യപദ്യങ്ങൾ കാണുന്നതുകൊണ്ട്, കൊല്ലവർഷാരംഭത്തോടടുത്തു മലയാളം പ്രത്യേകരൂപം കൈക്കൊണ്ടുകഴിഞ്ഞുവെന്നു മിക്കവാറും അനുമാനിക്കാവുന്നതാണു്.

“അന്നൊത്ത പോക്കി കയിലൊത്ത പാട്ടി
തേനൊത്ത വാക്കീ തിലപുഷ്പമൂക്കി
ദരിദ്രനില്ലത്തെ യവാഗുപോലെ
നീണ്ടിട്ടിരിക്കും നയനദ്വയത്തീ”

എന്നിങ്ങനെയുള്ള പരിഹാസപദ്യങ്ങൾ–വികടസരസ്വതി–തോലൻ്റേതു തന്നെയാണെങ്കിൽ, മലയാളഭാഷ അദ്ദേഹത്തിൻ്റെ ജീവിതകാലത്തിനും വളരെക്കാലം മുമ്പുതന്നെ, വ്യക്തിത്വം പ്രാപിക്കുവാൻ തുടങ്ങിയിരുന്നുവെന്നു കരുതുന്നതിൽ അധികം തെറ്റില്ല.

ഒരു ഭാഷയുടെ ശരിയായ രൂപം കാണാവുന്നതു് അതിലെ സംഭാഷണഭാഷയിലാണെങ്കിൽ, അതിനോട് ഏറ്റവും സാമീപ്യമുള്ളവയായ പാട്ടുകളും പഴഞ്ചൊല്ലുകളും പരിശോധിക്കുമ്പൊഴും മലയാളത്തിന്റെ പ്രാക്തനത്വം വ്യക്തമാകുന്നതാണു്. ഇന്നു കാണുന്ന പലതരം പാട്ടുകൾ പഴഞ്ചൊല്ലുകൾ എന്നിവയിൽ ചിലതെങ്കിലും കൊല്ലവർഷാരംഭത്തോടടുത്തു് ഉണ്ടായിട്ടുള്ളവ തന്നെയായിരിക്കണം. മലനാട്ടുതമിഴ് ഒരു പ്രത്യേക ഭാഷയായിത്തീരുവാൻ തുടങ്ങിയതു കൊല്ലവർഷാരംഭത്തിനു അല്പം മുമ്പുമുതലാണെന്ന് ഇളംകുളം കുഞ്ഞൻപിള്ള പ്രസ്താവിച്ചിട്ടുള്ളതും ഇവിടെ ശ്രദ്ധേയമാണു് (കേരളഭാഷയുടെ വികാസപരിണമങ്ങൾ, പേജ് 32) കൊ. വ. 25-ാമാണ്ടിലുണ്ടായതായി ഭാഷാചരിത്രത്തിൽ പി. ഗോവിന്ദപ്പിള്ള ഉദ്ധരിച്ചിട്ടുള്ള ഒരു ശിലാശാസനവും മലയാളത്തിൻ്റെ സ്വരൂപവ്യവസ്ഥിതിക്കു വളരെ പഴക്കമുണ്ടെന്നു തെളിയിക്കുന്നു.

സംസ്കൃതഭാഷാസമ്പർക്കം: മലയാളഭാഷ പ്രത്യേകരൂപം പ്രാപിച്ചുതുടങ്ങിയ കാലംമുതൽക്കല്ലേ, അതിനു സംസ്കൃതഭാഷയുടെ സമ്പർക്കവും ലഭിച്ചുതുടങ്ങിയത്. കേരളത്തിൽ സംസ്കൃത വിദ്യാഭ്യാസം വളരെക്കാലം മുമ്പേ ആരംഭിച്ചിട്ടുള്ളതാണല്ലോ. സംസ്കൃതസമ്പർക്കം ലഭിച്ചു തുടങ്ങിയതു മുതൽ മലയാള ഭാഷയ്ക്ക് ഉൽക്കർഷവും വർദ്ധിച്ചുവന്നു. അക്ഷരമാലയിൽത്തന്നെ, സ്വരങ്ങളിൽ ഋ-ഌ വും, വ്യഞ്ജനങ്ങളിൽ അതിഖരമൃദുഘോഷങ്ങളും ഊഷ്മാക്കളും സംസ്കൃതത്തിൽനിന്നു ലഭിച്ചിട്ടുള്ളവയാണു്. തത്സമങ്ങളായും തത്ഭവങ്ങളായും അസംഖ്യം പദങ്ങൾ മലയാളത്തിൽ സംക്രമിച്ചു് അനന്യദൃശ്യമായ ഒരു മണിപ്രവാളഭാഷതന്നെയും ഇവിടെ ആവർഭവിച്ചു. നാം ഇന്നു നിത്യം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന ഭാഷാപദങ്ങളെ തരംതിരിച്ചു നോക്കുന്നതായാൽ അവയിൽ എൺപതു ശതമാനവും സംസ്കൃതപദങ്ങളാണെന്നു കാണാം. ആവക പദങ്ങൾ ഇന്നു നമ്മുടെ ഭാഷയുടെ കുടുംബസ്വത്തായി പരിണമിച്ചിരിക്കുകയുമാണു്. അസാധാരണമായ ഈ സ്ഥിതി വിശേഷംകണ്ടു തെററിദ്ധരിച്ചു്, പ്രാമാണികന്മാരായ ചില പണ്ഡിതന്മാർപോലും, മലയാളഭാഷ സംസ്കൃതത്തിൽ നിന്ന് ഉത്ഭവിച്ചതാണെന്നു പ്രസ്താവിക്കുവാനിടയായിട്ടുണ്ടു്. “സംസ്കൃതഹിമഗിരികളിതാ ദ്രാവിഡവാണീകളിന്ദജാമിളിതാ കേരളഭാഷാഗംഗാ വിഹരതു മേ ഹൃത്സരസ്വദാസംഗാ” എന്നു കേരളകൗമുദീകർത്താവും പ്രസ്താവിച്ചിട്ടുള്ളതു നോക്കുക.