ഭാഷയുടെ ഉത്പത്തി
“ഭാരതത്തിലെ സകല ഭാഷകൾക്കും സംസ്കൃതത്തോടു പൊതുവേ ഒരു ബന്ധമുണ്ടു്. ഹിന്ദി, മറാട്ടി, ബംഗാളി തുടങ്ങിയ ഉത്തരേന്ത്യൻ ഭാഷകൾ എല്ലാംതന്നെ ആര്യഭാഷയായ സംസ്കൃതവുമായി അഭേദ്യമായ ബന്ധമുള്ളവയുമാണു്. ദ്രാവിഡഗോത്രത്തിൽ ജനിച്ച ദക്ഷിണേന്ത്യൻഭാഷകളിൽ തമിഴ് മാത്രമേ സംസ്കൃതബന്ധത്തിൽനിന്നു് അല്പം ഒഴിഞ്ഞുനിന്നി ട്ടുള്ളു; അതും രൂപത്തിലല്ലാതെ ഭാവത്തിലല്ലതാനും. മറ്റു ദ്രാവിഡഭാഷകളിലെല്ലാം സംസ്കൃതബന്ധം എല്ലാവിധത്തിലുമധികമായിട്ടുണ്ട്. എന്നാൽ മലയാളഭാഷയോടു സംസ്കൃതത്തിനുണ്ടായിടത്തോളം ബന്ധം ദ്രാവിഡഭാഷകളിലൊന്നിനും തന്നെ ഉണ്ടായിട്ടില്ല. ആനിലയിൽ, ആര്യദ്രാവിഡ സംയോഗത്തിൽനിന്നുമാണു് കേരളീയോക്തികന്യക സംജാതയായതെന്നുള്ള നെടുങ്ങാടിയുടെ അഭിപ്രായം വളരെ ശരിയാണു്. പക്ഷേ, ‘സംസ്കൃതഹിമഗിരിഗളിതാ’ എന്നതു് ‘ദ്രാവിഡഹിമഗിരിഗളിതാ’ എന്നും. ‘ദ്രാവിഡവാണീകളിന്ദജാമിളിതാ’ എന്നതു്’ ‘സംസ്കൃത വാണീ കളിന്ദജാമിളിതാ’ എന്നും മാറണമെന്നുമാത്രമേയുള്ളു.
ഇതരഭാഷാസമ്പർക്കം: സംസ്കൃതത്തെപ്പോലെ മികച്ച രീതിയിലല്ലെങ്കിലും, ഇതരഭാഷകളുടെ സമ്പർക്കവും മലയാളഭാഷയ്ക്കു ലഭിച്ചിട്ടുണ്ട്. കോഴിക്കോട്, കൊടുങ്ങല്ലൂർ മുതലായ തുറമുഖങ്ങൾ കേരളക്കരയിലേക്കു വിദേശീയരെ പ്രാചീനകാലം മുതൽക്കേ ആകർഷിക്കുവാൻ പോരുന്നവയായിരുന്നല്ലോ. റോമക്കാർ, ഫിനീഷ്യന്മാർ, അറബികൾ, സിറിയക്കാർ, പേർഷ്യക്കാർ, പോർട്ടുഗീസുകാർ, ഡച്ചുകാർ, ഇംഗ്ലീഷുകാർ മുതലായവർ അങ്ങനെ ഇവിടെ വന്നുകൂടിയവരാണു്. വാണിജ്യാദികാര്യങ്ങൾക്കായി ഇവിടെ വന്നണഞ്ഞ ഈ വിദേശീയരുടെ സമ്പർക്കത്താലും, വൈദേശികഭാഷകളിൽനിന്നു് ഒട്ടേറെ പദങ്ങൾ മലയാളഭാഷയിൽ ഓരോ കാലത്തായി കടന്നുകൂടിയിട്ടുണ്ട്. നമ്മുടെ നാട്ടിലെ വക്കീലും, വക്കാലത്തും, ഹാജരും, ഹർജ്ജിയും, മുൻസിഫും, തഹസിൽദാരും, അറബികളുടെ കൂടെ വന്നവയാണു്. ഇന്നത്തെ കശാപ്പുകാരും ആസാമികളും, അന്ന് അറബികളുടെകൂടെ വന്നവർതന്നെ. നമ്മുടെ സർദാരും, സർക്കാരും, കുശാലും, ഗുമസ്തനും, ബസാറും, ഡർബാറും, മേനാവും, മൈതാനവുമൊക്കെ പേർഷ്യക്കാരോടുകൂടി കടന്നുകൂടിയവയാണു്. കത്തു്, ഖരാർ, താലൂക്ക്, ആമീൻ, മുക്ത്യാർ, മാമൂൽ, താക്കീതു്, വസൂൽ, ജപ്തി, ബാക്കി, കീശ, ശുപാർശ, കഠാരി, കച്ചേരി, ശിപായി, പേഷ്ക്കാർ, കാനേഷുമാരി തുടങ്ങി നാമിന്നു് ഉപയോഗിക്കുന്ന ഒട്ടുവളരെപ്പദങ്ങളും, അറബിക്കാരും പെർഷ്യക്കാരും നല്കിയിട്ടുള്ളവതന്നെ. സിറിയക്കാരും ചിലതു സംഭാവനചെയ്യാതിരുന്നില്ല. കവർ, നസ്രാണി, കൂദാശ, ഓശാന തുടങ്ങിയവ അവരുടെ വകയാണു്. ലേലം, കപ്പിത്താൻ, കമ്മീശ, കസേര, കുരിശു്, തൂവാല, താരിപ്പു് , മേസ്തിരി, വിജാഗരി, വീഞ്ഞു തുടങ്ങിയവ പോർട്ടുഗീസുകാർ സമ്മാനിച്ചവയാണു്.
ബുക്ക്, പെൻസിൽ, ബഞ്ച്, ടിക്കറ്റു്, സിഗരറ്റ്, ഷർട്ട്, കോട്ട്. സ്കൂൾ, കോളേജ് തുടങ്ങിവളരെ വാക്കുകൾ ആംഗ്ലേയർ സംഭാവന ചെയ്തിട്ടുണ്ട്. മദ്ധ്യമേൻഡോ ആര്യഭാഷകളിൽപെട്ട പ്രാകൃത ത്തിൽനിന്നും പാലിയിൽനിന്നും ചില പദങ്ങളും ഭാഷയിൽ കടന്നുകൂടാ തിരുന്നിട്ടില്ല. അത്താണി, അരക്കൻ, ചൂതു്, ചെട്ടി, ചമ്മട്ടി, ചവളം, പക്കം, ലക്കം ഇവയെല്ലാം ആവിധത്തിൽ കടന്നുകൂടിയവയാണു്. നവീനേൻഡോ ആയ്യഭാഷകളായ ഹിന്ദി, മറാട്ടി തുടങ്ങിയവയിൽനി ന്നും പദങ്ങൾ സംക്രമിക്കാതിരുന്നിട്ടില്ല. ദോബി, ലങ്കോട്ടി, കോറ, മല്ല്, ഖാദി, സാരി, മിഠായി, ബഡായി, പാറാവു്, പോക്കിരി തുടങ്ങി യവ അവയിൽ ചിലതുമാത്രമാണു്.
