ഭാഷയുടെ ഉത്പത്തി
ഇങ്ങനെ അന്യഭാഷാഗോത്രജങ്ങളായ ഒട്ടുവളരെ പരകീയപദങ്ങൾ മലയാളത്തിൽ കടന്നുകൂടിയിട്ടുണ്ടു്. അവയെല്ലാം കൈവശാവകാശത്താൽ ഇന്നു ഭാഷയുടെ പദസമ്പത്തായിത്തീർന്നിരിക്കുകയുമാണു്. എന്നാൽ സംസ്കൃതഭാഷയിൽനിന്നും മലയാളത്തിനു ലഭിച്ചിട്ടുള്ള ശബ്ദങ്ങളുടെ സംഖ്യ, ഇവയുടെയെല്ലാം അനേകമനേകം മടങ്ങാണെന്നു പറയേണ്ടതില്ലല്ലോ. പദസമ്പത്തു മാത്രമല്ല, സംസ്കൃതസമ്പർക്കംമൂലം കൈരളിക്കു കൈവന്നിട്ടുള്ളതു്. സന്ദേശകാവ്യം, ചമ്പുക്കൾ, നാടകം, മഹാകാവ്യം തുടങ്ങിയ പല പ്രസ്ഥാനങ്ങളും, ഛന്ദസ്സ്, അലങ്കാരം തുടങ്ങിയ സാഹിത്യശാസ്ത്രങ്ങളും ഗൈവ്വാണിയുടെ സമ്പർക്കത്താൽ കൈരളിക്കു കൈവന്ന ഇതരനേട്ടങ്ങളത്രേ.
എന്നാൽ ഗദ്യത്തെ സംബന്ധിച്ചിടത്തോളം കേരളഭാഷ പുഷ്ടി പ്രാപിച്ചുകൊണ്ടിരിക്കുന്നതു്, ആംഗലഭാഷാ സമ്പർക്കംമൂലമാണെന്നുള്ള വസ്തുത ഈയവസരത്തിൽ പ്രത്യേകം പ്രസ്താവയോഗ്യമാകുന്നു. നോവൽ, ചെറുകഥ, ഗദ്യനാടകം, ഏകാങ്കം. പ്രഹസനം. ഉപന്യാസം, ജീവചരിത്രം തുടങ്ങിയ പ്രസ്ഥാനവിശേഷങ്ങൾ ആ ഭാഷയുടെ ആഗമനത്തോടുകൂടിമാത്രമാണു് മലയാളത്തിൽ ഉദിച്ചുയർന്നിട്ടുള്ളതു്. ആംഗല ഭാഷാസമ്പർക്കം മലയാളത്തിലെ ഗദ്യപ്രസ്ഥാനത്തിനു് സർവ്വാദരണീയമായ താങ്ങും തണലുമായിത്തീർന്നു്, അതിനെ ഇന്നു സർവ്വതോമുഖമായി പുരോഗമിപ്പിച്ചുകൊണ്ടുമിരിക്കുന്നു.
“ഗദ്യഗ്രന്ഥകാരന്മാർക്ക് ശബ്ദസമ്പാദനം ഒന്നിനുവേണ്ടി മാത്രമല്ലാതെ, രീതിവിഷയാദികളുടെ ആവശ്യത്തിലേക്കായി സംസ്കൃതത്തെ ആശ്രയിക്കേണ്ടതായില്ല… ഗദ്യഗ്രന്ഥകരണവിഷയത്തിൽ ഇംഗ്ലീഷാണു നമ്മെ സഹായിക്കുന്നതു്. ദേശംതോറും വേറെ വേറെ ഭാഷകൾ സംസാരിക്കുന്ന ഇന്ത്യക്കാർക്ക്, ഒരു പൊതുഭാഷ എന്നു പറയുന്നതിനു് ഇംഗ്ലിഷ് ഒന്നേ ഉള്ളു. അതു രാജഭാഷയാണെന്നു മാത്രമല്ല, ലോകമൊട്ടുക്കു പ്രചാരമുള്ളതും ഇഹലോകപ്രയോജനങ്ങൾക്കു സംസ്കൃതത്തേക്കാൾ ഉപകരിക്കുന്നതുമാകുന്നു. ഉപരിവിദ്യാഭ്യാസം ആ ഭാഷയിലാണു്: അതിൽ മാത്രമേ സാധിക്കുകയുള്ളു’ (സാഹിത്യസാഹ്യം-പൂർവ്വഭാഗം), എന്നുള്ള കേരളപാണിനിയുടെ പ്രസ്താവന ഈയവസരത്തിൽ ഉദ്ധരണയോഗ്യമാണു്.
ഗ്രന്ഥലിപികൾ: ഭാഷയുണ്ടായി വളരെക്കാലം കഴിഞ്ഞാണു അതു ലേഖനസമ്പ്രദായത്തെ പ്രാപിച്ചതെന്നു മുമ്പേ പ്രസ്താവിച്ചിട്ടുണ്ടുല്ലോ. മലയാളഭാഷയിൽ ഗദ്യം ഏതു കാലം മുതല്ക്കാണ് എഴുതിത്തുടങ്ങിയതെന്നു, ഇനിയും നിരാക്ഷേപമായി നിർണ്ണയിച്ചുകഴിഞ്ഞിട്ടില്ല. ഭാഷയിലെ ഏറ്റവും പ്രാചീനമായ ലിപി വട്ടെഴുത്തു സമ്പ്രദായത്തിലുള്ളതായിരുന്നുവെന്നാണു് മിക്ക പണ്ഡിതന്മാരുടേയും മനം. അതു് ഇന്ത്യയിലെ സകല ലിപികളുടേയും മൂലമായി ഊഹിച്ചുപോരുന്ന ബ്രാഹ്മിയുടെ ഒരു രൂപാന്തരമാണത്രെ. ബ്രാഹ്മിയുടെ ഉൽപത്തിയെക്കുറിച്ചും വിവാദങ്ങൾ ഉണ്ട്. ബ്രഹ്മാവു് സൃഷ്ടിക്കയാലാണു ബ്രാഹ്മി എന്ന പേര് ഉണ്ടായതെന്നും, അതു് ഇന്ത്യയുടെ സ്വയാർജ്ജിതമാണെന്നും ഹിന്ദുക്കൾ വിശ്വസിച്ചുപോരുന്നു. പാശ്ചാത്യപണ്ഡിതന്മാരാകട്ടെ, ഇതിനു വിപരിതമായ അഭിപ്രായമാണു പുറപ്പെടുവിക്കുന്നതു്. ബ്രാഹ്മി ഇന്ത്യയിൽ ഉണ്ടായ ഒരു ലിപിയല്ലെന്നും, വിദേശീയരായ കച്ചവടക്കാരിൽ നിന്നും ഇവിടെ ഇറക്കുമതി ചെയ്തിട്ടുള്ള ഒന്നാണെന്നും അവർ വാദിക്കുന്നു. ഉൽപത്തിസ്ഥാനത്തെപ്പറ്റി അനവധി തർക്കങ്ങൾ വേറെയുമുണ്ട്. ചൈനയിലെ ചിത്രലിപികളിൽനിന്നാണു് ഇതിൻ്റെ ഉൽപത്തിയെന്നു ചിലർ: അല്ല, ഗ്രീക്കിൽനിന്നാണെന്നു മറ്റുചിലർ; ഫിനീഷ്യൻ ലിപികളിൽനിന്നാണെന്നു വേറെചിലർ; അതുമല്ല, സെമിറ്റിക്ക് ലിപികളിൽനിന്നാണെന്നു് അപരപക്ഷം. ഇങ്ങനെയുള്ള തർക്കങ്ങൾ ഇന്നും അവസാനിക്കാതെയാണിരിക്കുന്നതു്.
