ഭാഷയുടെ ഉത്പത്തി
“ചരിത്രലക്ഷ്യങ്ങൾ, പ്രത്യേകിച്ചു ശിലാശാസനങ്ങൾ പ്രകാരം ബ്രാഹ്മി, ഖരോഷ്ഠി എന്നീ രണ്ടുജാതി ലിപികൾ ആര്യാവർത്തത്തിൽ പണ്ടുണ്ടായിരുന്നതായി തെളിയുന്നുണ്ടു്. ഇവയിൽ ‘ഖരോഷ്ഠി’ ഇന്ത്യയുടെ വടക്കുപടിഞ്ഞാറെ ഭാഗത്തു കുറച്ചു ദിക്കിൽമാത്രം നടപ്പിലിരുന്നതാകുന്നു. ഏ. ഡി. നാലാംശതകത്തോടുകൂടി അതു പ്രചാരലുപ്തമായിത്തീർന്നു. ഇന്ത്യയുടെ ശേഷം ഭാഗത്തും, ഖരോഷ്ഠി നടപ്പിലിരുന്ന ദിക്കിൽക്കൂടിയും പ്രചരിച്ചിരുന്നതാണു് ബ്രാഹ്മി. അതിൻ്റെ തെക്കൻ സമ്പ്രദായത്തിലുള്ള രൂപാന്തരത്തിനു ദ്രാവിഡി എന്ന പേരുപറഞ്ഞിരുന്നു.” * (സാഹിത്യകുശലൻ ടി. കെ. കൃഷ്ണമേനോൻ)
വട്ടെഴുത്തു്: കാലക്രമത്തിൽ ദേശഭേദാദികളെ ആശ്രയിച്ചു് പ്രസ്തുത ലിപികളിൽ വ്യത്യാസങ്ങൾ വന്നുചേരുകയും ഭിന്നങ്ങളായ പേരുകളുള്ള വേറെ വേറെ ലിപികളായി പരിണമിക്കയും ചെയ്തു എന്നുകൂടി ശ്രീ. കൃഷ്ണമേനോൻ പ്രസ്താവിക്കുന്നുണ്ട്. ഇപ്രകാരം വട്ടെഴുത്തു് ബ്രാഹ്മിയിൽനിന്നു പരിണതിയെ പ്രാപിച്ച ഒരു ലിപിസമ്പ്രദായമാണെന്നു വിശ്വസിച്ചുപോരുന്നു. “കേരളത്തിൽ കിട്ടാവുന്ന രേഖകൾ, അവ സൂചിപ്പിക്കുന്ന കാലഘട്ടങ്ങളിലെല്ലാം, വട്ടെഴുത്തു്, കോലെഴുത്ത് – തുളുമലയാളം അല്ലെങ്കിൽ ആര്യഎഴുത്തു് എന്നീ മൂന്നുതരത്തിലുള്ള ലിപികളും അറിയപ്പെട്ടിരുന്നു എന്നു കാണിക്കുന്നു. മലയാണ്മ പിൽക്കാലത്തു് ഉണ്ടായിട്ടുള്ളതാണെന്നുള്ളതു് എത്രയും സ്പഷ്ടമാണു്. അതു ദക്ഷിണ തിരുവിതാംകൂറിൽ മാത്രമേ പ്രചരിച്ചിരുന്നുള്ളു. അതിപുരാതനമായ ശില ലിഖിതങ്ങളിൽപ്പോലും സ്വസ്തിശ്രീ എന്നിപ്രകാരമുള്ള മംഗളാചരണങ്ങളുടെ രൂപത്തിലാണെങ്കിലും ‘ആര്യ’ എഴുത്തിനെ കാണുവാൻ കഴിയുന്നു. വട്ടെഴുത്തിൻ്റെ ലളിതമായ ആകൃതിയിൽനിന്നും, അതിനു ബ്രാഹ്മി രൂപങ്ങളോടുള്ള ആത്യന്തികമായ സാദൃശ്യത്തിൽനിന്നും ഊഹിക്കാവുന്നതുപോലെ, അതു് കോലെഴുത്തിനെ അപേക്ഷിച്ചു പ്രാചീനതരമാണെന്നു പറയുന്നത്, പക്ഷേ, വളരെ സംഭാവ്യമായിട്ടുള്ളതാകുന്നു.” (പ്രാചീന കേരളലിപികൾ – ഡോ. എൽ. എ. രവിവർമ്മ).
‘എഴുത്ത്’ എന്നുള്ള വാക്ക് വെട്ടി അടയാളപ്പെടുത്തുക, അല്ലെങ്കിൽ ചൂന്ന് അടയാളപ്പെടുത്തുക, എന്നർത്‌ഥമുള്ള ‘എഴു’ അല്ലെങ്കിൽ ‘അഴു’ എന്ന ധാതുവിൽനിന്നും ഉത്ഭവിച്ചിട്ടുള്ളതും, കൊത്തിയോ ചൂന്നോ ഉണ്ടാകുന്ന വർണ്ണങ്ങളേയോ ചിഹ്നങ്ങളേയോ നിർദ്ദേശിക്കുന്നതുമാകുന്നു. ‘അഴുത്തുക’ മുതലായ പദങ്ങൾ നോക്കുക. ചൂന്നു ചാലുകളുണ്ടാക്കുക എന്നാണ് അതിന് അർത്ഥം. ദക്ഷിണഭാരതത്തിൽ സർവ്വസാധാരണമായിരുന്ന ലേഖനസമ്പ്രദായം, മൂർച്ചയുള്ള വല്ല കോലു (എഴുത്താണി) കൊണ്ടോ, മുർച്ചയുള്ള ഉളിയും ചുറ്റികയും ഉപയോഗിച്ചോ കൊത്തിയുണ്ടാക്കുകയായിരുന്നു. ഉളികൊണ്ടു വരയ്ക്കുന്ന രീതി പാറകളിന്മേലും, നല്ല കനമുള്ള ചെമ്പുതകിടുകളിന്മേലും ആയിരുന്നു പ്രയോഗിച്ചിരുന്നതു്. ക്രമേണ ഈ രീതിക്കു ‘വെട്ടെഴുത്തു്’ എന്നു് അതിൻ്റെ ജന്മരൂപത്തിൽ നിന്നു പേരും സിദ്ധിച്ചു. (വട്ടത്തിലുള്ള എഴുത്തായിരുന്നതുകൊണ്ടും ആ പേർ പറയാവുന്നതാണു്.) കോലുകൊണ്ടു വരച്ചുണ്ടാക്കുന്ന എഴുത്തിനു ‘കോലെഴുത്തു’ എന്നു പേരുണ്ടായി. മലയാണ്മ എന്നറിയപ്പെടുന്നതിൻ്റെ പൂർണ്ണമായ പേരു് തെക്കൻ മലയാണ്മ എന്നാകുന്നു. ഈ പേര് അതു പ്രചാരത്തിലുണ്ടായിരുന്ന ദേശവിഭാഗത്തെ സൂചിപ്പിച്ചു; ദക്ഷിണ ദേശത്തിൽ തുല്യപ്രചാരത്തിലിരുന്ന തമിഴിൽനിന്നു താനേതന്നെ വേർതിരിച്ചറിയുന്നതിനുകൂടി ഇതു വളരെ സഹായമായിത്തീർന്നു.’ (പ്രാചീന കേരളലിപികൾ- പ്രവേശിക).
