ഭാഷയുടെ ഉത്പത്തി
മേല്പറഞ്ഞ ലിപിവിദ്യ മലയാളത്തിൽ എന്നുമുതൽ നടപ്പായി എന്നും ഏതിൽനിന്നു സംക്രമിച്ചു എന്നും നിരാക്ഷേപം പറയുവാൻ തരമില്ല. പ്രാചീന കേരളലിപികൾക്കും ബ്രാഹ്മിക്കും തമ്മിൽ ബന്ധമുണ്ടെന്നാണു ശബ്ദശാസ്ത്ര നിഷ്ണാതനായ ഡോ. എൽ. എ. രവിവർമ്മ പ്രസ്താവിക്കുന്നതു്”, “വെട്ടെഴുത്തിലുള്ള മിക്ക കേരളലിപികളും അശോകബ്രാഹ്മിയിൽ നിന്നും നേരിട്ടുണ്ടായതെന്ന് ഓർത്തിരിക്കേണ്ടതാണ്” (പ്രാചീന കേരളലിപികൾ). എന്നാൽ മലയാളം തമിഴിൽനിന്നു് അക്ഷരങ്ങൾ സ്വീകരിച്ചതോടൊപ്പം അതിലെ ലിപി സമ്പ്രദായവും കൈക്കൊണ്ടു എന്നു പറയുന്നതല്ലേ കൂടുതൽ ശരിയും സുഗ്രഹവുമെന്നു തോന്നുന്നു. ഗ്രന്ഥാക്ഷരം ബ്രാമിയിൽനിന്നു ജനിച്ചതും, അതു മലയാള ലിപിയുടെ മാതൃകയുമാണെന്നുള്ള പക്ഷവും ഇവിടെ ചിന്തനീയമാണു്. പ്രാചീന മലയാളലിപികൾക്കും ഗ്രന്ഥാക്ഷരങ്ങൾക്കും തമ്മിലുള്ള സാദൃശ്യം വച്ചുനോക്കിയാൽ ഈ ഗ്രന്ഥാക്ഷരങ്ങൾക്കു പിന്നീടുണ്ടായ പരിണാമമല്ലേ മലയാളലിപികളായിത്തീർന്നതെന്നു കരുതുന്നതിൽ വലിയ അപാകമൊന്നും തോന്നുന്നില്ല.
തുളുഭാഷയ്ക്കു സ്വന്തമായ ഒരു ലിപി ഇന്നേവരെ ഉണ്ടായിട്ടില്ല. ആ ഭാഷ കർണ്ണാടകലിപിയിലോ മലയാളലിപിയിലോ ആണു് ഇന്നേവരെ എഴുതിപ്പോന്നിട്ടുള്ളത്. ടി. കെ. കൃഷ്ണമേനോൻ ‘തുളുമലയാളം’ എന്നു കുറിച്ചിട്ടുള്ളതു്. മലയാളലിപിയിൽ കുറിച്ചിട്ടുള്ള തുളുഭാഷയെ സംബന്ധിച്ചായിരിക്കണം. പ്രസ്തുത ലിപിതന്നെയാണു് ഗ്രന്ഥാക്ഷരമെന്നും ആര്യലിപിയെന്നും ഉള്ള പേരുകളിൽ വ്യവഹരിക്കപ്പെടുന്നതു്.
‘തൊൽകാപ്പിയം’ എന്ന തമിഴ് വ്യാകരണത്തിൻ്റെ കർത്താവായ തൊൽകാപ്പിയരുടെ കാലത്തോടുകൂടി തമിഴിൽ ലിപിസമ്പ്രദായം ആരംഭിച്ചുവെന്ന് ഊഹിച്ചുപോരുന്നു. ബി. സി. നാലാം ശതകത്തിൽ തക്ഷശിലയ്ക്കടുത്തുള്ള സിലാതുരിയിൽ ജീവിച്ചിരുന്ന പാണിനിയുടേയും പൂർവ്വികനാണ് തൊൽകാപ്പിയരെന്നും, അതിനാൽ ബി. സി. നാലാംശതകത്തിനു മുമ്പുതന്നെ തമിഴിൽ വട്ടെഴുത്തു നടപ്പായി എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ടു്. എന്നാൽ മലയാളത്തിൽ അക്കാലത്തോ അതിനടുത്തകാലത്തോ വട്ടെഴുത്തു നടപ്പായി എന്നൂഹിക്കുവാൻ യാതൊരു ലക്ഷ്യവും ഇതേവരെ കണ്ടുകിട്ടിയിട്ടില്ല.
