ഭാഷാഭിവൃദ്ധിപ്രസ്ഥാനങ്ങൾ (രണ്ടാംഭാഗം)
സാഹിത്യകാരന്മാരുടെ സംഘടനകൾ
ഭാഷാപോഷിണി സഭ: മുദ്രാലയങ്ങൾ, പത്രമാസികകൾ എന്നിവയോടൊപ്പം കേരള ഭാഷയുടേയും സാഹിത്യത്തിൻ്റേയും അഭിവൃദ്ധിക്കു വേണ്ടി നിലകൊണ്ടിട്ടുള്ള ഒരു സുപ്രധാന ഘടകമാണു് സാഹിത്യസംഘടനകൾ. ഇത്തരം സംഘടനകൾ അഥവാ സമാജങ്ങൾ, വളരെയധികം കേരളക്കരയിൽ ഉണ്ടായിട്ടുണ്ടു്. അവയിൽ ഏതുകൊണ്ടും പ്രാഥമ്യത്തിന്നവകാശം ഭാഷാപോഷിണി സഭയ്ക്കുതന്നെ. 1067-ലാണു് ആ സഭയുടെ ഉത്ഭവം. അതിനുമുമ്പു മലയാള ഭാഷയുടെ ഉന്നമനത്തെമാത്രം ലക്ഷ്യമാക്കി ഏതെങ്കിലും സമ്മേളനമോ, സംഘടനയോ ഇവിടെ ഉണ്ടായിരുന്നതായി അറിയുന്നില്ല. അതിനാൽ, കേരളത്തിലെ സാഹിത്യകാരന്മാരുടെ സംഘടനാ പ്രസ്ഥാനത്തിൻ്റെ ഉൽപത്തിയും അഭിവൃദ്ധിയും ഭാഷാപോഷിണിസഭ വഴിക്കാണുണ്ടായിട്ടുള്ളതെന്നു നിസ്സംശയം പറയാം. ഈ അ വസരത്തിൽ പ്രസ്തുത സഭയുടെ ഉൽപത്തിയേയും ഉയർച്ചയേയും സംബന്ധിച്ച് അല്പം ചിലതു പ്രസ്താവിക്കുന്നതു് ഉചിതമായിരിക്കുമല്ലോ.
ഉത്പത്തി: 1065-ലാണു് മലയാളമനോരമ ഉടലെടുത്തതു്. അതിലെ കവിതാ പംക്തിയിൽ കേരളക്കരയുടെ നാനാഭാഗങ്ങളിലുമുള്ള കവ കൾ രംഗപ്രവേശം ചെയ്തു തുടങ്ങി. ശ്രീ കൂനേഴത്തു പരമേശ്വരമേനോൻ പ്രസ്താവിച്ചിട്ടുള്ളതുപോലെ, “മനോരമയുടെ ആരംഭകാലം മുതല്ക്കാണു കേരളത്തിൽ കവികളുടെ സംഖ്യ കൈവിരലുകളിലൊതുങ്ങാതെ ജ്യോതിഷക്കാർ പറയുന്നതുപോലെ ഏകസ്ഥാനവും ദശസ്ഥാനവും കടന്നു ശതസ്ഥാനത്തേക്കൂടി കൈവശപ്പെടുത്തിയതെന്നു നിസ്സംശയം പറയാം. മനോരമയുടെ കവിതാപംക്തിയിൽ തൻ്റെ പേർ മറ്റുള്ളവർ വായിക്കു ന്നതുകേൾപ്പാൻ ഭാഗ്യം സിദ്ധിച്ചാൽ അന്ന് ആഹാരം കിട്ടിയില്ലെങ്കിലും അഭംഗമായ സുഖനിദ്ര പ്രാപിച്ചിരുന്ന യുവകവികൾ എത്ര ഉന്മേഷ പൂർവ്വമാണു് അന്നു കഴിഞ്ഞുകൂടിയിരുന്നതു്.” ഈ സ്ഥിതിവിശേഷം ഒന്നുകൊണ്ടുമാത്രം മനോരമയുടെ അധിപരായിരുന്ന വറുഗീസുമാപ്പിള തൃപ്തനായില്ല. കവിതാപംക്തിയിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന കവികളെയെല്ലാം ഒരിടത്തുവെച്ച് ഒരുമിച്ചു കാണുന്നതിനും അവർതമ്മിൽ പരിചയപ്പെടുന്നതിനും പറ്റുന്ന ഒരു സന്ദർഭം ഉണ്ടാക്കണമെന്നുതന്നെ അദ്ദേഹം തീരുമാനിച്ചു. ഇക്കാര്യത്തെപ്പറ്റി മനോരമയുടെ ഗുണകാംക്ഷികളിൽ പലരുമായി ആലോചനകൾ നടത്തി. 1066 ഇടവം 32-ാം തീയതിയിലെ മനോരമയിൽ മംഗലസ്സ് നീലകണ്ഠൻനമ്പൂതിരിപ്പാടിൻ്റെ തൂലികയിൽക്കൂടി ‘ഭാഷാകവിസമാജം’ എന്ന തലക്കെട്ടിൽ ഒരു ലേഖനം പുറത്തുവന്നു. വലിയകോയിത്തമ്പുരാൻ, കുഞ്ഞിക്കുട്ടൻതമ്പുരാൻ, കടത്തനാട്ട് ഉദയവർമ്മതമ്പുരാൻ തുടങ്ങിയ പലരും നമ്പൂതിരിപ്പാടിൻ്റെ അഭിപ്രായത്തോടു യോജിച്ചു. 1067 ചിങ്ങമാസത്തിൽ മനോരമയാപ്പീസിൽവെച്ചു മറിയപ്പിള്ളി വലിയതമ്പുരാൻ്റെ അദ്ധ്യക്ഷതയിൽ ഒരു യോഗം കൂടി, കവിസമാജം വേണമെന്നു തീരുമാനിക്കുകയും, മറിയപ്പിള്ളി വലിയതമ്പുരാൻ (അദ്ധ്യക്ഷൻ), സി. കൃഷ്ണപിള്ള (കാര്യദർശി), വറുഗീസുമാപ്പിള (സഹകാര്യദർശി), ചീരട്ടമൺമുസ്സ്, നിധിയിരിക്കൽ മാണിക്കത്തനാർ മുതലായവരുൾപ്പടെയുള്ള ഒരു പ്രവർത്തകസമിതിയെ തെരഞ്ഞെടുക്കുകയും ചെയ്തു.