ഭാഷാഭിവൃദ്ധിപ്രസ്ഥാനങ്ങൾ (രണ്ടാംഭാഗം)
സാഹിത്യപരിഷത്ത്: ഏകദേശം ഇരുപതോളം വർഷങ്ങൾ ജീവിക്കയും, ഒൻപതു സമ്മേളനങ്ങൾ കൊണ്ടാടുകയും ചെയ്തു തിരോഭവിച്ച ഭാഷാപോഷിണിസഭയ്ക്കുശേഷം, സമസ്തകേരളീയമായ ഒരു സഭ ഉടലെടുക്കുവാൻ പിന്നെയും പതിനാറുസംവത്സരങ്ങൾ കാത്തിരിക്കേണ്ടിവന്നു. അങ്ങനെ കേരളീയരുടെ ചിരപ്രതീക്ഷിതമായ ആശകളുടെ പരിണതഫലമായി ആവിർഭവിച്ച രണ്ടാമത്തെ സാഹിത്യസംഘടനയാണ്’ ‘സമസ്തകേരളസാഹിത്യപരിഷത്ത്’. ഭരണപരമായി കേരളം മൂന്നായി മുറിഞ്ഞുകിടന്നിരുന്ന കാലത്താണു് സാംസ്‌കാരികമായി അതിൻ്റെ ഏകത്വത്തെ ഉൽഘോഷിക്കുന്ന സാഹിത്യപരിഷത്ത് ഉടലെടുത്തതു്. തന്നിമിത്തം കേരളസാഹിത്യപരിഷത്തിൻ്റെ മുന്നിൽ ഒരു ‘സമസ്ത’ശബ്ദം വിശേഷണമായും പ്രയോഗിക്കേണ്ടി വന്നു. ഇന്നത്തെ മാറിയ പരിതഃസ്ഥിതിയിൽ അതു് അജാഗളസ്തനം പോലെ നിരർത്ഥകമായോ, നിരുപയോഗമായോ ചിലർക്കു തോന്നിയേക്കാം. എന്നാൽ ആ സംഘടനയുടെ ആവിർഭാവകാലംമുതൽ കേരളം ഒന്നായിത്തീരുന്നതുവരെ ആ വിശേഷണം അർത്ഥപൂർണ്ണമായിത്തന്നെ ഇരുന്നുവെന്ന് ആരും സമ്മതിക്കാതിരിക്കയില്ല.
പരിഷത്തിന്റെ ഉത്‌പത്തിചരിത്രം: ആർ. കുഞ്ഞൻ തമ്പാൻ, മേലങ്ങത്ത് അച്യുതമേനോൻ തുടങ്ങിയ ഏതാനും കലാപ്രണയികളുടെ പരിശ്രമഫലമായി ‘ഇടപ്പള്ളി സാഹിത്യസമാജം’ എന്ന പേരിൽ ഒരു സ്ഥാപനം 1102 തുലാം 29-ാംതീയതി (1926 നവംബർ 14) മുതൽ ഇടപ്പള്ളിയിൽ ഏർപ്പെടുത്തിയിരുന്നു. ഒന്നും മൂന്നും ഞായറാഴ്ചകളിലായി മാസത്തിൽ രണ്ടു തവണവീതമാണു് സമാജം നടത്തിവന്നതു്. ഇടപ്പള്ളി കൃഷ്ണരാജാവിൻ്റെ പുത്രൻ പി. കെ. കരുണാകരമേനവനായിരുന്നു സമാജത്തിൻ്റെ കാര്യദർശി. കൃഷ്ണരാജാവിൻ്റെ രക്ഷാധികാരത്തിലും പുത്രൻ്റെ കാര്യദർശിത്വത്തിലും നടന്നുവന്ന പ്രസ്തുതസമാജത്തിനു സാധാരണമട്ടിലുള്ള അരിഷ്ടതകളൊന്നും നേരിട്ടിരുന്നില്ല. പ്രസ്തുത സമാജത്തിൻ്റെ ദ്വാദശയോഗം വാർഷികമായി കൊണ്ടാടണമെന്നു സമാജപ്രവർത്തകന്മാർ ആലോചിക്കയും, കൃഷ്ണരാജാവിൻ്റെ സർവ്വവിധ പിന്തുണകളും ഉണ്ടായതോടെ ഇടപ്പള്ളിയിൽ വമ്പിച്ച ഒരു സാഹിത്യസഗ്ദ്ധിതന്നെ നടത്തണമെന്നു ഭാരവാഹികൾ തീരുമാനിക്കയും ചെയ്തു. അങ്ങനെയാണു് ഇടപ്പള്ളി കൃഷ്ണരാജാവിൻ്റെ രക്ഷാധികാരത്തിലും നേതൃത്വത്തിലും നടന്നുവന്ന ഒരു സാഹിത്യ സമാജത്തിൻ്റെ പ്രഥമവാഷികം, സമസ്തകേരള സാഹിത്യപരിഷത്തിൻ്റേയും സംഘടനയുടെയും പിറവിക്കു നിദാനമായിത്തീർന്നതു്.
