ഭാഷാഭിവൃദ്ധിപ്രസ്ഥാനങ്ങൾ (രണ്ടാംഭാഗം)
പ്രഥമസമ്മേളനം: 1927 ഏപ്രിൽ 24-ാംതീയതി കേരളത്തിൻ്റെ സംസ്ക്കാരചരിത്രത്തിൽ ഒരു നവയുഗം ആരംഭിച്ച സുദിനംതന്നെയായിരുന്നു. ഭാഷാപോഷിണി സഭ തിരോധാനം ചെയ്തശേഷം പുതുതായി മറെറാരു സാംസ്ക്കാരിക സംഘടനയുടെ — സാഹിത്യമഹാപരിഷത്തിൻ്റെ — ശിലാസ്ഥാപനം നിർവ്വഹിച്ച ശുഭദിനമായിരുന്നു അതു്. കൃഷ്ണ രാജാവിൻ്റെ പൂർണ്ണമായ നേതൃത്വത്തിലും ആതിഥ്യത്തിലും നടത്തിയ പ്രസ്തുതസമ്മേളനം, സർവ്വപ്രകാരേണയും സമസ്തകേരളീയ പ്രാതിനിധ്യത്തോടുകൂടിയതുമായിരുന്നു. കേരളസാഹിത്യകാരന്മാരായ മഹാരഥന്മാരിൽ മിക്കവരുംതന്നെ പ്രസ്തുത സമ്മേളനത്തിൽ പങ്കുകൊള്ളുകയുണ്ടായി. ഏപ്രിൽ 24, 25, 26 എന്നീ തീയതികളിലായി പഞ്ചമഹായോഗങ്ങളോടുകൂടിയാണു് സമ്മേളനപരിപാടികൾ നിർവ്വഹിക്കപ്പെട്ടത്.
ഇരുപത്തിനാലാം തീയതി രാവിലെ പതിനൊന്നുമണിക്കു നടന്ന പരിഷത്തിൻ്റെ ഒന്നാംസമ്മേളനത്തിൽ, സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള അദ്ധ്യക്ഷത വഹിച്ചു. പി. മധുസൂദനൻ ഭട്ടതിരിയുടെ ഈശ്വര പ്രാർത്ഥനയ്ക്കുശേഷം, മേലങ്ങത്തു് അച്യുതമേനോൻ സദസ്സിനു സ്വാഗതമരുളി. അദ്ധ്യക്ഷൻ്റെ പ്രൗഢോജ്ജ്വലമായ ഉപക്രമപ്രസംഗത്തെത്തുടന്ന് വി. എം. ഗോവിന്ദമേനോൻ ഒരു കവിത വായിക്കുകയും ടാഗോർ സാഹിത്യത്തെപ്പററി കുററിപ്പുഴ പി. കൃഷ്ണപിള്ള ഒരു പ്രബന്ധം പാരായണം ചെയ്യുകയുമുണ്ടായി. ജി. ശങ്കരക്കുറുപ്പിൻ്റെ ‘സന്ധ്യ താരം’ എന്ന കവിതാ പാരായണത്തോടുകൂടിയാണു് പ്രഥമസമ്മേളനം അവസാനിച്ചതു്.
