ഭാഷാഭിവൃദ്ധിപ്രസ്ഥാനങ്ങൾ (രണ്ടാംഭാഗം)
വൈകുന്നേരം നാലുമണിക്കാരംഭിച്ച 2-ാം സമ്മേളനത്തിൽ മഹാകവി ഉള്ളൂർ അദ്ധ്യക്ഷനായിരുന്നു. കെ. പി. കുറുപ്പൻ്റെ ‘സന്ധ്യാപ്രണാമ’ത്തുടന്നു, വാഗ്വിലാസത്തോടുകൂടിയ അദ്ധ്യക്ഷപ്രസംഗമാണു നടന്നതു്. അനന്തരം ആലത്തൂർ അനുജൻനമ്പൂരിപ്പാട്ടിലെ ഒരു കവിത, വിദ്വാൻ സി. പി. കൃഷ്ണനിളയതിൻ്റെ ഒരു പ്രബന്ധം, വെണ്ണിക്കുളം സി. എൻ. ഗോപാലക്കുറുപ്പിൻ്റെ കവിത എന്നിവ യഥാക്രമം പാരായണം ചെയ്യപ്പെട്ടു. ‘സാഹിത്യസാര’ത്തെ അധികരിച്ചുള്ള പ്രഫസർ പി. ശങ്കരൻനമ്പ്യാരുടെ പ്രസംഗത്തോടുകൂടി പ്രസ്തുത സമ്മേളനം അവസാനിച്ചു.
മൂന്നാം സമ്മേളനം, 25-ാം തീയതി രാവിലെ 11 മണിക്കാരംഭിച്ചു. രാമവർമ്മ അപ്പൻ തമ്പുരാനായിരുന്നു അദ്ധ്യക്ഷൻ. കെ. കെ രാജാവിൻ്റെ മംഗളഗാനത്തിനുശേഷം. അദ്ധ്യക്ഷൻൻ്റെ സുദീർഘവും സുമധുരമായ ഉപക്രമ പ്രസംഗമായിരുന്നു. തുടന്നു്. എം. കുഞ്ഞൻവാരിയരുടെ കവിതാപാരായണം. വിദ്വാൻ വറുഗീസ് തലക്കെട്ടിയുടെ പ്രബന്ധപാരായണം എന്നിവ മുറയ്ക്കു നടന്നു. അമ്പാടി കാർത്ത്യായനിയമ്മ ‘സ്ത്രീകളും സാഹിത്യവും’ എന്ന വിഷയത്തെ മുൻനിർത്തിച്ചെയ്ത ആകർഷകമായ വാചാ പ്രസംഗമായിരുന്നു അടുത്തതു്. കെ. പി. ശാസ്ത്രികളുടെ പദ്യപാരായണത്തോടുകൂടി മൂന്നാം സമ്മേളനം അവസാനിച്ചു.
