ഭാഷാഭിവൃദ്ധിപ്രസ്ഥാനങ്ങൾ (രണ്ടാംഭാഗം)
ഉച്ചകഴിഞ്ഞു നാലു മണിക്ക് നാലാം സമ്മേളനം ആരംഭിക്കുകയായി. മഹാകവി വള്ളത്തോൾ അദ്ധ്യക്ഷനായിരുന്നു. ചെറുളിയിൽ കുഞ്ഞുണ്ണി നമ്പീശൻ പ്രാർത്ഥനയ്ക്കു ശേഷം, അദ്ധ്യക്ഷൻ്റെ കാവ്യാധുരമായ ഉപക്രമപ്രസംഗമാരംഭിച്ചു. കുറ്റിപ്പുറത്തു കേശവൻനായർ, കല്ലന്മാർതൊടി രാമുണ്ണിമേനോൻ, വാരിക്കോലിൽ കേശവനുണ്ണിത്താൻ, മേലങ്ങത്ത് അച്യുതമേനോൻ എന്നിവരുടെ കവിതാപാരായണവും, വിദ്വാൻ സി. എസ്സ്. നായരുടെ ഒരു ഗദ്യപ്രബന്ധപാരായണവും യഥാക്രമം നടന്നു. കവിതയുടെ കമനീയത, സാഹിത്യവും സ്വാതന്ത്ര്യവും എന്നീ വിവിഷയങ്ങളെ അധികരിച്ചു് സി. ഐ. ഗോപാലപിള്ള, പുത്തേഴത്തു രാമമേനോൻ എന്നിവരുടെ ഓരോ വാചാപ്രസംഗമായിരുന്നു തുടർന്നു നടന്നതു്. അതോടുകൂടി നാലാം സമ്മേളനവും അവസാനിച്ചു. എല്ലാ സമ്മേളനങ്ങളുടേയും അവസാനത്തിൽ അതാതദ്ധ്യക്ഷന്മാർ സമ്മേളനപരിപാടികളെ പരാമശിച്ചു് ഉപസംഹാരപ്രസംഗം ചെയ്തിരുന്നുവെന്നുള്ളതും പ്രസ്താവയോഗ്യമാണു്.
ഇരുപത്താറാംതീയതി ഉച്ചതിരിഞ്ഞായിരുന്നു 5-ാം സമ്മേളനം. അതിൽ ചില റിപ്പോർട്ടുകളും പ്രമേയങ്ങളുമാണു് അവതരിപ്പിച്ചതു്. അദ്ധ്യക്ഷനായിരുന്ന എം. രാമവർമ്മതമ്പാൻ സ്വതസ്സിദ്ധമായ പ്രഭാഷണ ചാതുര്യത്തോടുകൂടി ഉപക്രമപ്രസംഗം ചെയ്തു. അനന്തരം സാഹിത്യ പരിഷത്തിൻ്റെ ജന്മത്തിനു കാരണമായിത്തീർന്ന ‘ഇടപ്പള്ളി സാഹിത്യ സമാജ’ത്തിൻ്റെ ഒരു ‘റിപ്പോർട്ട്’ കാര്യദർശി പി. കെ. കരുണാകര മേനോൻ യോഗത്തിൽ വായിച്ചു സമർപ്പിച്ചു. പിന്നീടു പരിഷത്തിൻ്റെ സ്ഥിരമായ നിലനില്പിനുവേണ്ടി അപ്പൻതമ്പുരാൻ, ഉള്ളൂർ, വള്ളത്തോൾ എന്നുതുടങ്ങി 33 പേരടങ്ങിയ ഒരു ‘പ്രവത്തകസംഘ’ത്തെ തിരഞ്ഞെടുക്കുകയും ചെയ്തു. ‘ഭാഷാചരിത്രനിർമ്മാണം.’ ‘സാഹിത്യമാസികാപ്രവ ത്തനം’, ‘ഗ്രന്ഥവിവർത്തനം’, ‘സാമ്പത്തികനില’, ‘നടപടിച്ചുരുക്കം’, ‘പഴയ പാട്ടുകളുടെ സംഭരണം’ എന്നിവയെക്കുറിച്ചു പ്രമേയങ്ങൾ അവതരിപ്പിച്ചു പാസ്സാക്കുകയാണു് അവസാനമായി ചെയ്തതു്. ഇങ്ങനെ സമസ്തകേരളസാഹിത്യപരിഷത്തിൻ്റെ പഞ്ചമഹായോഗങ്ങൾ കൈരളിയുടെ ഉയർച്ചയ്ക്കും വളർച്ചയ്ക്കും പര്യാപ്തമായ വിധത്തിൽ വിവിധ ചടങ്ങുകളോടുകൂടി എത്രയും മംഗളകരമായി അവസാനിച്ചു. ഇടപ്പള്ളിപ്പരിഷത്തിൻ്റെ നടപടിച്ചുരുക്കം പ്രഫ്‌സർ പി. ശങ്കരൻനമ്പ്യാർ എം. എ. ‘സാഹിത്യപ്രഭവം’ എന്ന പേരിൽ 1103-ൽ എറണാകുളം വിദ്യാവിനോദിനി അച്ചുക്കൂടത്തിൽ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.
