ഗദ്യസാഹിത്യചരിത്രം. ഇരുപത്തിനാലാമദ്ധ്യായം

ഭാഷാഭിവൃദ്ധിപ്രസ്ഥാനങ്ങൾ (രണ്ടാംഭാഗം)

പരിഷത്തിൻ്റെ ദ്വിതീയസമ്മേളനം 1927 ഡിസംബർ 30, 31 എന്നീ തീയതികളിൽ തൃശൂർ വിവേകോദയം ഹൈസ്കൂൾ സങ്കേതത്തിൽവച്ചാരംഭിച്ചു. അപ്പൻതമ്പുരാനായിരുന്നു സ്വാഗത സംഘാദ്ധ്യക്ഷൻ. മൂർക്കോത്തു കുമാരൻ. സി. പി. അച്യുതമേനോൻ, തരവത്ത് അമ്മാളുവമ്മ, എം. രാജരാജ വർമ്മ എന്നിവർ യഥാക്രമം സമ്മേളനങ്ങളിൽ ആദ്ധ്യക്ഷ്യം വഹിച്ചു. പണ്ഡിതന്മാരിൽ പലരുടേയും പ്രബന്ധങ്ങളും കവിതകളും ഓരോ യോഗത്തിലുമുണ്ടായിരുന്നു. ഒരു കലാപ്രദർശനംകൂടി പ്രസ്തുത സമ്മേളനത്തോടനുബന്ധിച്ചു നടത്തുകയുണ്ടായെന്നുള്ളത് ഒരു വിശേഷസംഗതിയാണു്. മഹാകവി ഉള്ളൂരായിരുന്നു കലാപ്രദർശനത്തിൻ്റെ ഉദ്ഘാടകൻ. ദ്വിതീയസമ്മേളനത്തിൻ്റെ റിപ്പോർട്ട് സമഗ്രമായി മംഗളോദയം പ്രസ്സിൽ അച്ചടിപ്പിച്ചു കൊച്ചി ഭാഷാപരിഷ്കരണക്കമ്മററിയിൽനിന്നു അപ്പൻ തമ്പുരാൻ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

തൃതിയസമ്മേളനം കോട്ടയ്ക്കൽവച്ച് 1928 ഡിസംബർ 29, 30 (1104 ധനു 15, 16) എന്നീ തീയതികളിൽ നാലു യോഗങ്ങളായി കൊണ്ടാടി. മള്ളൂർ ഗോവിന്ദപ്പിള്ള, കെ. സി. മാമ്മൻ മാപ്പിള, ബി. കല്യാണിയമ്മ, സി. എസ്സ്. സുബ്രഹ്മണ്യൻ പോറ്റി എന്നിവരായിരുന്നു യഥാക്രമം ഓരോ യോഗത്തിലും അദ്ധ്യക്ഷപദം അലങ്കരിച്ചവർ. കവിമാജത്തിലെ, അല്ല, ഭാഷാപോഷിണിസഭയിലെ സമ്പ്രദായത്തിൽ പ്രബന്ധപരീക്ഷ, കവിതാപരീക്ഷ, പാണ്ഡിത്യപരീക്ഷ ചില പരീക്ഷകളും ഈ തൃതീയ സമ്മേളനത്തിൽ നടത്തുകയുണ്ടായി. കൊച്ചി, തിരുവിതാംകൂർ, മലബാർ എന്നീ സ്ഥലങ്ങളിലെ വിദ്യാലയങ്ങളിൽ മലയാള പുസ്തകങ്ങൾ ഒന്നുതന്നെയായിരിക്കണമെന്നുള്ള അഭ്യർത്ഥന, നിഘണ്ടുനിമ്മാണത്തിനുവേണ്ടി മൂന്നു ഗവർമ്മേൻ്റെുകളോടും മദിരാശി സർവ്വകലാശാലയോടുമുള്ള അഭ്യർത്ഥന, കേരളഭാഷാപ്രണയികളെക്കുറിച്ചുള്ള ഗ്രന്ഥപരമ്പരയുടെ പ്രസിദ്ധീകരണത്തിനുള്ള നിർദ്ദേശം, എന്നു തുടങ്ങിയുള്ള പ്രമേയങ്ങൾ യോഗത്തിൽ അവതരിപ്പിക്കുകയും അഗീകരിക്കുകയും ചെയ്തു. പ്രസ്തുത സമ്മേളനത്തിൻ്റെ റിപ്പോർട്ട് കോട്ടയ്ക്കൽനിന്നു പി. വി. കൃഷ്ണവാര്യർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.